ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷ റദ്ദാക്കിയ സർക്കാർ തീരുമാനം തങ്ങളെ മാനസികമായി തളർത്തിയെന്ന് മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ. ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് പരീക്ഷ റദ്ദാക്കിയത് "ട്രോമാറ്റിക്" ആണെന്നും തങ്ങളുടെ കഠിനാധ്വാനം വെറുതെയായെന്നും വിദ്യാർത്ഥികൾ പ്രതികരിച്ചു.
മാസങ്ങളോളം ഉറക്കമില്ലാതെ പഠിച്ച് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് ഈ വാർത്ത ഉൾക്കൊള്ളാനായിട്ടില്ല. "ഇത് തികച്ചും അനീതിയാണ്, പരീക്ഷാ ഏജൻസിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണിത്," എന്ന് പരീക്ഷാർത്ഥികൾ മാധ്യമങ്ങളോട് പറഞ്ഞു.
പരീക്ഷ കഴിഞ്ഞ് വിശ്രമത്തിലേക്ക് കടന്ന വിദ്യാർത്ഥികൾക്ക് പെട്ടെന്ന് വീണ്ടും പരീക്ഷ എഴുതേണ്ടി വരുന്നത് വലിയ സമ്മർദമുണ്ടാക്കുന്നു. "പഠിച്ച കാര്യങ്ങൾ വീണ്ടും അതേ തീവ്രതയോടെ പഠിച്ചെടുക്കുക എന്നത് പ്രയാസകരമാണ്," എന്ന് തെലങ്കാനയിൽ നിന്നുള്ള ഒരു വിദ്യാർത്ഥി പ്രതികരിച്ചു. പരീക്ഷാ അഴിമതികൾ ഓരോ വർഷവും ആവർത്തിക്കുന്നത് പഠനത്തിൽ മികവ് പുലർത്തുന്ന കുട്ടികളുടെ ആത്മവിശ്വാസം തകർക്കുന്നുവെന്ന് രക്ഷിതാക്കളും ചൂണ്ടിക്കാട്ടി.
നിർഭാഗ്യകരമാണെങ്കിലും വിദ്യാർത്ഥികൾ പരിഭ്രാന്തരാകരുതെന്ന് പ്രമുഖ അധ്യാപകർ നിർദേശിച്ചു. പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത തിരിച്ചുപിടിക്കാൻ പുനഃപരീക്ഷ അനിവാര്യമാണെന്ന് ഇവർ ഓർമ്മിപ്പിക്കുന്നു.
മേയ് മൂന്നിന് നടന്ന പരീക്ഷയിൽ വലിയ തോതിലുള്ള അട്ടിമറി നടന്നുവെന്ന് സിബിഐ പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്. 720-ൽ 600 മാർക്കിനുള്ള ചോദ്യങ്ങളും പരീക്ഷയ്ക്ക് മുൻപ് പ്രചരിച്ച 'ഗെസ് പേപ്പറുകളിൽ' ഉണ്ടായിരുന്നുവെന്നാണ് വിവരം.
ഈ സാഹചര്യത്തിൽ പരീക്ഷ റദ്ദാക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നാണ് എൻടിഎയുടെ നിലപാട്. രാജ്യമെമ്പാടുമുള്ള 22.79 ലക്ഷം വിദ്യാർത്ഥികളാണ് ഇപ്പോൾ പുനഃപരീക്ഷാ തീയതിക്കായി കാത്തിരിക്കുന്നത്.
Tags : NEET Students Trauama Latest News