പ്രതീകാത്മക ചിത്രം
ചെന്നൈ: കരുർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള വിജയ് സർക്കാരിന്റെ തീരുമാനം മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ഭരണഘടനയുടെ 14, 16 അനുച്ഛേദങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതിയുടെ നിർണായക നടപടി. കഴിഞ്ഞ സെപ്റ്റംബറിൽ വിജയ് പങ്കെടുത്ത റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് കുട്ടികൾ ഉൾപ്പെടെ 41 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.
കോടതിയുടെ ഭാഗത്തുനിന്ന് കടുത്ത വിമർശനമാണ് വിഷയത്തിൽ ഉണ്ടായത്. ലക്ഷക്കണക്കിന് യുവാക്കൾ മത്സരപ്പരീക്ഷകൾ എഴുതി ജോലി കാത്തുനിൽക്കുമ്പോൾ ഇത്തരത്തിൽ പ്രത്യേകമായി സർക്കാർ ജോലി നൽകാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ദിവസവും റോഡ് അപകടങ്ങളിൽ നിരവധി പേർ മരിക്കുന്നുണ്ടെന്നും അങ്ങനെയെല്ലാം സംഭവിക്കുന്നവർക്കെല്ലാം സർക്കാർ ജോലി നൽകുമോയെന്നും കോടതി ചോദിച്ചു.
ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരിൽ 32 പേരുടെ അവകാശികൾക്ക് മുഖ്യമന്ത്രി ഇതിനോടകം ആശ്രിത നിയമന ഉത്തരവുകൾ കൈമാറിയിരുന്നു. ദുരിതബാധിതരായ കുടുംബങ്ങൾക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിയമനങ്ങൾ നടത്തിയതെന്നായിരുന്നു സർക്കാർ വാദം. എന്നാൽ സ്റ്റാറ്റ്യൂട്ടറി നടപടിക്രമങ്ങൾ കാറ്റിൽപ്പറത്തിയാണ് താൽക്കാലിക സർക്കാർ ജോലികൾ നൽകിയതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷവും വ്യാപക വിമർശനവുമായി രംഗത്തെത്തിയിരുന്നു.
തുടർന്ന് വിഷയം കോടതിയുടെ മുന്നിലെത്തുകയായിരുന്നു. അതേസമയം, വിജയ് താമസിച്ചെത്തിയതും മതിയായ കുടിവെള്ളം, ഭക്ഷണം, ശുചിമുറി സൗകര്യങ്ങൾ എന്നിവ ഒരുക്കുന്നതിലുണ്ടായ വീഴ്ചയുമാണ് ദുരന്തത്തിൽ കലാശിച്ചതെന്നാണ് പോലീസ് റിപ്പോർട്ടിലുള്ളത്. എന്നാൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയും ഗൂഢാലോചനയുമാണ് ദുരന്തത്തിന് കാരണമെന്നാണ് ടിവികെയുടെ ആരോപണം.
Tags : Vijay TVK Karur Stampede Madras High Court Compassionate Appointments