ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രണ്ടാം ആഴ്ചയിലും തുടരുന്നതിനിടെ രാജ്യത്തു പാചകവാതക ക്ഷാമം രൂക്ഷമാകുന്നു. പലയിടത്തും ഹോട്ടലുകൾ അടച്ചുപൂട്ടിത്തുടങ്ങി. പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ചില മുൻഗണനാ മേഖലകൾക്കു പാചകവാതകം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നടപടിയുമായി കേന്ദ്രസർക്കാർ രംഗത്തെത്തിയിട്ടുണ്ട്.
ദ്രവീകൃത പെട്രോളിയം വാതകത്തിന്റെ ഉത്പാദനം വർധിപ്പിക്കാനും ഗാർഹിക പാചകവാതകത്തിന്റെ വിതരണം ഉറപ്പാക്കാനുമായി സർക്കാർ അവശ്യവസ്തുനിയമം നടപ്പിലാക്കി. പശ്ചിമേഷ്യൻ സംഘർഷം ഊർജരംഗത്ത് ആശങ്ക സൃഷ്ടിച്ചിരിക്കുന്ന അവസരത്തിൽ ചില പ്രത്യേക മേഖലകളിലേക്ക് ഇന്ധനം വഴിതിരിച്ചുവിടുന്നുണ്ടെന്ന് ഇതുസംബന്ധിച്ച ഗസറ്റ് വിജ്ഞാപനത്തിൽ കേന്ദ്രം വ്യക്തമാക്കുന്നുണ്ട്.
വീടുകളിലേക്ക് പൈപ്പുകളിലൂടെ പാചകവാതകം എത്തിക്കുന്ന ഡൊമസ്റ്റിക് പൈപ്പ്ഡ് നാച്വറൽ ഗ്യാസ് (പിഎൻജി), വാഹന ഇന്ധനത്തിനായുള്ള കംപ്രസ്ഡ് നാച്വറൽ ഗ്യാസ് (സിഎൻജി), എൽപിജി എന്നിവയുടെ ഉത്പാദനത്തിനോടൊപ്പം വളം നിർമാണം, തേയില വ്യവസായങ്ങൾ മറ്റു വ്യാവസായിക ഗുണഭോക്താക്കൾ എന്നിവയെയാണു മുൻഗണനാ മേഖലകളിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
ഓരോ മേഖലയുടെയും പ്രാധാന്യമനുസരിച്ച് തട്ടുതട്ടായാണ് മുൻഗണന. ഇതനുസരിച്ച് ഡൊമസ്റ്റിക് പൈപ്പ്ഡ് നാച്വറൽ ഗ്യാസ്, വാഹന ഇന്ധനത്തിനായുള്ള സിഎൻജി, എൽപിജി ഉത്പാദനം തുടങ്ങിയവയ്ക്ക് ഇന്ധന വിതരണത്തിൽ ഏറ്റവും മുൻഗണന ലഭിക്കുന്പോൾ വളം നിർമാണ പ്ലാന്റ് ഉൾപ്പെടെയുള്ള വ്യവസായങ്ങൾക്ക് കുറഞ്ഞ പ്രാധാന്യമാണ്. വ്യവസായങ്ങൾക്കും വ്യവസായ ഗുണഭോക്താക്കൾക്കും ആവശ്യമായ ഇന്ധനമെത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും എണ്ണവിതരണ കന്പനികളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തര ഗുണഭോക്താക്കൾക്ക് ആവശ്യമായ എൽപിജി ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ കഴിഞ്ഞദിവസവും കേന്ദ്രം തങ്ങളുടെ അടിയന്തര അധികാരം പ്രയോഗിച്ചുള്ള അവശ്യവസ്തു നിയമം നടപ്പിലാക്കിയിരുന്നു.
അതിനിടെ, രാജ്യമെന്പാടും എൽപിജി ക്ഷാമം റിപ്പോർട്ട് ചെയ്യുന്നതിനിടെ ആശങ്ക ലഘൂകരിക്കാൻ കേന്ദ്രം മൂന്നംഗ സമിതിയെ രൂപീകരിച്ചു. സർക്കാർ സ്രോതസുകൾ നൽകുന്ന സൂചനയനുസരിച്ച് ഇന്ധന വിതരണത്തിലെ തടസത്തിന്റെ വ്യാപ്തി വിലയിരുത്തുക, ഹോട്ടൽ-റസ്റ്ററന്റ് വ്യവസായ അസോസിയേഷനുകളുമായി കൂടിയാലോചന നടത്തുക, സത്യസന്ധമായ വാണിജ്യ ആവശ്യങ്ങൾക്ക് ഇന്ധനം ഉറപ്പാക്കുക എന്നിവ സമിതിയുടെ ചുമതലകളാണ്.
എൽപിജി വിതരണം താഴേത്തട്ടിൽ പ്രതിസന്ധി നേരിടുകയാണെന്നും സർക്കാർ ഇടപെടൽ ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി ഫെഡറേഷൻ ഓഫ് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ (എഫ്എച്ച്ആർഐ) കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിക്ക് കത്തെഴുതിയതിനു പിന്നാലെയാണ് കേന്ദ്ര ഇടപെടൽ.
മൂന്നംഗ സമിതിയിൽ ഇന്ത്യൻ ഓയിൽ കോർപറേഷന്റെയും ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെയും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെയും എക്സിക്യൂട്ടീവ് ഡയറക്ടർമാരാണ് അംഗങ്ങളായുള്ളത്. അതേസമയം, എൽപിജി വിതരണത്തിലെ തടസങ്ങളിൽ ആശങ്ക ചൂണ്ടിക്കാട്ടി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കേന്ദ്രത്തിന് കത്തെഴുതിയിട്ടുണ്ട്.
മുംബൈ: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യത്തു പാചകവാതക ക്ഷാമം രൂക്ഷമായതോടെ വൻ നഗരങ്ങളിൽ ഭക്ഷണശാലകൾ അടച്ചുപൂട്ടുന്നതായി റിപ്പോർട്ട്. പ്രധാനമായും മുംബൈ, ബംഗളൂരു, ചെന്നൈ നഗരങ്ങളിലെ ചില ഭക്ഷണശാലകളാണ് അടച്ചുപൂട്ടിയത്.
സ്റ്റോക്ക് ലഭ്യമല്ലെന്നു പറഞ്ഞ് വിതരണക്കാർ എൽപിജി വാണിജ്യ സിലിണ്ടറുകളുടെ വിതരണം പൂർണമായും നിർത്തിവച്ചതാണു പ്രതിസന്ധിക്കു കാരണം. ചെന്നൈ, ബംഗളൂരു നഗരങ്ങളിൽ ഹോട്ടലുകളിലേക്കുള്ള വാണിജ്യ എൽപിജി വിതരണം മുടങ്ങിയതായി ചെന്നൈ ഹോട്ടൽസ് അസോസിയേഷനും ബംഗളൂരു ഹോട്ടൽസ് അസോസിയേഷനും ചൂണ്ടിക്കാട്ടി.
ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ രാജ്യാന്തര ഇന്ധനനീക്കം തടസപ്പെട്ടിരിക്കുകയാണ്. ഇന്ത്യയെയാണ് ഇത് ഏറ്റവും കൂടുതൽ ദോഷകരമായി ബാധിച്ചിരിക്കുന്നത്. പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞദിവസം ഗാർഹിക പാചകവാതക സിലിണ്ടറിന് 60 രൂപയും വാണിജ്യ സിലിണ്ടറിന് 115 രൂപയും വർധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാചക വാതകത്തിന്റെ കടുത്ത ക്ഷാമവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
Tags : Middle East War Cooking gas shortage gas cylinder Essential Commodities Act