ന്യൂഡൽഹി: മതപരമായ വിഷയങ്ങളിൽ തീരുമാനങ്ങൾ കൈക്കൊള്ളുന്പോൾ ജഡ്ജിമാരും കോടതികളും വ്യക്തിപരമായ മതവിശ്വാസങ്ങൾക്ക് അതീതമായി ചിന്തിക്കണമെന്നും മനഃസാക്ഷിയും ഭരണഘടനാ ചട്ടക്കൂടും അതിനെ നയിക്കണമെന്നും സുപ്രീംകോടതി.
ശബരിമല യുവതീപ്രവേശന വിഷയമടക്കം പരിഗണിക്കുന്ന ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ഒന്‍പതംഗ ഭരണഘടനാബെഞ്ചിന്റേതാണു നിരീക്ഷണം.
അതേസമയം, ആർത്തവകാലത്ത് ദക്ഷിണേന്ത്യയിലെ സ്ത്രീകൾ ക്ഷേത്രദർശനങ്ങളിൽനിന്നു സ്വമേധയാ വിട്ടുനിൽക്കുന്ന ശീലമാണ് പിന്തുടരുന്നതെന്ന് ആത്മാർത്ഥ ട്രസ്റ്റിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എം.ആർ. വെങ്കിടേശ് വാദിച്ചു.
ഇതൊരു വിവേചനമല്ലെന്നും മറിച്ച് തലമുറകളായി കൈമാറി വരുന്ന വിശ്വാസത്തിന്റെ ഭാഗമായുള്ള അലിഖിത നിയമമാണെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു. ക്ഷേത്രങ്ങളിൽ മാത്രമല്ല, വീടുകളിലെ പൂജാമുറികളിൽപ്പോലും ഈ കാലയളവിൽ സ്ത്രീകൾ പ്രവേശിക്കാറില്ലെന്നും ഇതിനു ശാസ്ത്രീയമായ വിശദീകരണങ്ങൾ നൽകാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമലയിലെ ആചാരങ്ങളെ വെല്ലുവിളിക്കാനായി ആരും അവിടെ പ്രവേശിക്കരുതെന്ന് ക്ഷേത്രം തന്ത്രി കണ്ഠര് രാജീവര് സുപ്രീംകോടതിയിൽ വ്യക്തമാക്കി. ഓരോ ക്ഷേത്രത്തിനും അവിടുത്തെ പ്രതിഷ്ഠയ്ക്കും അതിന്റേതായ സവിശേഷതകളുണ്ട്. ഹിന്ദുമതത്തിൽ വിഗ്രഹാരാധന എന്നത് ഒഴിവാക്കാനാകാത്ത ഘടകമാണ്.
ആരാധനയിലൂടെ വിഗ്രഹം ദൈവമായി മാറുന്നു. ക്ഷേത്രം എന്നത് ഒരു മ്യൂസിയം പോലെ സന്ദർശിക്കേണ്ട ഇടമല്ലെന്നും തന്ത്രിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വി. ഗിരി വ്യക്തമാക്കി. ഭരണഘടനാബെഞ്ചിലെ വാദം ചൊവ്വാഴ്ച വീണ്ടും പുനരാരംഭിക്കും. സംസ്ഥാനസർക്കാർ അന്നേദിവസം തങ്ങളുടെ വാദങ്ങൾ ഉന്നയിച്ചേക്കും.
Tags : Supreme Court Sabarimala Chief Justice Surya Kant medieval period