ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ ചികിത്സ ലഭിക്കാതെ യുവതി ആശുപത്രി ഗേറ്റിന് മുന്നിൽ മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ പ്രസവിച്ചു. ഫരീദാബാദ് സെക്ടർ ത്രീയിലുള്ള ഫസ്റ്റ് റഫറൽ യൂണിറ്റ് ആശുപത്രിയിലാണ് സംഭവം.
സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. രാത്രികാല ഡ്യൂട്ടി ക്രമീകരണങ്ങളിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഗുരുതരമായ വീഴ്ചയുടെയും അനാസ്ഥയുടെയും പേരിൽ രണ്ട് ആശുപത്രി ജീവനക്കാരെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.
ബാഡോലി ഗ്രാമത്തിൽ നിന്നുള്ള ബാലേഷ് എന്ന യുവതിക്കാണ് ദുരവസ്ഥ നേരിടേണ്ടി വന്നത്. പുലർച്ചെ 1.40ഓടെയാണ് യുവതിയെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ എത്തിയപ്പോൾ പ്രധാന ഗേറ്റ് പൂട്ടിയ നിലയിലായിരുന്നു.
അടിയന്തിര സഹായത്തിനായി ഡോക്ടർമാരോ മറ്റ് ജീവനക്കാരോ ഉണ്ടായിരുന്നില്ല. ബന്ധുക്കൾ ആശുപത്രി ജീവനക്കാരെ പലതവണ സമീപിച്ചെങ്കിലും ആരും സഹായിച്ചില്ല. തുടർന്ന് യുവതി ആശുപത്രിയുടെ പാർക്കിംഗ് ഏരിയയിൽ പ്രസവിക്കുകയായിരുന്നു.
പ്രസവത്തിന് പിന്നാലെ അമ്മയെയും കുഞ്ഞിനെയും ആശുപത്രി കെട്ടിടത്തിനുള്ളിലേക്ക് മാറ്റിയതായും ഇരുവർക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും അധികൃതർ അറിയിച്ചു.
Tags : Faridabad Haryana health department