യുഎസ് പതാക
ബെർലിൻ: ചരിത്രത്തിൽ ഒരിക്കലും മായാത്ത കറുത്ത ഏടായി മാറിയ അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് കാൽനൂറ്റാണ്ട്. ലോകത്തെ മുഴുവൻ ഞെട്ടിച്ച 9/11 ഭീകരാക്രമണത്തിന്റെ 25-ാം വാർഷികത്തിൽ അന്നത്തെ സംഭവങ്ങളും അവ ലോകരാഷ്ട്രങ്ങളിൽ വരുത്തിയ ദൂരവ്യാപകമായ മാറ്റങ്ങളും പുനർവായിക്കുകയാണ് ജർമനിയടക്കമുള്ള രാജ്യങ്ങൾ.
ന്യൂയോർക്കിലെ ഇരട്ടഗോപുരങ്ങൾ തകർന്നു വീഴുന്ന ദൃശ്യങ്ങൾ കണ്ട് വിറങ്ങലിച്ചു നിന്ന ലോകത്തോട് അന്നത്തെ (1999 - 2004) ജർമൻ പ്രസിഡന്റായിരുന്ന യൊഹാനസ് റൗ പറഞ്ഞത് "ഈ ദിവസം ലോകത്തെ മാറ്റിമറിച്ചിരിക്കുന്നു' എന്നായിരുന്നു.
ആ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട ഏകദേശം 3,000 പേരിൽ 92 രാജ്യങ്ങളിൽ നിന്നുള്ളവരുണ്ടായിരുന്നു. അതിൽ 11 പേർ ജർമൻ പൗരന്മാരായിരുന്നു എന്നത് രാജ്യത്തിന് ഏൽപ്പിച്ച ആഘാതം വലുതായിരുന്നു.
ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച "ഹാംബർഗ് സെൽ' എന്ന ഭീകരസംഘത്തിന്റെ കേന്ദ്രം ജർമനിയായിരുന്നു എന്നത് രാജ്യാന്തരതലത്തിൽ വലിയ സുരക്ഷാ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
അൽ-ഖ്വെയ്ദ ബന്ധമുള്ള ഈ സംഘത്തിന്റെ സൂത്രധാരൻ മുഹമ്മദ് അത്ത ഉൾപ്പെടെയുള്ളവർ ഹാംബുർഗിലാണ് താമസിച്ചിരുന്നത്. ഈ സംഭവത്തിന് പിന്നാലെ ജർമ്മൻ സർക്കാർ ആഭ്യന്തര സുരക്ഷ ശക്തമാക്കുകയും കടുത്ത നിയമ നിർമ്മാണങ്ങൾ നടപ്പിലാക്കുകയും ചെയ്തു.
ഭീകരവാദത്തിനെതിരേ സമാനതകളില്ലാത്ത ഐക്യദാർഢ്യമാണ് അന്നത്തെ ചാൻസലർ ഗെഹാർഡ് ഷ്രോഡർ അമേരിക്കയ്ക്ക് വാഗ്ദാനം ചെയ്തത്. തുടർന്ന് രാജ്യത്ത് ആന്റി-ടെററിസം നിയമങ്ങൾ പ്രാബല്യത്തിൽ വരികയും സുരക്ഷാ ഏജൻസികളുടെ അധികാരങ്ങൾ വർധിപ്പിക്കുകയും ചെയ്തു.
എങ്കിലും മുറാദ് കുർനാസ് പോലുള്ള ജർമ്മൻ പൗരന്മാർ ഗുവാന്തനാമോ തടങ്കൽ പാളയത്തിൽ അനുഭവിക്കേണ്ടി വന്ന പീഡനങ്ങൾ പിന്നീട് ജർമൻ രാഷ്ട്രീയത്തിലും വലിയ കോളിളനങ്ങൾ സൃഷ്ടിച്ചിരുന്നു.
ഭീകരവാദത്തിനെതിരേയുള്ള പോരാട്ടത്തിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനിലെ താലിബാനു എതിരായ യുദ്ധത്തിലും ജർമൻ സൈന്യമായ ബുണ്ടസ്വേർ പങ്കാളിയായി. രണ്ട് പതിറ്റാണ്ടോളം നീണ്ടുനിന്ന ആ സംഘർഷത്തിൽ നിരവധി അന്താരാഷ്ട്ര സൈനികർക്കൊപ്പം ജർമൻ സൈനികർക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു.
25 വർഷങ്ങൾക്കിപ്പുറവും 9/11 വരുത്തിയ ആഘാതങ്ങളും ഭീകരവാദത്തിനെതിരേയുള്ള കരുതലും ലോകരാഷ്ട്രങ്ങൾ അതീവ ഗൗരവത്തോടെയാണ് ഓർമിക്കുന്നത്.
Tags : 25Yearsof9/11 DarkDay Germany