ഡാളസിൽ വക്കച്ചൻ മറ്റത്തിലിന് സ്വീകരണം നൽകി
Wednesday, June 19, 2019 9:28 PM IST
ഗാർലന്‍റ് (ഡാളസ്) : മുൻ രാജ്യസഭാംഗവും വ്യവസായിയുമായ വക്കച്ചൻ മറ്റത്തിലിനു ഡാളസ് കേരള അസോസിയേഷൻ സ്വീകരണം നൽകി. ജൂൺ 17 ന് അസോസിയേഷൻ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്‍റ് റോയ് കൊടുവത്ത് അധ്യക്ഷത വഹിച്ചു. ട്രഷറർ പ്രസാദ് നാഗനൂലിൽ മുഖ്യാതിഥിയെ പരിചയപ്പെടുത്തി.കേരള രാഷ്ട്രീയത്തിൽ നിർണായക സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു വക്കച്ചൻ മറ്റത്തിലെന്ന് പ്രസാദ് പറഞ്ഞു.

അധ്യക്ഷ പ്രസംഗത്തിൽ റോയ് കൊടുവത്ത് കേരള അസോസിയേഷന്‍റെ വിവിധ പ്രവർത്തനങ്ങളെ കുറിച്ചു വിശദീകരിക്കുകയും കേരള അസോസിയേഷൻ ഓഫിസ് സന്ദർശിക്കുന്നതിന് താൽപര്യം പ്രകടിപ്പിച്ച മുൻ എംപിയെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

തുടർന്നു പ്രസംഗിച്ച വക്കച്ചൻ മറ്റത്തിൽ അമ്പതു വർഷങ്ങൾക്കു മുമ്പു അമേരിക്കയിൽ ഉപരിപഠനത്തിനായി എത്തിയിരുന്നുവെന്നും അമേരിക്കൻ മലയാളികളുടെ ജീവിത രീതിയെ കുറിച്ചു പഠിക്കുവാൻ അവസരം ലഭിച്ചിരുന്നതായും കേരള അസോസിയേഷന്‍റെ പ്രവർത്തനങ്ങൾ സമൂഹത്തിനു പ്രയോജനകരമായി തീരട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. അസോസിയേഷൻ സെക്രട്ടറി ഡാനിയേൽ കുന്നേൽ നന്ദി പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ