ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയണ്‍ യുവജനോത്സവ രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് നടന്നു
Sunday, July 21, 2019 2:54 PM IST
ന്യൂജഴ്‌സി: അമേരിക്കന്‍ മലയാളികളുടെ സാംസ്‌കാരിക സംഘടനയായ ഫോമായുടെ മിഡ് അറ്റ്‌ലാന്റിക് റീജിയന്റെ യുവജനോത്സവം 2019 -ന്റെ രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് ജൂലൈ 13-നു ശനിയാഴ്ച വൈകിട്ട് ഏഴിനു എഡിസണിലുള്ള ജെയിഡ് ഡൈനാസ്റ്റി ചൈനീസ് റെസ്റ്റോറന്റ് പാര്‍ട്ടി ഹാളില്‍ ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ നിര്‍വഹിച്ചു. മിഡ് അറ്റ്‌ലാന്റിക് റീജിയന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 19ന് രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെ ഫിലാഡല്‍ഫിയായിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചാണ് 'യുവജനോത്സവം 2019'.

ഫോമായുടെ ഭവന പദ്ധതിയുടെ വിജയകരമായ പൂര്‍ത്തീകരണത്തിലൂടെ, ഫോമ എന്ന സംഘടന ആഗോളതലത്തില്‍ ശ്രദ്ധ നേടിയതി ലുള്ള സന്തോഷം അദ്ദേഹം സദസ്സുമായി പങ്കുവച്ചു. റീജിയണല്‍ വൈസ് പ്രസിഡന്റ് ബോബി തോമസിന്റെ നേതൃത്വത്തില്‍ മിഡ് അറ്റ്‌ലാന്റിക് റീജിയണ്‍ പൂര്‍വ്വാധികം ശക്തിയോടെ മുന്നോട്ടു കുതിക്കുന്നതില്‍ ഫോമാ പ്രസിഡന്റ് എന്ന നിലയില്‍ താന്‍ അഭിമാനിക്കുന്നുവെന്നും, ഒക്ടോബറില്‍ നടക്കുന്ന യുവജനോത്സവം ഒരു വന്‍ വിജയമാവും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു . ആര്‍ട്‌സ് ചെയര്‍മാന്‍ തോമസ് ഏബ്രാഹാം തയ്യാറാക്കിയ ഫോമാ റീജിയണല്‍ യൂത്ത് ഫെസ്റ്റിവല്‍ വെബ് സൈറ്റ് ലോഞ്ചിങ്ങും തദവസരത്തില്‍ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ നിര്‍വഹിച്ചു. നടക്കാന്‍ പോകുന്ന യൂത്ത് ഫെസ്റ്റിവലിന്റെ ഏകദേശ രൂപം ആര്‍ട്ട്‌സ് ചെയര്‍മാന്‍ വിവരിച്ചു.

ഫോമാ ട്രെഷറര്‍ ഷിനു ജോസഫ്, വില്ലേജ് പദ്ധതി ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ്, ബോബി തോമസ്, ജിബി തോമസ്, സണ്ണി ഏബ്രാഹാം, ദിലീപ് വര്‍ഗീസ്, മിത്രാസ് രാജന്‍ എന്നിവരും, വിവിധ സംഘടനകളുടെ പ്രതിനിധികളും യുവജനോത്സവത്തിന്റെ വന്‍ വിജയത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് പ്രസംഗിച്ചു. റീജിയണല്‍ വൈസ് പ്രസിഡന്റ് ബോബി തോമസും സെക്രട്ടറി തോമസ് ചാണ്ടിയും ചേര്‍ന്ന് വന്നുചേര്‍ന്ന വിശിഷ്ടാതിഥികളെ സദസ്സിന് പരിചയപ്പെടുത്തി സ്വാഗതം അരുളി. അത്താഴ വിരുന്നോടുകൂടി അവസാനിച്ച യോഗത്തില്‍, വന്നുചേര്‍ന്ന ഏവര്‍ക്കും ട്രഷറാര്‍ ജോസഫ് സക്കറിയാ നന്ദി പറഞ്ഞു. റീജിയന്‍ തലത്തിലെ മറ്റു ഫോമാ നേതാക്കളും പ്രസ്തുത ചടങ്ങില്‍ സന്നിഹതായിരുന്നു.

യുവജനോത്സവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ബോബി തോമസ് (റീജിയണല്‍ വൈസ് പ്രസിഡന്റ്): 8628120606, തോമസ് ചാണ്ടി (സെക്രട്ടറി): 2014465027, തോമസ് ഏബ്രാഹാം: (ആര്‍ട്‌സ് ചെയര്‍മാന്‍) 2672358650.

റിപ്പോര്‍ട്ട്: രാജു ശങ്കരത്തില്‍, ഫോമാ ന്യൂസ് ടീം