റെജി ചെറിയാന്‍ അറ്റ്ലാന്‍റയിൽ നിര്യാതനായി
Friday, September 13, 2019 7:26 PM IST
അറ്റലാന്‍റ: അമേരിക്കയിലെ മലയാളി സംഘടനയായ ഫോമയുടെ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്ക ) സമുന്നത നേതാവും കോഴഞ്ചേരി തേവർവേലിൽ വലിയവീട്ടിൽ പരേതരായ വി.സി. ചെറിയാന്‍റേയും ലില്ലി ചെറിയാന്‍റേയും മകൻ റെജി ചെറിയാന്‍ (ലാലു) അറ്റ്ലാന്‍റയിൽ നിര്യാതനായി. സംസ്കാരം പിന്നീട് അറ്റ്ലാന്‍റയിൽ നടക്കും.

ഭാര്യ: ആനി ചെറിയാൻ പുത്തൻകാവ് സ്വദേശിയാണ്. മക്കൾ: ലീന ചെറിയാൻ, അലൻ ചെറിയാൻ. സഹോദരങ്ങൾ: അനു ചെറിയാൻ (കോഴഞ്ചേരി), സജി ചെറിയാൻ (ന്യൂയോർക്ക്), ബിജു മാത്യു ചെറിയാൻ (ഓസ്റ്റിൻ).

പരേതൻ ഫോമ റീജിയണല്‍ വൈസ് പ്രസിഡന്‍റ് ആയിരുന്നു. അറ്റ്ലാന്‍റ മെട്രോ മലയാളി അസോസിയേഷന്‍ അമ്മയുടെ സ്ഥാപ നേതാക്കളിൽ പ്രമുഖൻ. ഓർത്തോഡോക്സ് യുവജന പ്രസ്ഥാനത്തിലൂടെയും ബാലജനസഖ്യത്തിലൂടെയും സാംസ്‌കാരിക പ്രവര്‍ത്തനത്തിലേക്ക് കടന്നുവന്ന റജി ചെറിയാൻ കേരളാ കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ഥി സംഘടനാ പ്രസ്ഥാനമായ കെഐസ് സിയിലൂടെ രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തനം തുടങ്ങി. 1990 -ല്‍ അമേരിക്കയിൽ എത്തി. പിന്നീട് ന്യുയോർക്ക് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍, അറ്റ്ലാന്‍റ കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍, ഗാമാ അസോസിയേഷന്‍, ഗാമയുടെ വൈസ് പ്രസിഡന്‍റ്, അറ്റ്ലാന്‍റ മെട്രോ മലയാളി അസോസിയേഷന്‍ എന്നീ സംഘടനകളില്‍ അംഗമായും പ്രസിഡന്‍റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അമേരിക്കന്‍ മലയാളികള്‍ക്കായി നിരവധി സ്റ്റേജ് ഷോകള്‍ കൊണ്ടുവരികയും അതില്‍ നിന്നും ലഭിക്കുന്ന ലാഭം കേരളത്തിലെ ചാരിറ്റി പ്രവര്‍വത്തനങ്ങള്‍ക്കു ഉപയോഗിക്കുകയും ചെയ്തു. ഫ്‌ളോറിഡയിലും ടെക്‌സസിലും പ്രകൃതി ദുരന്തത്തില്‍പെട്ട കുടുംബങ്ങളെ സഹായിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ കോ ഓര്‍ഡിനേറ്റ് ചെയ്ത വിജയിപ്പിക്കുന്നതില്‍ വലിയ പങ്കാണ് റെജി ചെറിയാന്‍ വഹിച്ചത്. 2003 മുതല്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തു സജീവമായി പ്രവർത്തിച്ചു വരികയായിരുന്നു.

വിവരങ്ങൾക്ക്: സജി ചെറിയാൻ ‭ 914 512-7060

റിപ്പോർട്ട്: ജോൺസൺ പുഞ്ചക്കോണം