ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഗാന്ധിജയന്തി ആഘോഷിച്ചു
Friday, October 11, 2019 10:37 PM IST
ന്യൂയോര്‍ക്ക്: ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നൂറ്റമ്പതാം ജന്മദിനം ഒക്‌ടോബര്‍ 2 ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സമുചിതമായി ആഘോഷിച്ചു. മന്‍ഹാട്ടനില്‍ യൂണിയന്‍ സ്ക്വയറില്‍ സ്ഥാപിച്ചിരിക്കുന്ന മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്കുമുന്നില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്‍റ് മന്‍മോഹന്‍സിംഗ്, കേരള ചാപ്റ്റര്‍ പ്രസിഡന്‍റ് ലീല മാരേട്ട്, വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം. സെക്രട്ടറി ഹര്‍ബചന്‍ സിംഗ്, വൈസ് പ്രസിഡന്റുമാരായ ജോസ് ചാരുംമൂട്, മാലിനി ഷാ, സെക്രട്ടറി രാജേന്ദര്‍ ഡിച്ചിപ്പള്ളി, രാജേശ്വര്‍ റെഡ്ഡി, പോള്‍ കറുകപ്പള്ളി എന്നിവര്‍ പുഷ്പാര്‍ച്ചന നടത്തി.

തുടര്‍ന്നു ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ പ്രസിഡന്‍റ് മന്‍മോഹന്‍ സിംഗ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹര്‍ബചന്‍ സിംഗ് സ്വാഗതം ആശംസിച്ചു. സമ്മേളനത്തില്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം മഹാത്മാഗാന്ധിയുടെ സ്തുത്യര്‍ഹമായ സേവനങ്ങളെ പ്രകീര്‍ത്തിച്ച് സംസാരിച്ചു.

ഗാന്ധിജിയുടെ നേതൃത്വത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റു, വല്ലഭായി പട്ടേല്‍, മറ്റു നേതാക്കള്‍ എന്നിവര്‍ക്കൊപ്പം രൂപംനല്‍കിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ഭാഗഭാക്കാകാന്‍ അവസരം ലഭിച്ചതിൽ ലീലാ മാരേട്ട് അഭിമാനം പ്രകടിപ്പിച്ചു.

ദണ്ഡിയാത്ര, ജയില്‍വാസം, ഉപവാസം, ലളിതജീവിതം എന്നിവയില്‍ക്കൂടി ഇന്ത്യയ്ക്ക് നേടി തന്ന സ്വാതന്ത്ര്യം ലോകത്തിനുതന്നെ മഹത്തായ മാതൃകയും അനുകരണീയവുമാണെന്ന് ജോസ് ചാരുംമൂട് അഭിപ്രായപ്പെട്ടു.

ഗാന്ധിജിയുടെ ജന്മദിനമായ ഒക്‌ടോബര്‍ 2 യുണൈറ്റഡ് നേഷന്‍സ് ആഗോള അഹിംസാദിനമായി ആചരിക്കുന്നത് ഭാരതീയരെ സംബന്ധിച്ചടത്തോളം അഭിമാനാര്‍ഹമാണെന്നു പോള്‍ കറുകപ്പള്ളി പ്രസ്താവിച്ചു.

ഒക്‌ടോബര്‍ 6 ന് ന്യൂജേഴ്‌സി ഫെയര്‍ ബ്രിഡ്ജ് ഹോട്ടലില്‍ നടക്കുന്ന മഹാത്മാഗാന്ധിയുടെ ജന്മദിനാഘോഷങ്ങളിൽ സംബന്ധിക്കാന്‍ മൊഹീന്ദര്‍സിംഗ് ഏവരേയും ആഹ്വാനം ചെയ്തു. നൂറ്റമ്പതാം ജന്മദിനം ആഘോഷിക്കുന്നവേളയില്‍ കഴിയുന്നത്ര യോഗങ്ങള്‍ സംഘടിപ്പിക്കുവാന്‍ നിര്‍ദേശിച്ചു.

2020 ജനുവരി 30-നു മന്‍ഹാട്ടനില്‍ വിപുലമായി ഗാന്ധിജയന്തി ആഘോഷിക്കുവാന്‍ മാലിനി ഷായുടെ നേതൃത്വത്തിലുള്ള കമ്മിറ്റി തീരുമാനിച്ചു. അതിലേക്ക് ഏവരേയും ഹാര്‍ദമായി സ്വാഗതം ചെയ്തുകൊണ്ട് യോഗം പര്യവസാനിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം