ഹോഡ മുത്താനക്ക് അമേരിക്കൻ പൗരത്വത്തിനു അർഹതയില്ലെന്ന് യുഎസ് കോടതി
Saturday, November 16, 2019 4:40 PM IST
ന്യൂജേഴ്സി: അമേരിക്കയിൽ ജനിച്ച് ഇപ്പോൾ സിറിയൻ അഭയാർഥി ക്യാന്പിൽ കഴിയുന്ന ഹോഡ മുത്താന (25)യ്ക്ക് അമേരിക്കൻ പൗരത്വത്തിനു അർഹതയില്ലെന്നും ഇക്കാരണത്താൽ രാജ്യത്തേക്ക് തിരിച്ചുവരണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും കോടതി.

നവംബർ 15 നായിരുന്നു സുപ്രധാന ഉത്തരവ്. ന്യൂജേഴ്സിയിലെ ബിർഹിഹാമിൽ മാതാപിതാക്കളോടൊപ്പം കഴിഞ്ഞിരുന്ന ഇവർ 2014 ൽ ഇരുപതാമത്തെ വയസിൽ ഐഎസിൽ ചേരുന്നതിനായി സിറിയയിലേക്ക് പോയി. ഒടുവിൽ അവിടെ നിന്നു രക്ഷപ്പെട്ടു സിറിയൻ അഭയാർഥി ക്യാന്പിൽ കഴിയുകയാണിപ്പോൾ. സിറിയയിൽ കഴിയുന്നതിനിടെ മൂന്നു ഐഎസ് ഭീകരരുടെ ഭാര്യയാകേണ്ടിവന്ന മുത്താന മകനുമായിട്ടാണ് ക്യാന്പിൽ കഴിയുന്നത്. ക്യാന്പിലെ ജീവിതം തന്‍റെ ജീവന് ഭീഷണിയുള്ളതായി ഇവർ പറയുന്നു.

മുത്താനയുടെ അച്ഛൻ അമേരിക്കയിൽ യമനി ഡിപ്ലോമാറ്റ് ആയിരുന്നപ്പോഴാണ് മുത്താനയുടെ ജനനം. ഡിപ്ലോമാറ്റ് സ്റ്റാറ്റസിലുള്ളവർക്ക് മക്കൾ ജനിച്ചാൽ നിലവിലുള്ള നിയമ പ്രകാരം അമേരിക്കൻ പൗരത്വത്തിന് അവകാശമില്ല. ഈ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് ജഡ്ജിയുടെ വിധി. എന്നാൽ മുത്താനയ്ക്കുവേണ്ടി ഹാജരായ അറ്റോർണി, മുത്താന ജനിക്കുന്നതിന് ഒരു മാസം മുന്പ് ഡിപ്ലോമാറ്റ് പദവി പിതാവിന് നഷ്ടപ്പെട്ടിരുന്നുവെന്നും അതുകൊണ്ടു തന്നെ മുത്താന ഈ നിയമ പരിധിയിൽ ഉൾപ്പെടുന്നില്ലെന്നും വാദിച്ചു. കോടതി ഇത് അംഗീകരിച്ചില്ല. ഇതോടെ ന്യൂജേഴ്സിയിൽ ജനിച്ചു വളർന്ന മുത്താനയ്ക്കും സിറിയയിൽ ജനിച്ച മകനും അമേരിക്കയിലേക്ക് മടങ്ങി വരുന്നതിനുള്ള സാധ്യതകൾ ഇല്ലാതായി.

റിപ്പോർട്ട്: പി.പി. ചെറിയാൻ