ഒക് ലഹോമ വാഹനാപകടത്തിൽ വനിത ഡെപ്യൂട്ടി പോലീസ് ഓഫീസർ കൊല്ലപ്പെട്ടു
Saturday, February 15, 2020 4:52 PM IST
കനേഡിയൻ കൗണ്ടി, ഒക് ലഹോമ: ഒക് ലഹോമ നോർത്ത് വെസ്റ്റ് എക്സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തിൽ വനിത പോലീസ് ഓഫീസർ കൊല്ലപ്പെട്ടു. കനേഡിയൻ കൗണ്ടി ഡെപ്യൂട്ടി പോലീസ് ഓഫീസർ ഷെർലി ലാനിംഗ് ആണ് കൊല്ലപ്പെട്ടത്. ഡ്യൂട്ടിക്കിടെ വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം.

നോർത്ത് വെസ്റ്റ് എക്സ്പ്രസ് വേയിലൂടെ യാത്ര ചെയ്തിരുന്ന ഷെർലിയുടെ വാഹനം ഈസ്റ്റ് ബൗണ്ടിലൂടെ വന്നിരുന്ന വാഹനവുമായി കൂട്ടി ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനത്തിൽ യാത്ര ചെയ്തിരുന്ന രണ്ടു പേർക്കു നിസാരമായി പരിക്കേറ്റു.ഇടിയുടെ ആഘാതത്തിൽ ഷെർലി വാഹനത്തിൽ നിന്നും പുറത്തേക്കു തെറിച്ചു വീണു സംഭവ സ്ഥലത്തു തന്നെ മരിച്ചതായി കനേഡിയൻ കൗണ്ടി പോലീസ് അറിയിച്ചു.

1980 ലാണ് ഇവർ പോലീസ് സർവീസിൽ പ്രവേശിച്ചത്. ഒക് ലഹോമ കൗണ്ടി പോലീസ് ഓഫീസിൽ നിന്നും റിട്ടയർ ചെയ്ത ശേഷമാണ് ഷെർലി കനേഡിയൻ കൗണ്ടി പോലീസിൽ ജോലിയിൽ പ്രവേശിച്ചത്. യൂണിവേഴ്സിറ്റി ഓഫ് സെൻട്രൽ ഒക് ലഹോമ കാന്പസിലും ഇവർ പ്രവർത്തിച്ചിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ