ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ പന്ത്രണ്ടാമത് ഡിബേറ്റ് അനിശ്ചിതത്വത്തില്‍
Friday, March 27, 2020 4:33 PM IST
ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് പദത്തിലേയ്ക്കു മത്സരിക്കുവാന്‍ ആഗ്രഹിക്കുന്ന ഡമോക്രാറ്റിക് സ്ഥാനാര്‍ഥികള്‍ പന്ത്രണ്ട് പബ്ലിക് ഡിബേറ്റുകളില്‍ പങ്കെടുക്കുമെന്ന് കഴിഞ്ഞ വര്‍ഷം നാഷണല്‍ കമ്മിറ്റി അറിയിച്ചിരുന്നു. അതനുസരിച്ച് വളരെ വിപുലമായ ആസൂത്രണവും സജ്ജീകരണങ്ങളുമാണ് നടത്തിയിരുന്നത്. പത്ത് ഡിബേറ്റുകള്‍ വ്യത്യസ്ത വേദികളില്‍ ലൈവ് ഓഡിയന്‍സിന് മുന്‍പില്‍ നടന്നു. പതിനൊന്നാമതു ഡിബേറ്റ് മാര്‍ച്ച് 15 നു വാഷിംഗ്ടണ്‍ ഡിസിയിലെ സിഎന്‍എന്‍ സ്റ്റുഡിയോയിലേയ്ക്ക് കൊറോണ വൈറസിന്റെ ഭീതിയില്‍ മാറ്റിയാണ് നടത്തിയത്.

സ്വയം പിന്‍വാങ്ങിയവരോ യോഗ്യതകള്‍ പാലിക്കുവാന്‍ കഴിയാത്തവരോ ആയ സ്ഥാനാര്‍ഥികള്‍ ഒഴിവാക്കപ്പെട്ടപ്പോള്‍ മത്സര രംഗത്ത് ശേഷിക്കുന്നത് മുന്‍ വൈസ് പ്രസിഡന്റ് ജോബൈഡനും വെര്‍മോണ്ട് സെനറ്റര്‍ ബേണി സാന്‍ഡേഴ്‌സുമാണ്. അടുത്ത, പന്ത്രണ്ടാമത് ഡിബേറ്റിന്റെ കാര്യത്തില്‍ തികഞ്ഞ അവ്യക്തതയാണുള്ളത്. കൊറോണ വൈറസ് സാംക്രമിക രോഗത്തിന്റെ പശ്ചാത്തലത്തില്‍ നോമിനേറ്റിംഗ് പ്രോസസ് ഒരു ഹോള്‍ഡിംഗ് പാറ്റേണിലാണെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു വക്താവ് പറഞ്ഞു.

ടിക്കറ്റ് കിട്ടാന്‍ സാധ്യതയുണ്ടെന്ന് കരുതപ്പെടുന്ന ബൈഡനോ സാന്‍ഡേഴ്‌സോ അടുത്ത ഡിബേറ്റിനെക്കുറിച്ച് വലിയ താല്‍പര്യം പ്രകടിപ്പിക്കുന്നില്ല. സ്ഥാനാര്‍!ഥികളുടെ ഉപദേശകര്‍ ഇനി ഒരു ഡിബേറ്റ് ഉണ്ടാകുമോ എന്ന് സംശയം പ്രകടിപ്പിക്കുന്നു. ഡിഎന്‍സിയുടെ പ്രധാന ഡിബേറ്റ് സംഘാടകരില്‍ ഒരാളായ ഷോ ചില്‍ ഹിനോ ഹോസ അടുത്ത ഡിബേറ്റിന് പാര്‍ട്ടി ഒരു തീയതിയോ വേദിയോ ടെലിവിഷന്‍ ബ്രോഡ് കാസ്റ്റിംഗ് പാര്‍ട്ടണറെയോ തീരുമാനിച്ചിട്ടില്ലെന്നറിയിച്ചു. ഞങ്ങള്‍ സംഗതികള്‍ ഓരോ ദിവസവും വിലയിരുത്തുകയാണെന്ന് കൂട്ടിച്ചേര്‍ത്തു.

പ്രധാനമായും സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് ഓര്‍ഡറുകളാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ഡിബേറ്റില്‍ സദസ്യര്‍ ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല സ്ഥാനാര്‍ഥികള്‍ തമ്മില്‍ ആറടി അകലം പാലിക്കുകയും ചെയ്തു. അടുത്ത ഡിബേറ്റ് ഒരു കിഴക്കന്‍ തീരദേശ നഗരത്തിലാണ് ഉദ്ദേശിച്ചിരുന്നത്. ഇത് ഏപ്രില്‍ 28ന് ന്യൂയോര്‍ക്കിലെ പ്രൈമറിക്ക് മുന്‍പാണ് പദ്ധതി ഇട്ടിരുന്നത്. മെരിലാന്‍ഡ്, റോഡ് ഐലന്റ്, കണക്ടിക്കട്ട് ഉള്‍പ്പടെ ചില സംസ്ഥാനങ്ങള്‍! ന്യൂജേഴ്‌സിക്കൊപ്പം ജൂണ്‍ 2ന് പ്രൈമറികള്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ ഡിബേറ്റിലെ പോലെ ഇനിയൊരു ഡിബേറ്റ് നടന്നാല്‍ ബൈഡനും സാന്‍ഡേഴ്‌സും മാത്രമാവും വേദിയില്‍ ഉണ്ടാവുക. തനിക്കൊപ്പം ഒരു സ്ത്രീ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഉണ്ടാകുന്നത് സജീവ പരിഗണനയിലാണ് എന്ന ബൈഡന്റെ പ്രസ്താവന ധാരാളം സ്ത്രീ നേതാക്കള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നില്ക്കുവാന്‍ കാരണമായി. കേറ്റ് ബെഡിംഗ് ഫീല്‍ഡ്, അനിത ഡണ്‍, സൈമോണ്‍ സാന്‍ഡേഴ്‌സ്, ലിലി ആഡംസ് ജെന്റ, ഒമല്ലേ ഡില്ലന്‍ എന്നിവര്‍ അവരില്‍ ചിലര്‍ മാത്രമാണ്.

കഴിഞ്ഞ വര്‍ഷം ബൈഡന്‍ മത്സര രംഗത്തെത്തിയപ്പോള്‍ ചില സ്ത്രീകള്‍ തങ്ങള്‍ ആവശ്യപ്പെടാതെ ബൈഡന്‍ തങ്ങളോട് കാട്ടുന്ന സ്‌നേഹ വാത്സല്യങ്ങള്‍ തങ്ങള്‍ക്ക് അസുഖകരമായി തോന്നിയിട്ടുണ്ട് എന്നൊരു ആരോപണം ഉന്നയിച്ചു. ഇതിന് മറുപടിയായി ഉടനെ തന്നെ ബൈഡന്‍ സ്വയം റെക്കോര്‍ഡ് ചെയ്ത ഒരു വിഡിയോ പ്രചരിപ്പിച്ചു. തുടര്‍ന്ന് തന്റെ പ്രചരണ സംഘത്തില്‍ പ്രധാന പദവികളില്‍ നിയമിക്കുകയും ഇക്കാര്യം ഡിബേറ്റുകളില്‍ എടുത്തു പറയുകയും ചെയ്തു.

അയോവ പ്രൈമറിയില്‍ നാലാം സ്ഥാനത്തെത്തിയപ്പോഴാണ് പ്രചരണ സംഘത്തിന്റെ ചുക്കാന്‍ ഡണിന്റെ കൈകളില്‍ ഏല്‍പിച്ചത്. സാന്‍ഡേഴ്‌സ് പ്രചരണ വിഭാഗത്തില്‍ ഏറ്റവുമധികം അധികാര കേന്ദ്രീകരണം ഉള്ള കറുത്ത വര്‍ഗക്കാരിയായാണ് അറിയപ്പെടുന്നത്. ഡില്ലനെ ബൈഡന്‍ തന്റെ സ്ഥിരം മാനേജരായി നിയമിച്ചു. ഈ ടീമാണ് ബൈഡന്റെ പ്രചരണ പരിപാടികള്‍ ഇപ്പോള്‍ നിയന്ത്രിക്കുന്നത്.

റിപ്പോര്‍ട്ട്: ഏബ്രഹാം തോമസ്