ബിഷപ് ഡോ.മാര്‍ ഫിലക്‌സിനോസ് സപ്തതി നിറവില്‍.
Saturday, December 5, 2020 11:10 AM IST
ന്യൂയോര്‍ക്ക്: മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനാധിപന്‍ ബിഷപ് ഡോ.ഐസക് മാര്‍ ഫിലക്‌സിനോസ് ഇന്ന് (ഡിസംബര്‍ 5) എഴുപതാം വയസിലേക്ക് പ്രവേശിക്കുന്നു. ന്യൂയോര്‍ക്ക് സമയം ഇന്ന് രാവിലെ 8.30 ന് ലോങ്ങ് ഐലന്‍ഡിലുള്ള മാര്‍ത്തോമ്മ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്ന വിശുദ്ധ കുര്‍ബാന ശുശ്രുഷയോടെ സപ്തതി ആഘോഷങ്ങളുടെ തുടക്കംകുറിക്കും.

മാവേലിക്കര ചെറുകോല്‍ മാര്‍ത്തോമ്മ ഇടവകയില്‍ ആറ്റുപുറത്ത് പരേതരായ എ.എം ഐസക്കിന്റേയും മറിയാമ്മയുടെയും മകനായി 1951 ഡിസംബര്‍ 5ന് ജനിച്ചു. കല്‍ക്കട്ട ബിഷപ്സ് കോളേജില്‍ നിന്ന് വൈദീക ബിരുദം നേടി. 1976 ജൂണ്‍ 9 ന് കശീശ്ശാ ആയി സഭയുടെ വിവിധ ഇടവകളില്‍ സേവനം ചെയ്തു. ഈ കാലയളവില്‍ ബോസ്റ്റണ്‍ മാര്‍ത്തോമ്മ ഇടവക വികാരിയും ആയിരുന്നു.

പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംറ്റിഎച്ച് ബിരുദവും, ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് വൈഷ്ണവ ഫിലോസഫിയും ക്രിസ്ത്യന്‍ തീയോളജിയും എന്ന വിഷയത്തെ അധികരിച്ച് നടന്ന പഠനത്തിന് പിഎച്ച്ഡി ബിരുദവും നേടിയ ബിഷപ് ഡോ.മാര്‍ ഫിലക്‌സിനോസ് പ്രതിഭാധനനും ശ്രുശ്രുഷാ സരണിയിലെ കര്‍മ്മോജ്ജ്വലവ്യക്തിത്വവും, അദ്ധ്യാത്മികതയും സാമൂഹിക സേവനവും കോര്‍ത്തിണക്കി പ്രവര്‍ത്തിക്കുന്നതില്‍ പ്രതിജ്ഞാബദ്ധനും ആണ്.

1993 ഒക്ടോബര്‍ 2ന് സഭയുടെ ഇടയശേഷ്ഠപദവിയില്‍ എത്തിയ ബിഷപ് ഡോ.മാര്‍ ഫിലക്‌സിനോസ് മുബൈ - ഡല്‍ഹി, കോട്ടയം - കൊച്ചി, കുന്നംകുളം - മലബാര്‍, മദ്രാസ് - കല്‍ക്കട്ട എന്നീ ഭദ്രാസനങ്ങളുടെ അധിപന്‍ ആയിരുന്നു. മുംബൈയില്‍ നൂറ് ഏക്കര്‍ ഭൂമി വാങ്ങി അവിടെ ആരംഭിച്ച നവജീവന്‍ സെന്റര്‍ ഇന്ന് പലതവണയായി ഇന്ത്യാ ഗവണ്‍മെന്റിന്റെ പ്രത്യേക പ്രശംസ പിടിച്ചുപറ്റികൊണ്ടിരിക്കുന്ന സ്ഥാപനം ആണ്. ന്യൂ മുംബൈയില്‍ സഭയുടെ പുതിയ ആസ്ഥാനം, ഫരീദാബാദില്‍ തുടങ്ങിയ ധര്‍മ്മജ്യോതി വിദ്യാപീഠം എന്ന തിയോളജിക്കല്‍ കോളേജ്, അറ്റ്ലാന്റയിലെ കര്‍മ്മേല്‍ മന്ദിരം എന്നിവ ബിഷപ്പിന്റെ പ്രയത്‌നത്തിന്റെ ചില ഉദാഹരണങ്ങള്‍ ആണ്.

ലൈറ്റ് ടൂ ലൈഫ് എന്ന പേരില്‍ പുതിയതായി ഭദ്രാസനത്തില്‍ ആരംഭിച്ച പ്രൊജക്റ്റിലൂടെ ഇന്ന് ഭാരതത്തിലെ ആയിരകണക്കിന് കുട്ടികള്‍ക്ക് ആശയവും, ആവേശവും ആയി മാറിയ ബിഷപ് ഡോ.മാര്‍ ഫിലക്‌സിനോസ് കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ പ്രസിഡന്റ്, മാര്‍ത്തോമ്മ യുവജനസഖ്യം പ്രസിഡന്റ്, കോട്ടയം വൈദീക സെമിനാരി ചെയര്‍മാന്‍, ജബല്‍പൂര്‍ ലുധിയാന മെഡിക്കല്‍ കോളേജ്, തിയോളജിക്കല്‍ കോളേജ് എന്നിവയുടെ ഗവേണിംഗ് ബോര്‍ഡ് മെമ്പര്‍, സെറാംമ്പൂര്‍ യുണിവേഴ്സിറ്റിയുടെ സെനറ്റ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഇപ്പോള്‍ വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ കേന്ദ്ര കമ്മറ്റി അംഗമാണ്.

അരിസോണ, ന്യൂമെക്‌സിക്കോ, യുട്ടാ എന്നീ സംസ്ഥാനങ്ങളിലായി ചിതറിപാര്‍ക്കുന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ട നാവഹോ ഇന്ത്യന്‍സിന്റെ ഇടയില്‍ ബിഷപ് ഡോ.മാര്‍ ഫിലക്‌സിനോസ് തുടക്കം കുറിച്ച പുതിയ പ്രോജക്ട് ഭദ്രാസന മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉണര്‍വേകി. സപ്തതി ആഘോഷങ്ങളുടെ ഭാഗമായി അറ്റ്‌ലാന്റയിലെ കര്‍മ്മേല്‍ മന്ദിരത്തോടെ അനുബന്ധിച്ച് പുതുവര്‍ഷം പുതിയ കര്‍മ്മ പരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്ന് ഭദ്രാസന സെക്രട്ടറി റവ.മനോജ് ഇടുക്കുള, ട്രഷറാര്‍ ഫിലിപ്പ് തോമസ് സിപിഎ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷാജി രാമപുരം