റിപ്പബ്ലിക്കൻ വോട്ടർമാരുടെ ശക്തിപ്രകടനമാകണം സെപ്റ്റംബർ 18 ലെ റാലിയെന്ന് ട്രംപ്
Friday, September 17, 2021 2:41 PM IST
വാഷിംഗ്ടൺ ഡിസി: ജനുവരി ആറിനു കാപ്പിറ്റോളിൽ നടന്ന ട്രംപ് റാലിയിൽ പങ്കെടുത്തവർക്കെതിരെ രാഷ്ട്രീയ പ്രതികാര നടപടികൾ സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് സെപ്റ്റംബർ 18 നു (ശനി) കാപ്പിറ്റോളിൽ സംഘടിപ്പിക്കുന്ന റാലി റിപ്പബ്ലിക്കൻ വോട്ടർമാരുടെ ശക്തി പ്രകടനമായിരിക്കണമെന്ന് മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് .

"ജസ്റ്റീസ് ഫോർ ജെ 6' എന്നാണ് റാലിക്ക് പേരിട്ടിരിക്കുന്നത്. ജനുവരി ആറിനു നടന്ന റാലിയിൽ പങ്കെടുത്ത 600 ൽ പരം ആളുകളെ രാഷ്ട്രീയ തടവുകാരെപോലെയാണ് വിചാരണ ചെയ്യുന്നതെന്ന് ട്രംപ് കുറ്റപ്പെടുത്തി. അവർക്ക് നീതി ലഭിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

തന്നിൽനിന്നും തെരഞ്ഞെടുപ്പു വിജയം തട്ടിയെടുത്തുവെന്ന ആരോപണം ആവർത്തിച്ച ട്രംപ്, തന്നെ അനുകൂലിച്ച് വാഷിംഗ്ടൺ ഡിസിയിൽ പ്രകടനം നടത്തിയവരെ അഭിനന്ദിക്കുകയും അവരോട് ബൈഡൻ ഭരണകൂടം അനുവർത്തിക്കുന്ന പ്രതികാര നടപടികളെ അപലപിക്കുകയും ചെയ്തു. ഞങ്ങൾ നിങ്ങളോടൊപ്പം എന്നും ഉണ്ടായിരിക്കുമെന്ന് കേസിൽ വിചാരണ നേരിടുന്നവർക്ക് ട്രംപ് ഉറപ്പു നൽകി.

ജനുവരി ആറിനു നടന്ന റാലിയിൽ പങ്കെടുത്ത ആഷ്‌ലി ബബിറ്റിനെ വെടിവച്ചു കൊലപ്പെടുത്തിയ പോലീസ് ഓഫീസറെ ഒരു ഘാതകനെന്നും ആഷ്‌ലി ബബിറ്റിനെ രക്തസാക്ഷിയെന്നുമാണ് ട്രംപ് വിശേഷിപ്പിച്ചത്.

അതേസമയം സെപ്റ്റംബർ 18 നു നടക്കുന്ന റാലിയെ നേരിടാൻ പോലീസ് മുൻകരുതൽ നടപടികൾ തുടങ്ങിക്കഴിഞ്ഞു. ഇന്‍റലിജൻസ് റിപ്പോർട്ട് അനുസരിച്ച് നൂറുകണക്കിനാളുകൾ റാലിയിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ