ഒന്നരവയസുകാാരന്‍ കാറിലിരുന്ന് ചൂടേറ്റ് മരിച്ചതറിഞ്ഞ് പിതാവ് ജീവനൊടുക്കി
Friday, July 1, 2022 3:04 PM IST
പി.പി. ചെറിയാന്‍
വിര്‍ജീനിയ: 18 മാസം പ്രായമുള്ള മകന്‍ അബദ്ധത്തില്‍ കാറിലിരുന്ന് മരിച്ചതിനെ തുടര്‍ന്ന് പിതാവ് സ്വയം വെടിച്ചെു ജീവനൊടുക്കിയതായി ചൊവ്വാഴ്ച (ജൂണ്‍ 28ന്) നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചെസ്റ്റര്‍ഫില്‍ഡ് കൗണ്ടി പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ചീഫ് അറിയിച്ചു.

സംഭവം നടന്ന ദിവസം കുട്ടിയെ ഡെ കെയറില്‍ കാണാത്തതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. ഇതിനിടെ കുട്ടിയുടെ പിതാവ് കുടുംബാംഗങ്ങളില്‍ ഒരാളെ വിളിച്ച് മകന്‍ മരിച്ചുവെന്നും, താന്‍ ജീവനൊടുക്കുകയാണെന്നും അറിയിച്ചു.

വിവരം ലഭിച്ച പോലീസ് വീട്ടിലെത്തുമ്പോള്‍ കുട്ടി മരിച്ചു കിടക്കുന്നതും, പിതാവ് വീടിനുപുറകിലുള്ള മരങ്ങള്‍ക്കിടയില്‍ വെടിയേറ്റു മരിച്ചു കിടക്കുന്നതുമാണ് കണ്ടത്. ഡ്രൈവേയില്‍ കിടന്നിരുന്ന കാറിന്റെ ഡോര്‍ തുറന്നു കിടക്കുന്നതും, കാര്‍ സീറ്റ് പുറകില്‍ ഇരിക്കുന്നതും ശ്രദ്ധയില്‍പെട്ടു.

പോലീസിന്‍റെ പ്രാഥമിക അന്വേഷണത്തില്‍ കുട്ടി കാറിനകത്തു മൂന്നു മണിക്കൂറിലധികം ഇരുന്നിട്ടുണ്ടാകാമെന്നും, ചൂടേറ്റു മരിച്ചതിനെ തുടര്‍ന്ന് കുട്ടിയെ വീട്ടില്‍ കൊണ്ടുവന്ന് കിടത്തിയ ശേഷം പിതാവ് വെടിച്ചെു ജീവനൊടുക്കുകയായിരുന്നുവെന്നും ചൂണ്ടികാണിക്കുന്നു.

ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ആത്മഹത്യാപ്രേരണ സ്വാഭാവികമാണെന്നും, എന്നാല്‍ ഇതൊഴിവാക്കുന്നതിനു നാഷണല്‍ സൂയിസൈഡ് പ്രിവന്‍ഷന്‍ ലൈഫ് ലൈനിനെ ബന്ധപ്പെടണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.