ന്യൂയോർക്ക്: സിൽവർ ജൂബിലി നിറവിൽ നിൽക്കുന്ന ഷിക്കാഗോ സീറോമലബാർ രൂപതയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് 2026 ജൂലൈ 9,10,11 തീയതികളിൽ ഷിക്കാഗോയിൽ നടക്കുന്ന സീറോമലബാർ കൺവൻഷന്റെ രജിസ്ട്രേഷൻ കിക്കോഫ് ന്യൂയോർക്കിലെ ബുക്കാനൻ സെന്റ് ജോസഫ് മിഷനിൽ വിജയകരമായി നടന്നു.
വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന ചടങ്ങിൽ വികാരി ജനറാൾ റവ. ഫാ. ജോൺ മേലേപ്പുറം വിശ്വാസികളിൽ നിന്നും രജിസ്ട്രേഷനുകൾ ഏറ്റുവാങ്ങി. നിരവധിപ്പേർ കൺവൻഷനിൽ പങ്കെടുക്കുന്നതിൽ താത്പര്യം അറിയിച്ചു മുന്നോട്ടുവന്നു.
ഷിക്കാഗോയിലെ പ്രശസ്തമായ മക്കോർമിക് പ്ലേസ് കൺവൻഷൻ സെന്റലാണ് സീറോമലബാർ യുഎസ്എ കൺവൻഷൻ നടക്കുന്നത്. ഇതോടൊപ്പം രൂപതയുടെ പ്രഥമ മെത്രാൻമാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേകജൂബിലിയും ആഘോഷിക്കുന്നു.

പരസ്പരം പരിചയപ്പെടുന്നതിനും പരിചയങ്ങൾ പുതുക്കുന്നതിനും സുഹൃത്ത് ബന്ധങ്ങൾ സ്ഥാപിക്കുന്നതിനുമെല്ലാം അവസരം നൽകുന്ന ഈ കൺവൻഷനിൽ എല്ലാവരും പങ്കെടുക്കണമെന്ന് വികാരി ജനറാൾ റവ. ഫാ. ജോൺ മേലേപ്പുറം അഭ്യർഥിച്ചു.
അമേരിക്കയിൽ വളരുന്ന നമ്മുടെ പുതുതലമുറയെ മഹത്തായ സീറോമലബാർ വിശ്വാസത്തിന്റെയും പൈതൃകത്തിന്റെയും ഭാഗമായി നിലനിർത്തുന്നതിനും ഷിക്കാഗോ കൺവൻഷൻ ഉപകരിക്കുമെന്നും വികാരി ജനറാൾ പറഞ്ഞു.
ജൂബിലി കമ്മിറ്റി ചെയർമാൻ ജോസഫ് ചാമക്കാല കൺവൻഷനെ പറ്റി വിശദമായി പ്രതിപാദിച്ചു. 2026 ജൂലൈയിൽ നടക്കുന്ന സീറോമലബാർ കൺവൻഷൻ, രൂപതയുടെ ചരിത്രത്തിൽതന്നെ സ്ഥാനം പിടിക്കുന്ന തലത്തിൽ വിജയകരമാക്കി തീർക്കുവാൻ വിപുലമായ കമ്മിറ്റി പ്രവർത്തിച്ചു വരുന്നതായി അദ്ദേഹം പറഞ്ഞു.

കൺവൻഷന്റെ മുന്നോടിയായി രൂപതയിലെ വിവിധ പള്ളികളിൽ കൺവൻഷൻ കിക്കോഫുകൾ വിജയകരമായി നടന്നുവരുന്നതായും ജോസഫ് ചമക്കാല അറിയിച്ചു. ഇപ്പോൾ രജിസ്റ്റർ ചെയ്യുന്നവർക്ക് ഹോട്ടൽ ബുക്കിങ് നിരക്കിൽ ഇളവ് ലഭിക്കുന്നതാണ്.
ഈ ഇളവ് ഡിസംബർ 31 വരെ മാത്രമേ ലഭിക്കൂ. ഈ അവസരം എല്ലാവരും ഉപയോഗിക്കണമെന്ന് ജൂബിലി കമ്മിറ്റി ചെയർമാൻ അഭ്യർഥിച്ചു. മിഷൻ ഡയറക്ടർ റവ.ഫാ. റോയ്സൺ മേനോലിക്കൽ, വികാരി ജനറാളിനേയും കൺവൻഷൻ ഭാരവാഹികളെയും സ്വാഗതം ചെയ്തു.
കൈക്കാരൻ ജോഷി വാളിയംപ്ലാക്കൽ, ജോസഫ് മാത്യു തെള്ളിയാങ്കൽ, സ്മിത ജോൺ തുടങ്ങിയവർ കിക്കോഫിന് നേതൃത്വം നൽകി. കൺവൻഷനെ കുറിച്ചു കൂടുതൽ അറിയുവാനും രജിസ്റ്റർ ചെയ്യുവാനും താഴെ പറയുന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Tags : Chicago SyroMalabar Diocese Silver Jubilee Convention Kickoff Buchanan St. Joseph Mission USA