റിയാദ്: ചില്ലയുടെ ഏപ്രിൽ മാസ വായനാപ്രവർത്തനങ്ങൾക്ക് മൂസ കൊമ്പൻ തുടക്കം കുറിച്ചത് "കമ്പിളികണ്ടത്തെ കൽഭരണികൾ' എന്ന ഓർമക്കുറിപ്പുകളുടെ സമാഹാരം പങ്കുവച്ചുകൊണ്ടാണ്.
അതിജീവനത്തിന്റെ അത്ഭുതകരമായ അനുഭവങ്ങൾ നിറഞ്ഞ ഈ കൃതി, വിശപ്പ്, അവഗണന, അനാഥാലയജീവിതം, ഹോട്ടൽ ജീവിതം തുടങ്ങി പല കഠിന ഘട്ടങ്ങളിലൂടെ ജീവിതത്തെ വീണ്ടും തിരിച്ചുപിടിക്കുന്ന ബാബു എബ്രഹാമിന്റെ ഓർമകളാണ് അവതരിപ്പിക്കുന്നത്.
ഈ കൃതിയുടെ ആധാരശക്തി നന്ദിക്കുന്നേൽ മേരി എന്ന "അമ്മ'യാണെന്ന് മൂസ അഭിപ്രായപ്പെട്ടു. ജീവിതത്തിന്റെ ഇരുട്ടുകളിൽ നിന്ന് പ്രകാശത്തിലേക്ക് നയിക്കുന്ന ഒരു കരുത്തായ സാന്നിധ്യമായി അവരെ അദ്ദേഹം ചൂണ്ടിക്കാട്ടി.
"മരണം' തന്നെ കഥ പറയുന്നവനായി എത്തുന്ന, ലോകപ്രശസ്തമായ "ദി ബുക്ക് തീഫ്' എന്ന കൃതിയുടെ വായനാനുഭവം സ്നിഗ്ദ വിപിൻ പങ്കുവച്ചു.
മാർക്കസ് സുസാക് രചിച്ച ഈ നോവൽ, ലീസൽ മെമിംഗർ എന്ന പെൺകുട്ടിയുടെ സാഹസികതയിലൂടെ, മരണവും മനുഷ്യന്റെ ക്രൂരതകളും ദയയും സാഹിത്യവും പ്രണയവും തമ്മിലുള്ള സൂക്ഷ്മബന്ധങ്ങൾ ആഴത്തിൽ അവതരിപ്പിക്കുന്നു.
രണ്ടാം ലോക യുദ്ധകാലഘട്ടത്തിൽ, നാസി ജർമനിയിൽ ഹിറ്റ്ലർ നയിച്ച ക്രൂരതകളുടെ ഇരകളായ സാധാരണ മനുഷ്യരുടെ ജീവിതം ഹൃദയസ്പർശിയായി ചിത്രീകരിക്കുന്ന കൃതിയാണിത്. വികാരനിർഭരമായ അവതരണത്തിലൂടെയാണ് സ്നിഗ്ദയുടെ ഈ വായനാനുഭവം അവതരിപ്പിക്കപ്പെട്ടത്.
ചരിത്രവും ഭാവനയും ഇടകലരുന്ന ജി.ആർ. ഇന്ദുഗോപൻ രചിച്ച "ആനോ' എന്ന നോവലിലെ വിസ്മയകരമായ കാഴ്ചകൾ ശശി കാട്ടൂർ സദസിന് മുന്നിൽ വിവരിച്ചു.
500 വർഷം മുന്‍പ് കൊച്ചിയില്‍നിന്ന് പോര്‍ച്ചുഗല്‍ വഴി റോമിലെത്തിച്ച ഒരു ആനക്കുട്ടിയുടെ യാത്രയും അന്നത്തെ മാര്‍പാപ്പയുടെ ഓമനയായി മാറിയ ഡാവിഞ്ചി, മൈക്കലാഞ്ചലോ, റാഫേല്‍ തുടങ്ങിയ മഹാശില്പികള്ക്കൊപ്പം താമസിച്ച, സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ പുനര്നിര്മിതികണ്ട ആനയുടെയും സഹയാത്രികരുടെയും കഥയാണ് ആനോ.
"എൻ. ശങ്കരയ്യ ജീവിതവും പ്രസ്ഥാനവും' എന്ന കൃതിയുടെ വായന സതീഷ് കുമാർ വളവിൽ അവതരിപ്പിച്ചു. എൻ. രാമകൃഷ്ണൻ രചിച്ച ഈ ഓർമക്കുറിപ്പുകൾ, സിപിഎമ്മിന്റെ മുതിർന്ന നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന എൻ. ശങ്കരയ്യയുടെ ജീവിതവും പ്രസ്ഥാനപരമായ സംഭാവനകളും വിശദമായി രേഖപ്പെടുത്തുന്നതാണ്.
തമിഴ്നാട്ടിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ പ്രമുഖനായ ശങ്കരയ്യ, എട്ട് വർഷം ജയിൽവാസവും മൂന്ന് വർഷം ഒളിവുജീവിതവും അനുഭവിച്ച ഒരു കരുത്തനായ പോരാളിയായിരുന്നു.
അദ്ദേഹത്തിന്റെ ജീവിതം തന്നെ തമിഴ്നാട്ടിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തെ പ്രതിഫലിപ്പിക്കുന്നതും ഇന്നും നമുക്ക് പ്രചോദനവും ഊർജവും നൽകുന്നതുമാണെന്ന് സതീഷ് പറഞ്ഞു.
പുസ്തകവാതരണത്തിന് ശേഷം നടന്ന ചർച്ചയ്ക്ക് സീബ കൂവോട് തുടക്കം കുറിച്ചു. നജീം കൊച്ചുകലുങ്ക്, നാസർ കാരക്കുന്ന്, സബീന എം. സാലി, അനിത്ര ജ്യോമി, രാജേഷ് ഓണക്കുന്ന്, അനസ്, അജിത രാജേഷ്, സുനിൽ സുലൈ തുടങ്ങിയവർ പങ്കെടുത്തു.
ചർച്ചകൾ ഉപസംഹരിച്ചുകൊണ്ട് ജോമോൻ സ്റ്റീഫൻ സംസാരിച്ചു. സുരേഷ് ലാൽ മോഡറേറ്റർ ആയിരുന്നു.
Tags : Kambilikandathe Kalbharanikal Reading experience Chilla Babu Abraham