x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"പൊ​തു​ബോ​ധം എ​ങ്ങ​നെ രൂ​പ​പ്പെ​ടു​ന്നു'; സം​വാ​ദം സംഘടിപ്പിച്ച് കേ​ളി

എൻആർഐ ഡെസ്ക്
Published: September 26, 2026 11:00 AM IST | Updated: September 26, 2026 11:00 AM IST

പരിപാടിയിൽ നിന്ന്

റി​യാ​ദ്: പൊ​തു​ബോ​ധം എ​ങ്ങ​നെ രൂ​പ​പ്പെ​ടു​ന്നു, അ​ത് ആ​രു​ടെ താ​ത്പ​ര്യ​ങ്ങ​ളെ​യാ​ണ് പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ത്, മാ​ധ്യ​മ​ങ്ങ​ളും സാ​മൂ​ഹി​ക സം​വി​ധാ​ന​ങ്ങ​ളും പൊ​തു​ധാ​ര​ണ​ക​ളെ എ​ങ്ങ​നെ സ്വാ​ധീ​നി​ക്കു​ന്നു തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത് കേ​ളി സാം​സ്കാ​രി​ക വി​ഭാ​ഗം തു​റ​ന്ന സം​വാ​ദം സം​ഘ​ടി​പ്പി​ച്ചു.

"പൊ​തു​ബോ​ധ നി​ർ​മി​തി​യു​ടെ പു​ക​മ​റ: മി​ഥ്യ​യും യാ​ഥാ​ർ​ഥ്യ​വും' എ​ന്ന വി​ഷ​യ​ത്തി​ലാ​യി​രു​ന്നു സം​വാ​ദം. സ​മ​കാ​ലി​ക കേ​ര​ള​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ, സ​മൂ​ഹ​ത്തി​ൽ ചി​ല വി​ഭാ​ഗ​ങ്ങ​ളെ നി​ര​ന്ത​രം പാ​ർ​ശ്വ​വത്ക​രി​ക്കു​ക​യും അ​രി​കു​വ​ത്കരി​ക്കു​ക​യും ചെ​യ്യു​ന്ന രീ​തി​ക​ൾ പൊ​തു​ബോ​ധ നി​ർ​മി​തി​യു​ടെ ഭാ​ഗ​മാ​യി എ​ങ്ങ​നെ രൂ​പ​പ്പെ​ടു​ന്നു​വെ​ന്ന് ച​ർ​ച്ച​യാ​യി.

നി​റ​ത്തി​ന്‍റെ പേ​രി​ൽ വം​ശീ​യ​മാ​യി പാ​ർ​ശ്വ​വ​ത്കരി​ക്ക​പ്പെ​ടു​ന്ന​വ​ർ, ദ​ളി​ത​ർ, ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ൾ പൊ​തു​ധാ​ര​ണ​ക​ളു​ടെ നി​ർ​മി​തി​യി​ൽ പ​ല​പ്പോ​ഴും വേ​ട്ട​യാ​ട​പ്പെ​ടു​ന്ന​താ​യും പ​ങ്കെ​ടു​ത്ത​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

വാ​ർ​ത്ത​ക​ളു​ടെ തി​ര​ഞ്ഞെ​ടു​പ്പ്, വാ​ർ​ത്ത​യ്ക്ക് ന​ൽ​കു​ന്ന പ്രാ​ധാ​ന്യം, ത​ല​ക്കെ​ട്ട്, അ​വ​ത​ര​ണ രീ​തി എ​ന്നി​വ ജ​ന​ങ്ങ​ളു​ടെ ധാ​ര​ണ​ക​ളെ സ്വാ​ധീ​നി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ വി​ശ​ദീ​ക​രി​ച്ചു. ഒ​രു വാ​ർ​ത്ത എ​ന്തു​കൊ​ണ്ട് വാ​ർ​ത്ത​യാ​കു​ന്നു എ​ന്ന​തി​നൊ​പ്പം എ​ന്തൊ​ക്കെ​യാ​ണ് വാ​ർ​ത്ത​യാ​കാ​തെ പോ​കു​ന്ന​ത് എ​ന്ന​തും തി​രി​ച്ച​റി​യേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം ച​ർ​ച്ച​യി​ൽ ഉ​യ​ർ​ന്നു.

ഇ​ത്ത​രം പൊ​തു​ബോ​ധ നി​ർ​മി​തി​ക​ളെ തി​രി​ച്ച​റി​യാ​നും ചോ​ദ്യം ചെ​യ്യാ​നും ക​ഴി​യു​ന്ന ത​ര​ത്തി​ലു​ള്ള മാ​ധ്യ​മ സാ​ക്ഷ​ര​ത വ​ള​ർ​ത്തി​യെ​ടു​ക്കു​ക​യാ​ണ് ബ​ദ​ൽ വ​ഴി​യെ​ന്നും ച​ർ​ച്ച​യി​ൽ അ​ഭി​പ്രാ​യ​മു​യ​ർ​ന്നു. വി​വ​ര​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നൊ​പ്പം അ​വ​യു​ടെ ഉ​റ​വി​ട​വും ല​ക്ഷ്യ​വും അ​വ​ത​ര​ണ രീ​തി​യും പ​രി​ശോ​ധി​ക്കു​ന്ന സ​മീ​പ​നം സ​മൂ​ഹ​ത്തി​ൽ ശ​ക്തി​പ്പെ​ടേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും പ​ങ്കെ​ടു​ത്ത​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​ട​തു​പ​ക്ഷ രാ​ഷ്ട്രീ​യ​വും ഇ​ത്ത​രം പൊ​തു​ബോ​ധ നി​ർ​മി​തി​യു​ടെ ല​ക്ഷ്യ​മാ​യി മാ​റു​ന്നു​വെ​ന്ന അ​ഭി​പ്രാ​യ​ങ്ങ​ളും ച​ർ​ച്ച​യി​ൽ ഉ​യ​ർ​ന്നു. വി​വി​ധ മാ​ധ്യ​മ​ങ്ങ​ളു​ടെ​യും സാ​മൂ​ഹി​ക സം​വി​ധാ​ന​ങ്ങ​ളു​ടെ​യും ഇ​ട​പെ​ട​ലു​ക​ൾ പ​രി​ശോ​ധി​ച്ചു​കൊ​ണ്ട് വി​ഷ​യ​ത്തെ വ്യ​ത്യ​സ്ത വീ​ക്ഷ​ണ​ങ്ങ​ളി​ൽ​നി​ന്നാ​ണ് സം​വാ​ദം സ​മീ​പി​ച്ച​ത്.

കേ​ളി സാം​സ്കാ​രി​ക ക​മ്മി​റ്റി അം​ഗം നാ​സ​ർ കാ​ര​ക്കു​ന്ന് മോ​ഡ​റേ​റ്റ​റാ​യി. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യ ന​ജീം കൊ​ച്ചു​ക​ലു​ങ്ക്, ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, നൗ​ഫ​ൽ പാ​ല​ക്കാ​ട​ൻ, ഷ​മീ​ർ കു​ന്നു​മ്മ​ൽ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. സ​തീ​ഷ് വ​ള​വി​ൽ സ്വാ​ഗ​ത​വും അ​ന​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags : Keli Discussion NRINews

Recent News

Corehub Up