കോവൻട്രി: പ്രവാസി കേരള കോൺഗ്രസ് യുകെയുടെ ആഭിമുഖ്യത്തിൽ മന്ത്രി മോൻസ് ജോസഫ്, ചീഫ് വിപ്പ് അപ്പു ജോൺ ജോസഫ് അടക്കമുള്ള കേരള കോൺഗ്രസിന്റെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ എംഎൽഎമാർക്കും സ്വീകരണം നൽകി.
കോവൻട്രിയിലെ സെന്റ് ജോൺ ഫിഷർ കത്തോലിക്കാ ചർച്ച് ഹാളിൽ നടന്ന സമ്മേളനം പ്രവാസി കേരള കോൺഗ്രസ് യുകെ പ്രസിഡന്റ് ബിജു ഇളംതുരുത്തിയിൽ അധ്യക്ഷത വഹിച്ചു. ചീഫ് വിപ്പും പാർട്ടി സംസ്ഥാന കോഓർഡിനേറ്ററുമായ അപ്പു ജോൺ ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
മന്ത്രി മോൻസ് ജോസഫ് മുഖ്യാതിഥിയായിരുന്നു. ജനറൽ സെക്രട്ടറി ജിപ്സൺ തോമസ് എട്ടുതൊട്ടിയിൽ സ്വാഗതം ആശംസിക്കുകയും പുതുതായി തെരഞ്ഞെടുക്കപ്പെട്ട കേരള കോൺഗ്രസ് എംഎൽഎമാരെ അഭിനന്ദിച്ച് പ്രസംഗിക്കുകയും ചെയ്തു.

മോൻസ് ജോസഫ് തന്റെ പ്രസംഗത്തിൽ കേരള കോൺഗ്രസിനും യുഡിഎഫിനും ലഭിച്ച ഈ വലിയ വിജയം ഒറ്റരാത്രികൊണ്ട് ലഭിച്ചതല്ലെന്നും കഴിഞ്ഞ പത്ത് വർഷക്കാലമായി നിയമസഭയ്ക്കകത്തും പുറത്തും നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമാണിതെന്നും പറഞ്ഞു.
പാർട്ടി പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോയ സമയങ്ങളിൽ കേരള കോൺഗ്രസിനോട് കാണിച്ച സ്നേഹത്തിനും പ്രതിബദ്ധതയ്ക്കും ലോകമെമ്പാടുമുള്ള പ്രവാസി പ്രവർത്തകരോട് അദ്ദേഹം നന്ദി രേഖപ്പെടുത്തി.
കൂടാതെ, പാർട്ടി ചെയർമാൻ പി.ജെ. ജോസഫിന്റെ നേതൃത്വത്തിൽ ലോകമെമ്പാടുമുള്ള കേരള കോൺഗ്രസ് അനുഭാവികളെയും പ്രവർത്തകരെയും ഏകോപിപ്പിക്കുന്നതിനായി ഉടൻ തന്നെ ഒരു ഗ്ലോബൽ പ്രവാസി കേരള കോൺഗ്രസ് കമ്മിറ്റി രൂപീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

മുൻ മന്ത്രിയും കേരള കോൺഗ്രസ് പാർട്ടിയുടെ മുതിർന്ന നേതാവുമായിരുന്ന ടി .യു. കുരുവിള അനുസ്മരിച്ച് അപ്പു ജോൺ ജോസഫ് പ്രഭാഷണം നടത്തി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിനും യുഡിഎഫിനും ലഭിച്ച മികച്ച വിജയത്തിനായി പ്രവാസി കേരള കോൺഗ്രസ് യുകെ നൽകിയ പിന്തുണയ്ക്ക് അപു ജോൺ ജോസഫ് നന്ദി അറിയിച്ചു.
കേരളത്തിലെ വികസന സ്വപ്ന പദ്ധതികളായ ഫിലിം സിറ്റിയും ട്വിൻ സിറ്റി അഥവാ സിസ്റ്റർ ടൗൺ ആശയവും യാഥാർഥ്യമാക്കുന്നതിന് പ്രവാസി മലയാളികളുടെ പിന്തുണ അദ്ദേഹം അഭ്യർഥിച്ചു.
കേരളത്തിലെ ഗ്രാമങ്ങളെയും പഞ്ചായത്തുകളെയും യുകെയിലെയും യൂറോപ്പിലെയും ബറോ, കൗണ്ടി കൗൺസിലുകളുമായി ബന്ധിപ്പിച്ച് മാലിന്യ സംസ്കരണം, വിദ്യാഭ്യാസ കൈമാറ്റം തുടങ്ങിയ മേഖലകളിൽ സഹകരണ പദ്ധതികൾ നടപ്പിലാക്കുക എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്ത തോമസ് ഉണ്ണിയാടൻ എംഎൽഎ, വർഗീസ് മാമ്മൻ എംഎൽഎ, ഷിബു തെക്കുംപുറം എംഎൽഎ, വിനു ജോബ് എംഎൽഎ, റെജി ചെറിയാൻ എംഎൽഎ, പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ, സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജൂണി കുതിരവട്ടം, ഐടി & പ്രഫഷണൽ കോൺഗ്രസ് പ്രസിഡന്റ് ജെയ്സൺ ജോസ് ഓലിക്കൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
പ്രവാസി കേരള കോൺഗ്രസ് നേതാക്കളായ ജോസ് പരപ്പനാട്ട്, ബിറ്റാജ് അഗസ്റ്റിൻ, ജെറി തോമസ് ഉഴുന്നാലിൽ, വിനോദ് ചന്ദ്രപ്പിള്ളിൽ, ജോണി ജോസഫ്, ജിജിമോൻ സൈമൺ വരിക്കശേരിൽ, സിബി കാവുകാട്ട്, ഡേവിസ് ജോസഫ്, ലാലു സ്കറിയ, ലിറ്റു ടോമി, ജിൽസൺ ഓലിക്കൽ, ജിസ് കാനാട്ട്, സഞ്ജു ആന്റോ കുമ്പുക്കൽ, ക്രിസ് മാത്യു, ബ്രയൻ തോമസ്, എബ്രഹാം കുതിരവട്ടം, തോമസ് ജോണി, ജിയോ ജെയിംസ്, റോജിൻ വാണിയക്കിഴക്കേൽ, സജീഷ് ഫ്രാൻസിസ് എന്നിവർ യോഗത്തിൽ ആശംസാപ്രസംഗങ്ങൾ നടത്തി.

കേരള കോൺഗ്രസ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കും യുഡിഎഫ് സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്കും പ്രവാസി മലയാളികളുടെ ശക്തമായ പിന്തുണ തുടരുമെന്ന് യോഗം അഭിപ്രായപ്പെട്ടു.
Tags : Kerala Congress MLA Pravasi Kerala Congress Mons Joseph P. J. Joseph