ബെർലിൻ: ഫ്രാങ്ക്ഫർട്ട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലുഫ്താൻസയുടെ ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനം മൂക്കുംകുത്തി വീണ സംഭവത്തിൽ ദുരൂഹത തുടരുന്നു.
ഏകദേശം 300 മില്യൺ യൂറോ, അതായത് 2,700 കോടി രൂപ വിലമതിക്കുന്ന പുത്തൻ വിമാനം "ടോട്ടൽ ലോസ്' ആയേക്കുമെന്നാണ് വ്യോമയാന രംഗത്തെ വിലയിരുത്തൽ.
അപകടം നടന്നത് എങ്ങനെ
വ്യാഴാഴ്ച ഉച്ചയ്ക്ക് 12:45നാണ് ജർമനിയെ നടുക്കിയ അപകടം നടന്നത്. ലോസ് ഏഞ്ചൽസിലേക്ക് പുറപ്പെടാനിരുന്ന എൽഎച്ച്450 വിമാനത്തിന്റെ മുൻചക്രങ്ങൾ പെട്ടെന്ന് മടങ്ങി, വിമാനത്തിന്റെ മുൻഭാഗം റൺവേയിലേക്ക് ശക്തിയായി ഇടിച്ചുവീഴുകയായിരുന്നു.
അപകടസമയത്ത് 165 യാത്രക്കാർ വിമാനത്തിൽ കയറാൻ കാത്തുനിൽക്കുകയായിരുന്നു. ഇവരെ പിന്നീട് മറ്റ് വിമാനങ്ങളിലേക്ക് മാറ്റി.
സെക്യൂരിറ്റി പിൻ മാറിയിട്ടോ
വിദഗ്ധരുടെ പ്രാഥമിക വിലയിരുത്തലിൽ അറ്റകുറ്റപ്പണികൾക്കിടെയുള്ള കടുത്ത അശ്രദ്ധയാണ് ചൂണ്ടിക്കാണിക്കുന്നത്. ലാൻഡിംഗ് ഗിയർ അബദ്ധത്തിൽ ഉള്ളിലേക്ക് മടങ്ങാതിരിക്കാൻ ഇടുന്ന "ഡൗൺലോക്ക് പിൻ' അഥവാ "സെക്യൂരിറ്റി പിൻ' തെറ്റായ ദ്വാരത്തിൽ ഇട്ടതാകാം അപകടകാരണം എന്നാണ് പ്രധാന സംശയം.
ലണ്ടനിൽ മുൻപും സമാന സംഭവം
2021 ജൂണിൽ ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിൽ ബ്രിട്ടീഷ് എയർവേയ്സിന്റെ ഇതേ മോഡൽ ബോയിംഗ് 787 വിമാനവും സമാന രീതിയിൽ തകർന്നുവീണിരുന്നു. അന്ന് സെക്യൂരിറ്റി പിൻ തെറ്റായ സ്ഥാനത്ത് ഇട്ടതാണ് അപകടകാരണമെന്ന് കണ്ടെത്തിയിരുന്നു.
ഇതിനെത്തുടർന്ന് ബോയിംഗ് സർവീസ് ബുള്ളറ്റിനും എഫ്എഎ എയർവർത്തിനസ് ഡയറക്ടീവും പുറപ്പെടുവിച്ചിരുന്നു.
ഹെർനെ എന്ന വിമാനത്തിൽ ടെസ്റ്റിംഗ് നടന്നിരുന്നു
ഫ്രാങ്ക്ഫർട്ടിൽ അപകടത്തിൽപ്പെട്ട D-ABPQ രജിസ്ട്രേഷനുള്ള ഹെർനെ എന്ന് പേരിട്ട വിമാനത്തിൽ അപകടസമയത്ത് ലാൻഡിംഗ് ഗിയറിന്റെ വാതിലുകൾ തുറന്ന് ടെസ്റ്റിംഗ് നടക്കുകയായിരുന്നുവെന്ന് ലുഫ്താൻസ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
അതിനാൽ ജീവനക്കാർക്ക് പിൻ മാറിപ്പോയതാണോ എന്ന സംശയം ശക്തമാണ്.
ഹൈഡ്രോളിക് തകരാറിനും സാധ്യത
അതേസമയം, ഇത് സാങ്കേതിക തകരാറാകാനും സാധ്യതയുണ്ടെന്ന് ഒരു സീനിയർ പൈലറ്റ് ചൂണ്ടിക്കാട്ടുന്നു. മുൻചക്രങ്ങളെ ഉറപ്പിച്ചുനിർത്തുന്ന ഹൈഡ്രോളിക് മർദ്ദം പെട്ടെന്ന് നഷ്ടപ്പെട്ടാൽ ചക്രങ്ങൾ മടങ്ങും.
അങ്ങനെയെങ്കിൽ ചെറിയൊരു ചലനം പോലും വിമാനം മുന്നോട്ട് വീഴാൻ കാരണമാകും.
വിമാനം പൂർണമായും ഉപേക്ഷിക്കേണ്ടി വരുമോ?
വെറും 1,000 മണിക്കൂർ മാത്രം പറന്നിട്ടുള്ള തികച്ചും പുതിയ വിമാനമാണിത്. 2026 ജനുവരിയിലാണ് ലുഫ്താൻസയ്ക്ക് കൈമാറിയത്.
കാർബൺ ഫൈബർ കൊണ്ട് നിർമിച്ച ബോഡിയിൽ ശക്തമായ ഇടിയെത്തുടർന്ന് ചെറിയ വിള്ളലുകൾ വീണിട്ടുണ്ടെങ്കിൽ വിമാനം പിന്നീട് ഉപയോഗിക്കാൻ കഴിയില്ല.
അങ്ങനെ വന്നാൽ ഇത് ടോട്ടൽ ലോസ് ആയി പ്രഖ്യാപിക്കും.
ജീവനക്കാർക്ക് പരിക്ക്, ആശുപത്രി വിട്ടു
അപകടസമയത്ത് വിമാനത്തിനുള്ളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ലുഫ്താൻസ ജീവനക്കാർക്ക് പരിക്കേറ്റിരുന്നു. ഇവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് രണ്ടുപേരും ആശുപത്രി വിട്ടതായി ലുഫ്താൻസ വക്താവ് അറിയിച്ചു.
അന്വേഷണം തുടരുന്നു
മനുഷ്യപ്പിഴവാണോ ബോയിംഗിന്റെ സാങ്കേതിക തകരാറാണോ എന്നറിയാൻ ജർമൻ ഫെഡറൽ ബ്യൂറോ ഓഫ് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ (ബിഎഫ്യു) അന്വേഷണം ആരംഭിച്ചു.
എഡി 2019-23-07 ഈ വിമാനത്തിൽ പൂർണമായി നടപ്പാക്കിയിരുന്നോ എന്നതും അന്വേഷണ പരിധിയിലുണ്ട്. ഇടക്കാല റിപ്പോർട്ട് എട്ട് ആഴ്ചയ്ക്കുള്ളിൽ സമർപ്പിക്കുമെന്നാണ് വിവരം.
Tags : Lufthansa Flight Accident NRI News