പ്രതീകാത്മക ചിത്രം
ബെർലിൻ: ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് അമേരിക്കയിലെ ഷിക്കാഗോയിലേക്ക് പറന്നുയർന്ന ലുഫ്താൻസ വിമാനം യാത്രക്കാരന്റെ ആരോഗ്യനില വഷളായതിനെത്തുടർന്ന് വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിൽ വച്ച് വഴിതിരിച്ചുവിട്ടു.
തുടർന്ന് വിമാനം സ്കോട്ലൻഡിലെ ഗ്ലാസ്ഗോ വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു. 358 യാത്രക്കാരുമായി വ്യാഴാഴ്ച രാവിലെ 11.24-ഓടെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് പുറപ്പെട്ട LH 430 നമ്പർ ബോയിംഗ് 747-8 ജംബോജെറ്റിലാണ് അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടായത്.
ഒൻപത് മണിക്കൂർ നീളുന്ന യാത്രയ്ക്കിടെ വിമാനം വടക്കൻ അറ്റ്ലാന്റിക്കിന് മുകളിലെത്തിയപ്പോഴാണ് ഒരു യാത്രക്കാരന് ഗുരുതരമായ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. രോഗിക്ക് അതിവേഗം വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനായി പൈലറ്റ് എയർ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും വിമാനം ഗ്ലാസ്ഗോയിലേക്ക് തിരിച്ചുവിടുകയുമായിരുന്നു.
ജർമൻ സമയം ഉച്ചയ്ക്ക് 225-ഓടെ വിമാനം ഗ്ലാസ്ഗോയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.
അടിയന്തര ചികിത്സ: രോഗബാധിതനായ യാത്രക്കാരന്റെ സ്വകാര്യത മുൻനിർത്തി കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. വിമാനം ഇറങ്ങിയ ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.
ഷിക്കാഗോ യാത്ര റദ്ദാക്കി: രോഗിയുടെ ലഗേജുകൾ ഇറക്കാനും വിമാനത്തിൽ വീണ്ടും ഇന്ധനം നിറയ്ക്കാനും ഗ്ലാസ്ഗോയിൽ കൂടുതൽ സമയമെടുത്തു. തുടർന്ന് ജീവനക്കാരുടെ നിയമപരമായ ഡ്യൂട്ടി സമയം കഴിഞ്ഞതിനാൽ ഷിക്കാഗോയിലേക്കുള്ള യാത്ര പൂർണമായി റദ്ദാക്കാൻ ലുഫ്താൻസ തീരുമാനിച്ചു.
വിമാനം ഗ്ലാസ്ഗോയിൽ നിന്ന് തിരികെ ഫ്രാങ്ക്ഫർട്ടിലേക്ക് തന്നെ മടങ്ങി. ഷിക്കാഗോയിൽ നിന്ന് നിശ്ചയിച്ചിരുന്ന മടക്ക സർവീസും റദ്ദാക്കി.
യാത്രക്കാർക്ക് ബദൽ ക്രമീകരണം: ഷിക്കാഗോയിലേക്ക് പോകേണ്ടിയിരുന്ന 358 യാത്രക്കാർക്കായി മറ്റ് എയർലൈനുകളിലും തുടർന്നുള്ള സർവീസുകളിലുമായി ബദൽ യാത്രാ സൗകര്യങ്ങൾ ഒരുക്കിയെന്ന് ലുഫ്താൻസ അറിയിച്ചു.