മെഴ്സിഡസ് ബെൻസ്
ബർലിൻ : ജർമനിയിലെ വാഹന നിർമ്മാണ കന്പിനിയായ മെഴ്സിഡസ് ബെൻസ് തങ്ങളുടെ ആഭ്യന്തര പ്ലാന്റുകൾ പൂട്ടുമെന്ന മുന്നറിയിപ്പുമായി രംഗത്ത്. ജർമനിയിലെ ഉയർന്ന ഉൽപ്പാദനച്ചെലവ് അടിയന്തരമായി കുറയ്ക്കാൻ തൊഴിലാളി സംഘടനകൾ തയ്യാറായില്ലെങ്കിൽ രാജ്യത്തെ രണ്ട് പ്രധാന ഫാക്ടറികൾ അടച്ചുപൂട്ടേണ്ടി വരുമെന്ന് കമ്പനി മാനേജ്മെന്റ് കർശന മുന്നറിയിപ്പ് നൽകി.
ചൈനീസ് ഇലക്ട്രിക് വാഹനങ്ങളിൽ നിന്നുള്ള കടുത്ത മത്സരവും യൂറോപ്പിലെ വിപണി മാന്ദ്യവും കാരണം പരമ്പരാഗത ഓട്ടോമൊബൈൽ മേഖല കടുത്ത പ്രതിസന്ധി നേരിടുന്നതിനിടയിലാണ് കമ്പനിയുടെ ഈ ഞെട്ടിക്കുന്ന നീക്കം.
മെഴ്സിഡസിന്റെ ഏറ്റവും വലിയ നിർമ്മാണ കേന്ദ്രമായ സിൻഡൽഫിംഗനിൽ (Sindelfingen) നടന്ന ജീവനക്കാരുടെ വർക്ക്സ് കൗൺസിൽ യോഗത്തിൽ പ്രൊഡക്ഷൻ ചീഫ് മൈക്കൽ ഷീബെയാണ് ഈ അന്ത്യശാസനം മുന്നോട്ടുവെച്ചത്.
"ചെലവ് കുറയ്ക്കുക, അല്ലെങ്കിൽ ഫാക്ടറികൾ പൂട്ടുക": കമ്പനി തലവന്റെ അന്ത്യശാസനം
ജർമനിയിലെ ഉൽപാദന കേന്ദ്രങ്ങൾ സംരക്ഷിച്ചു നിർത്തുക എന്നത് തന്നെയാണ് മാനേജ്മെന്റിന്റെ പ്രധാന ലക്ഷ്യമെന്ന് മൈക്കൽ ഷീബെ വ്യക്തമാക്കി. എന്നാൽ ഇത് യാഥാർഥ്യമാകണമെങ്കിൽ ജീവനക്കാരും വർക്ക്സ് കൗൺസിലും യാഥാർത്ഥ്യങ്ങൾ മനസിലാക്കി ചെലവ് ചുരുക്കൽ നടപടികൾക്ക് പൂർണമായി വഴങ്ങേണ്ടി വരും.
"ഇക്കാര്യത്തിൽ ഒരു സമവായത്തിലെത്താൻ നമുക്ക് സാധിച്ചില്ലെങ്കിൽ, ജർമനിയിലെ ഒരു അസംബ്ലി പ്ലാന്റും ഒരു പവർട്രെയിൻ പ്ലാന്റും ഞങ്ങൾ അടച്ചുപൂട്ടാൻ നിർബന്ധിതരാകും," എന്ന് മൈക്കൽ ഷീബെ യോഗത്തിൽ പരസ്യമായി പ്രഖ്യാപിച്ചു. നേരത്തെ ഒരു പ്ലാന്റ് പൂട്ടിയേക്കുമെന്ന അഭ്യൂഹങ്ങൾ നിലനിന്നിരുന്ന സ്ഥാനത്താണ് മാനേജ്മെന്റ് ഒരേസമയം രണ്ട് കേന്ദ്രങ്ങൾക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
ഭീഷണി നേരിടുന്ന കേന്ദ്രങ്ങൾ ഏതെല്ലാം?
മെഴ്സിഡസ് ബെൻസിന്റെ പുതിയ പ്രഖ്യാപനം ജർമ്മനിയിലെ നിരവധി സംസ്ഥാനങ്ങളെ കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്:
അസംബ്ലി പ്ലാന്റുകൾ (വാഹനങ്ങൾ നിർമ്മിക്കുന്ന കേന്ദ്രങ്ങൾ): ബാഡൻ-വ്യൂർട്ടൻബർഗിലെ സിൻഡൽഫിംഗൻ, റസ്റ്റാറ്റ് (Rastatt), ബ്രെമെൻ (Bremen) എന്നിവിടങ്ങളിലാണ് നിലവിൽ ജർമ്മനിയിൽ കമ്പനിയുടെ പ്രധാന വാഹന അസംബ്ലി ഫാക്ടറികൾ പ്രവർത്തിക്കുന്നത്.
പവർട്രെയിൻ പ്ലാന്റുകൾ (എഞ്ചിൻ, ഘടകഭാഗങ്ങൾ എന്നിവ നിർമ്മിക്കുന്ന കേന്ദ്രങ്ങൾ): തുറിഞ്ചിയയിലെ കൊളെഡ/ആൺസ്റ്റാറ്റ് (Kölleda/Arnstadt), ഹാംബുർഗ് (Hamburg), സാക്സണിയിലെ കാമൻസ് (Kamenz) എന്നിവയാണ് പ്രധാന പവർട്രെയിൻ കേന്ദ്രങ്ങൾ.
Tags : Deepika DeepikaNewspaper BreakingNews Mercedes-Benz issues warning to employees