ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
നാഷ്വിൽ: ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് നാന്ദി കുറിച്ച് കേരള അസോസിയേഷൻ ഓഫ് നാഷ്വിൽ (കാൻ) അംഗങ്ങൾക്കായി പായസപ്പെരുമ എന്ന പേരിൽ വ്യത്യസ്തമായ പായസ മത്സരം സംഘടിപ്പിച്ചു.
രുചിയിലും വൈവിധ്യത്തിലും മുന്നിട്ടുനിന്ന പായസങ്ങളുടെ പ്രദർശനവും മത്സരവും നാഷ്വിൽ മലയാളികൾക്ക് വേറിട്ട അനുഭവമായി. നാഷ്വിൽ നഗരമധ്യത്തിലെ സെന്റിനിയൽ പാർക്കിൽ നടന്ന പരിപാടിയിൽ നിരവധി കാൻ അംഗങ്ങൾ പങ്കെടുത്തു.
കാൻ കൾച്ചറൽ കമ്മിറ്റി ചെയർ ശ്രീഷ അനീഷിന്റെയും കോ-ചെയർ ആശ പത്യാരിയുടെയും നേതൃത്വത്തിലായിരുന്നു "പായസപ്പെരുമ' സംഘടിപ്പിച്ചത്.
കാൻ വൈസ് പ്രസിഡന്റ് സുശീല സോമരാജൻ, സെക്രട്ടറി സുജിത് പിള്ള, ജോയിന്റ് ട്രഷറർ നിജിൽ ഉണ്ണിയാൻ, ഇന്ത്യൻ അസോസിയേഷൻ ഓഫ് നാഷ്വിൽ (IAN) മുൻ പ്രസിഡന്റ് ആദർശ് രവീന്ദ്രൻ തുടങ്ങിയവരും പരിപാടിയിൽ സന്നിഹിതരായിരുന്നു.
കാനിന്റെ ഓണം മഹോത്സവം 22ന്
കാനിന്റെ ഓണം മഹോത്സവം ഈ മാസം 22ന് ശനിയാഴ്ച മർഫീസ്ബറോ പാറ്റേഴ്സൺ പാർക്കിലെ വിശാലമായ ജിംനേഷ്യത്തിലും വാഷിംഗ്ടൺ ഓഡിറ്റോറിയത്തിലുമായി വിപുലമായ പരിപാടികളോടെ നടക്കും.
വാഴയിലയിൽ വിളമ്പുന്ന ഓണസദ്യ, ചെണ്ടമേളം, മാവേലി, വാമനൻ, പുലിക്കളി, താലപ്പൊലി എന്നിവ അണിനിരക്കുന്ന ഘോഷയാത്ര എന്നിവ ഓണാഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളാകും.
തുടർന്ന് കാൻ അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറും. പ്രശസ്ത ഗായകനും സംഗീതസംവിധായകനുമായ ഫ്രാങ്കോ സൈമൺ മുഖ്യാതിഥിയായി പങ്കെടുക്കും.
ഓണം മഹോത്സവം വിജയകരമാക്കുന്നതിനായി കാൻ ഭരണസമിതിയുടെയും വളന്റിയർമാരുടെയും നേതൃത്വത്തിൽ ഒരുക്കങ്ങൾ സജീവമായി പുരോഗമിക്കുകയാണെന്ന് കാൻ പ്രസിഡന്റ് ശങ്കർ മന അറിയിച്ചു.
Tags : Onam PayasamContest