കൊളോൺ: കൊളോൺ ആസ്ഥാനമായുള്ള സീറോമലബാർ കമ്യൂണിറ്റി യേശുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓർമകൾ പുതുക്കി ഭക്തിനിർഭരമായി ഓശാന തിരുനാൾ ആഘോഷിച്ചു.
ഞായറാഴ്ച വൈകുന്നേരം നാലിന് മ്യുൾഹൈമിലെ തിരുഹൃദയ ദേവാലയത്തിൽ ഓശാനയുടെ കർമങ്ങൾക്ക് തുടക്കം കുറിച്ചു. പ്രത്യേകം തയാറാക്കിയ പീഠത്തിൽ കേരളത്തിൽ നിന്നും എത്തിച്ച കുരുത്തോല വെഞ്ചിരിച്ച് വിശ്വാസികൾക്ക് നൽകി.

തുടർന്ന് ഇന്ത്യൻ സമൂഹം ദാവീദിന്റെ പുത്രന് ഓശാന പാടി പ്രദക്ഷിണമായി ദേവാലയത്തിൽ പ്രവേശിച്ച് ആഘോഷമായ സമൂഹബലിയർപ്പിച്ചു. റോമിൽ ഉപരിപഠനം നടത്തുന്ന ഫാ. ഡിറ്റോ സുപ്രത്ത് സിഎംഐ (മിലാൻ), ഫാ. ജോമോൻ അറയ്ക്കപറമ്പിൽ എന്നിവർ സഹകാർമികരായി.

ഫാ. ഡിറ്റോ സുപ്രത്ത് വചനസന്ദേശം നൽകി. യൂത്ത് കൊയറിന്റെ ഗാനാലാപനം ദിവ്യബലിയെ കൂടുതൽ ഭക്തിസാന്ദ്രമാക്കി. ജർമനിയിലെ മൂന്നാം തലമുറയിലെ കുട്ടികൾ തിരുക്കർമങ്ങളിൽ ശുശ്രൂഷികളായി പങ്കുചേർന്നു.

ഓശാനയുടെ പരിപാടികൾക്ക് കമ്യൂണിറ്റിയുടെ കോഓർഡിനേഷൻ കമ്മിറ്റി നേതൃത്വം നൽകി. ദിവ്യബലിക്ക് ശേഷം ഓശാനയുടെ സ്മൃതികൾ ഉണർത്തുന്ന കേരള ക്രൈസ്തവ പാരമ്പര്യ പ്രതീകമായ കൊഴുക്കട്ട എന്ന വിശേഷ ഭോജ്യവും കോഫിക്കൊപ്പം ഒരുക്കിയിരുന്നു.
Tags : SyroMalabar community Cologne Oshana Thirunal