ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
റോഥർഹാം: യുകെ മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന യുക്മ ദേശീയ കലാമേള നവംബർ ഏഴിന് ചെൽട്ടൺഹാമിൽ നടക്കും.
റോഥർഹാം മാൻവേഴ്സ് തടാകത്തിൽ സംഘടിപ്പിക്കപ്പെട്ട എട്ടാമത് യുക്മ കേരളപൂരം വള്ളംകളിയുടെയും ഓണാഘോഷങ്ങളുടെയും ആവേശത്തിന്റെ അലയൊലികൾ അടങ്ങും മുൻപ് തന്നെ യുക്മ റീജിയണൽ കലാമേളകൾക്ക് ഒക്ടോബർ മൂന്ന് മുതൽ തുടക്കമാകുന്നു.
യുകെയിലെ മുഴുവൻ കലാപ്രേമികളും ഉറ്റുനോക്കുന്ന പതിനേഴാമത് യുക്മ ദേശീയ കലാമേള നവംബർ ഏഴിന് ചെൽട്ടൺഹാമിൽ നടക്കുമ്പോൾ പ്രവാസലോകത്തെ ഏറ്റവും വലിയ കലാമാമാങ്കമായി അത് ചരിത്രത്താളുകളിൽ രേഖപ്പെടുത്തും.
യുക്മയുടെ ശക്തമായ ഏഴു റീജിയണുകളിൽ നടക്കുന്ന കലാമത്സരങ്ങളിലെ വിജയികളാണ് ദേശീയ കലാമേളയിൽ പങ്കെടുക്കുന്നത്. ആയിരത്തിൽ പരം കലാകാരന്മാരും കലാകാരികളും നിരന്തരമായ പരിശീലനത്തിനൊടുവിൽ തങ്ങളുടെ കഴിവുകൾ മാറ്റുരക്കുന്നതിന് തയാറെടുക്കുന്ന യുക്മയുടെ റീജിയണൽ കലാമേള വേദികൾ അതിവേഗം സജ്ജമായികൊണ്ടിരിക്കുന്നു.
ദേശീയ കലാമേളയുടെ ലോഗോ രൂപകല്പന ചെയ്യുന്നതിനും മത്സര നഗരിയുടെ നാമകരണത്തിനുമായി നടത്തപ്പെടുന്ന മത്സരങ്ങൾ 28/09/2026, തിങ്കൾ മുതൽ ആരംഭിക്കുകയും 04/10/2026, ഞായറാഴ്ച അവസാനിക്കുകയും ചെയ്യും.
തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയും പേരുമായിരിക്കും ദേശീയ കലാമേളയ്ക്ക് ഉപയോഗിക്കുക. കേരളത്തിന്റെ സംസ്കാരത്തെയോ പരമ്പരാഗത കലാരൂപങ്ങളെയോ പ്രതിഫലിപ്പിക്കുന്ന വിധത്തിലായിരിക്കണം ലോഗോ രൂപകല്പന ചെയ്യേണ്ടത്.
ഭാരതത്തിന്റെ കലാ-സാഹിത്യ-സാംസ്കാരിക-സിനിമ മേഖലയിൽ സമഗ്ര സംഭാവനകൾ നൽകി മണ്മറഞ്ഞ പ്രതിഭാശാലികളുടെ പേരുകളാണ് കലാമേള നഗറിനായി പരിഗണിക്കുന്നത്.
താത്പര്യമുള്ളവർ യുക്മ നാഷണൽ സെക്രട്ടറിയുടെ ഇ-മെയിലിൽ ([email protected]) ലോഗോയും നഗരിയുടെ പേരും പ്രത്യേകം പ്രത്യേകമായി അയച്ചു കൊടുക്കേണ്ടതാണ്.
വിജയികൾക്കുള്ള സമ്മാനം നാഷണൽ കലാമേള വേദിയിൽ വച്ച് നല്കപ്പെടുന്നതായിരിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതിക വിദ്യ ഉപയോഗിച്ച് ചെയ്യുന്ന ലോഗോകൾ മത്സരത്തിന് പരിഗണിക്കുന്നതല്ല.
ഇന്ത്യയുടെ മഹത്തായ കലാ, സാഹിത്യ, സാംസ്കാരിക മേഖലകളിൽ ശ്രദ്ധേയരായിരുന്ന പ്രതിഭാധനരുടെ പേരുകളിലാണ് മുൻ വർഷങ്ങളിലും ദേശീയ കലാമേള നഗറുകൾ അറിയപ്പെട്ടിരുന്നത്. മൺമറഞ്ഞ് പോയ കലാപ്രതിഭകൾക്ക് യുക്മ നൽകുന്ന ആദരവ് കൂടിയാണ് ഈ നാമകരണം.
യുക്മ ദേശീയ കലാമേളകളുടെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു ഓരോ നാമകരണങ്ങളും. ഏതൊരു യുകെ മലയാളിക്കും ലോഗോ - നഗർ നാമകരണ മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്. ലോഗോ മത്സരത്തിന് ഒരാൾക്ക് പരമാവധി രണ്ട് ലോഗോകൾ രൂപകല്ലന ചെയ്ത് അയക്കാവുന്നതാണ്.
എന്നാൽ കലാമേള നഗറിന് ഒരാൾക്ക് ഒരു പേര് മാത്രമേ നിർദ്ദേശിക്കാൻ അവസരം ഉള്ളൂ. രണ്ട് മത്സരങ്ങളിലും പങ്കെടുക്കുന്നവർ തങ്ങളുടെ പേരും മേൽവിലാസവും ഫോൺ നമ്പറും എൻട്രിയോടൊപ്പം അയക്കേണ്ടതാണ്.
യുക്മ ദേശീയ കലാമേളയ്ക്ക് മുന്നോടിയായി നടത്തപ്പെടുന്ന റീജിയണൽ കലാമേളകൾക്കുള്ള രജിസ്ട്രേഷനുകൾ വിവിധ റീജിയണുകളിൽ ധൃതഗതിയിൽ പുരോഗമിച്ച് വരികയാണ്.
റീജിയണൽ കലാമേളകൾ ഒക്ടോബർ മൂന്നിന് നോർത്ത് വെസ്റ്റ്, യോർക്ക്ഷയർ & ഹംബർ, സൌത്ത് ഈസ്റ്റ്, ഈസ്റ്റ് ആംഗ്ളിയ റീജിയനുകളിൽ നടക്കും.
തുടർന്ന് ഒക്ടോബർ 10ന് മിഡ്ലാൻഡ്സ്, വെയിത്സ് റീജിയണുകളിലും ഒക്ടോബർ 17ന് സൗത്ത് വെസ്റ്റ് റീജിയണിലും നടത്തപ്പെടും.
റീജിയണൽ കലാമേളകളിലെ വിജയികളാവും യുക്മ കലാമേള മാനുവലിലെ നിബന്ധനകൾക്ക് അനുസൃതമായി ദേശീയ കലാമേളയിൽ പങ്കെടുക്കുവാൻ അർഹരാവുക.
നോർത്ത് വെസ്റ്റ് റീജിയണൽ മത്സരങ്ങൾക്ക് പ്രസിഡന്റ് ഷാജി തോമസ് വരാക്കുടി, ദേശീയ സമിതയംഗം ബിജു പീറ്റർ, സെക്രട്ടറി സനോജ് വർഗീസ്, യോർക്ക്ഷെയർ ആൻഡ് ഹംബർ റീജിയണൽ മത്സരങ്ങൾക്ക് പ്രസിഡന്റ് അമ്പിളി സെബാസ്റ്റ്യൻ, ദേശീയ സമിതിയംഗം ജോസ് വർഗീസ്, സെക്രട്ടറി അജു തോമസ്, സൗത്ത് ഈസ്റ്റ് റീജിയൺ മത്സരങ്ങൾക്ക് പ്രസിഡന്റ് ജിപ്സൺ തോമസ്, ദേശീയ സമിതിയംഗം സുരേന്ദ്രൻ ആരക്കോട്ട്, സെക്രട്ടറി സാംസൺ പോൾ, ഈസ്റ്റ് ആംഗ്ലിയ റീജിയൺ മത്സരങ്ങൾക്ക് പ്രസിഡന്റ് ജോബിൻ ജോർജ്, ദേശീയ സമിതിയംഗം ജയ്സൺ ചാക്കോച്ചൻ, സെക്രട്ടറി ഭുവനേഷ് പീതാംബരൻ, മിഡ്ലാൻഡ്സ് റീജിയൺ മത്സരങ്ങൾക്ക് പ്രസിഡന്റ് അഡ്വ. ജോബി പുതുക്കുളങ്ങര, ദേശീയ സമിതിയംഗം ജോർജ് തോമസ്, സെക്രട്ടറി ലൂയിസ് മേനാച്ചേരി, വെയിത്സ് റീജിയണൽ മത്സരങ്ങൾക്ക് പ്രസിഡന്റ് ജോഷി തോമസ്, ദേശീയ സമിതിയംഗം ബെന്നി അഗസ്റ്റിൻ, സെക്രട്ടറി ഷെയ്ലി ബിജോയ് തോമസ്, സൗത്ത് വെസ്റ്റ് റീജിയൻ മത്സരങ്ങൾക്ക് പ്രസിഡന്റ് സുനിൽ ജോർജ്, ദേശീയ സമിതിയംഗം രാജേഷ് രാജ്, സെക്രട്ടറി ജോബി തോമസ് എന്നിവർ നയിക്കുന്ന റീജിയണൽ കമ്മിറ്റികൾ നേതൃത്വം നൽകും.
റീജണൽ, നാഷണൽ കലാമേളകൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനാവശ്യമായ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതായി യുക്മ നാഷണൽ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റിയൻ അറിയിച്ചു.
കലാമേളകളിൽ മത്സരാർഥികൾക്ക് രജിസ്റ്റർ ചെയ്യുവാനായി മുൻ വർഷങ്ങളിലെ പോലെ ഓൺ ലൈൻ സംവിധാനം ഒരുക്കിയിട്ടുള്ളതായി നാഷണൽ സെക്രട്ടറി ജയകുമാർ നായർ പറഞ്ഞു.
യുക്മ സഹകാരിയായ പി.എം. ജോസിന്റെ ഉടമസ്ഥതയിലുള്ള ജെഎംപി സോഫ്റ്റ്വെയർ സ്പോൺസർ ചെയ്യുന്ന കലാമേള രജിസ്ട്രേഷൻ സിസ്റ്റം പ്രവർത്തനക്ഷമമായതായി കലാമേള കൺവീനർ വർഗീസ് ഡാനിയേൽ അറിയിച്ചു.
യുക്മ ദേശീയ ട്രഷറർ ഷീജോ വർഗീസ്, വൈസ് പ്രസിഡന്റ് സ്മിത തോട്ടം, ജോയിന്റ് സെക്രട്ടറിമാരായ സണ്ണിമോൻ മത്തായി, റെയ്മോൾ നിധീരി, ജോയിന്റ് ട്രഷറർ പീറ്റർ താണോലിൽ എന്നിവരുടെ നേതൃത്വത്തിൽ യുക്മ ദേശീയ സമിതിയും വിവിധ റീജിയണൽ കമ്മിറ്റികളും കലാമേളകളുടെ വിജയകരമായ നടത്തിപ്പിനുള്ള തയാറെടുപ്പുകൾ നടത്തിവരികയാണ്.
Tags : UUKMA NationalArtsFestival Cheltenham NRINews