പ്രതീകാത്മക ചിത്രം
കൊച്ചി: എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം, പൊതുനിയമനങ്ങൾ എന്നിവ സംബന്ധിച്ചു പൊതുവിദ്യാഭ്യാസ ഡയറക്ടർ അഡ്വക്കറ്റ് ജനറലിനു നൽകിയ ശിപാർശ ന്യൂനപക്ഷ മാനേജ്മെന്റ് സ്ഥാപനങ്ങൾക്ക് ആശങ്കയുളവാക്കുന്നതാണെന്നും അതു പുനഃപരിശോധിക്കണമെന്നും കെസിബിസി വിദ്യാഭ്യാസ കമ്മിഷൻ.
ഭരണഘടന ഉറപ്പുനൽകുന്ന ന്യൂനപക്ഷാവകാശങ്ങൾ പരിഗണിക്കാതെയുള്ള ചില നിർദേശങ്ങൾ പ്രപ്പോസലിൽ ഉൾപ്പെട്ടിട്ടുണ്ട്.
ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥ നിയമനങ്ങൾ നടത്താനുള്ള അധികാരം മാനേജർക്കാണ് എന്നിരിക്കെ, ഭിന്നശേഷി നിയമനങ്ങൾക്കുപുറമെ, പൊതുനിയമനങ്ങളും ജില്ലാ സമിതി നിർദേശിക്കുന്നതു പ്രകാരമായിരിക്കണമെന്നാണ് പ്രപ്പോസലിലെ ആവശ്യം.
ഭിന്നശേഷി നിയമനം സംബന്ധിച്ച പ്രതിസന്ധികൾ പരിഹരിക്കുകയാണ് യഥാർഥ ആവശ്യമെന്നിരിക്കെ, അതിന്റെ മറവിൽ പൊതുനിയമനങ്ങളിൽ ഭരണഘടനാവിരുദ്ധമായ ഇടപെടലുകൾ നടത്താനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നീക്കം പ്രതിഷേധാർഹമാണ്.
ഇപ്പോൾ പൊതുവിദ്യാഭ്യാസ വകുപ്പ് മുമ്പോട്ടു വച്ചിരിക്കുന്ന പ്രപ്പോസൽ യാതൊരു കാരണവശാലും അന്തിമമായി പരിഗണിക്കരുത്. കേരളത്തിൽ നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന കത്തോലിക്കാ സഭ ഉൾപ്പടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം.
തുടർചർച്ചകളിൽ ന്യൂനപക്ഷ മാനേജ്മെന്റ് പ്രതിനിധികളെയും ഉൾപ്പെടുത്തി ഭരണഘടനാപരവും നീതിയുക്തവുമായ പുതിയ പ്രപ്പോസൽ തയാറാക്കി അഡ്വക്കറ്റ് ജനറലിനു നൽകണമെന്നും കെസിബിസി വിദ്യാഭ്യാസ കമ്മിഷൻ ആവശ്യപ്പെട്ടു.
Tags : AidedSchools Appointments KCBCEductionCommission Director PublicEducation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash