തൂഫാൻ 2.0 (തദ്ദേശം) സംസ്ഥാനതല ഉദ്ഘാടനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു.
മലപ്പുറം: ലഹരിമാഫിയയെ സമൂഹത്തിൽനിന്നു പൂർണമായും അകറ്റിനിർത്താൻ പൊതുസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടു വരണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ലഹരിവിരുദ്ധ കാന്പയിനായ ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടമായ തൂഫാൻ ജനജാഗ്രത സമിതിയുടെ (തൂഫാൻ-തദ്ദേശം) സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം ജില്ലയിലെ വേങ്ങര മലബാർ ആർട്സ് ആൻഡ് സയൻസ് കോളജിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ പ്രധാന കാരണമായ ലഹരിയെ ശത്രുവായിക്കണ്ട് കേരളത്തിലെ സ്ത്രീകൾ ഒറ്റക്കെട്ടായി തൂഫാനോടൊപ്പം അണിനിരന്നതാണ് ഒന്നാം ഘട്ടത്തിന്റെ വിജയത്തിനു പിന്നിലെന്ന് മന്ത്രി പറഞ്ഞു. കുട്ടികളിലോ പ്രിയപ്പെട്ടവരിലോ ഉണ്ടാകുന്ന മാറ്റങ്ങൾ വേഗത്തിൽ തിരിച്ചറിയാൻ അമ്മമാർക്കു സാധിക്കും. ഗ്രാമ, നഗര ഭേദമില്ലാതെ കുഞ്ഞുങ്ങളെ ലഹരിമാഫിയ വലയിലാക്കുന്നത് ഗൗരവത്തോടെ കാണണം. ലഹരി നമ്മുടെ വീടുകളിലും എത്തിയിരിക്കുന്നുവെന്ന തിരിച്ചറിവാണ് ഈ പോരാട്ടത്തിനു കരുത്തേകേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ഓപ്പറേഷൻ തൂഫാൻ ആരംഭിച്ച ശേഷം സംസ്ഥാനത്ത് ലഹരി ഉപയോഗത്തിൽ 20 മുതൽ 30 ശതമാനം വരെ കുറവുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. കേരളത്തിന് അകത്തും പുറത്തും പൊലിസ് നടത്തുന്ന തീവ്രമായ ഇടപെടലുകളാണ് ഈ വിജയത്തിനു കാരണം. മഞ്ചേരിയിൽനിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തികടന്ന് കോയന്പത്തൂരിൽനിന്ന് 13 കിലോ എംഡിഎംഎ പിടികൂടിയ മലപ്പുറം പൊലിസിന്റെ മികവിനെ മന്ത്രി അഭിനന്ദിച്ചു. ജനങ്ങളെ പൂർണമായി വിശ്വാസത്തിലെടുത്തു എന്നതാണ് പദ്ധതിയുടെ മറ്റൊരു നാഴികക്കല്ല്. ഒരു കുറ്റവാളിയെയും സംരക്ഷിക്കാതെ, മുഖം നോക്കാതെ നാടിനുവേണ്ടി പ്രവർത്തിക്കാൻ സർക്കാരിനു സാധിച്ചുവെന്നു മന്ത്രി പറഞ്ഞു.
ലഹരിവ്യാപനവും ഉപയോഗവും പൂർണമായി തടയുന്നതിനായി തദ്ദേശസ്ഥാപന തലത്തിൽ ജനകീയ ഇടപെടൽ ശക്തമാക്കുന്നതാണു തൂഫാൻ രണ്ടാം ഘട്ടം. എക്സൈസ് വകുപ്പിന്റെ 100 ദിന കർമപദ്ധതിയും ആഭ്യന്തരവകുപ്പിന്റെ ഓപ്പറേഷൻ തൂഫാൻ 2.0-യും സംയോജിപ്പിച്ചാണു പദ്ധതി നടപ്പാക്കുന്നത്. ലഹരിയുടെ ആവശ്യകത കുറയ്ക്കുക, പ്രാരംഭ ഘട്ടത്തിൽത്തന്നെ ഇടപെടുക, അടിമപ്പെട്ടവർക്ക് ചികിത്സയും കൗണ്സലിംഗും പുനരധിവാസവും ഉറപ്പാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. തൂഫാൻ സ്ട്രൈക്ക്, തൂഫാൻ കെയർ, തൂഫാൻ ആപ്പ്, തൂഫാൻ ഐസ്, തൂഫാൻ പ്ലേ, തൂഫാൻ ഡ്രഗ് ഫ്രീ കാന്പസ് അക്രെഡിറ്റേഷൻ എന്നീ ഘട്ടങ്ങളായാണു രണ്ടാം ഘട്ടം പൂർത്തിയാക്കുക. ഇതിനായി എല്ലാ വാർഡുകളിലും ‘തൂഫാൻ ഗ്രാമസഭകൾ’ വിളിച്ചുചേർക്കുകയും തണ്ടർ വോളന്റിയർമാരെയും തൂഫാൻ വാരിയേഴ്സിനെയും കണ്ടെത്തുകയും ചെയ്യും.
ചടങ്ങിൽ പങ്കെടുത്ത എല്ലാവരെയും മന്ത്രി തൂഫാൻ വാരിയേഴ്സായി പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർക്ക് മന്ത്രി തൂഫാൻ ബാഡ്ജ് അണിയിച്ചു. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ്. അയ്യർ തൂഫാൻ-തദ്ദേശം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മന്ത്രി കെ.എം. ഷാജി, പി.വി. അബ്ദുൾ വഹാബ് എംപി, എംഎൽഎമാരായ ആബിദ് ഹുസൈൻ തങ്ങൾ, മഞ്ഞളാംകുഴി അലി, കുറുക്കോളി മൊയ്തീൻ, വി.എസ്. ജോയ്, പി.കെ. നവാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി, എഡിജിപിമാരായ ദിനേശ് കശ്യപ് (ഇന്റലിജൻസ്), പി. വിജയൻ (ക്രമസമാധാനം), നോർത്ത് സോണ് ഐജിയും ഓപ്പറേഷൻ തൂഫാൻ നോഡൽ ഓഫീസറുമായ പുട്ട വിമലാദിത്യ, മലപ്പുറം കളക്ടർ വിനയ് ഗോയൽ, തൃശൂർ റേഞ്ച് ഡിഐജി ടി. നാരായണൻ, ജില്ലാ പൊലിസ് മേധാവി ചൈത്ര തെരേസ ജോണ് എന്നിവർ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Tags : Society RameshChennithala DrugMafia Rootout Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash