x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​രു​ന്നു​ക​ളെ തോ​ല്പി​ക്കും ബാ​ക്‌​ടീ​രി​യ


Published: April 13, 2026 05:18 PM IST | Updated: April 13, 2026 05:19 PM IST

ancient bacteria

മ​രു​ന്നു​ക​ളെ തോ​ല്പി​ക്കും ബാ​ക്‌​ടീ​രി​യ ശാ​സ്ത്ര​ജ്ഞ​ർ​ക്ക് അ​ദ്ഭു​ത​മാ​കു​ന്നു. അ​തി​ജീ​വ​ന​ത്തി​നാ​യി വി​ചി​ത്ര​ത​ന്ത്ര​ങ്ങ​ള്‍ പ​യ​റ്റു​ന്ന സൂ​ക്ഷ്മ​ജീ​വി​ക​ളെ ക​ണ്ടെ​ത്തി​യ​തോ, ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​നു വ​ര്‍​ഷ​ങ്ങ​ളാ​യി ഒ​റ്റ​പ്പെ​ട്ടു കി​ട​ക്കു​ന്ന ഗു​ഹാ​ന്ത​ര​ങ്ങ​ളി​ൽ!

ആ​ധു​നി​ക മ​രു​ന്നു​ക​ളെ​പ്പോ​ലും പ്ര​തി​രോ​ധി​ക്കാ​ന്‍ ശേ​ഷി​യു​ള്ള അ​തി​പു​രാ​ത​ന ബാ​ക്‌​ടീ​രി​യ​ക​ൾ തെ​ക്ക​ന്‍ ന്യൂ ​മെ​ക്‌​സി​ക്കോ​യി​ലെ ചി​ഹു​വാ​ഹു​വ​ന്‍ മ​രു​ഭൂ​മി​ക്ക് 1,604 അ​ടി താ​ഴെ​യു​ള്ള ലെ​ചു​ഗി​ല്ല ഗു​ഹ​യി​ലാ​ണു​ള്ള​ത്. മ​നു​ഷ്യ​വാ​സ​മോ, സൂ​ര്യ​പ്ര​കാ​ശ​മോ ഇ​ല്ലാ​ത്ത ഇ​രു​ണ്ട ലോ​ക​ത്ത് അ​തി​ജീ​വ​ന​ത്തി​നാ​യി പ​ര​സ്പ​രം കൊ​ന്നും തി​ന്നും ന​ട​ത്തു​ന്ന സൂ​ക്ഷ്മ​ജീ​വി​ക​ളു​ടെ പോ​രാ​ട്ട​ങ്ങ​ൾ പു​തി​യ ത​രം ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ള്‍ ക​ണ്ടെ​ത്താ​ന്‍ ശാ​സ്ത്ര​ജ്ഞ​ര്‍​ക്കു പ്ര​ചോ​ദ​ന​മാ​കു​ക​യാ​ണ്.

അ​തി​ജീ​വ​നം വി​ചി​ത്രം

ബാ​ക്‌​ടീ​രി​യ​ക​ള്‍ അ​തി​വി​ചി​ത്ര​മാ​യ രീ​തി​ക​ളാ​ണ് അ​തി​ജീ​വ​ന​ത്തി​നാ​യി സ്വീ​ക​രി​ക്കു​ന്ന​ത്. ചി​ല​ത്, പാ​റ​ക​ളി​ല്‍​നി​ന്ന് ഊ​ര്‍​ജം ക​ണ്ടെ​ത്തു​മ്പോ​ള്‍ മ​റ്റു ചി​ല​ത്, സ​ഹ​ജീ​വി​ക​ളെ വേ​ട്ട​യാ​ടി തി​ന്നു​ന്ന രീ​തി​യാ​ണ് പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്. മ​ഴ​ക്കാ​ടു​ക​ളി​ലെ വേ​ട്ട​ക്കാ​രെ​പ്പോ​ലെ മ​റ്റു സൂ​ക്ഷ്മ​ജീ​വി​ക​ളെ പി​ടി​കൂ​ടി കു​ത്തി​ക്കൊ​ല്ലു​ന്ന ത​രം ബാ​ക്ടീ​രി​യ​ക​ളെ ഇ​വി​ടെ കാ​ണാം - അ​മേ​രി​ക്ക​യി​ലെ അ​ല​ബാ​മ സ​ര്‍​വ​ക​ലാ​ശാ​ല പ്രൊ​ഫ​സ​ര്‍ ഹാ​സ​ല്‍ ബാ​ര്‍​ട്ട​ന്‍ പ​റ​യു​ന്നു. ഇ​ത്ത​ര​ത്തി​ലു​ള്ള ക​ടു​ത്ത മ​ത്സ​ര​മാ​ണ് ഇ​വ​യെ അ​ത്ഭു​ത​ക​ര​മാ​യ പ്ര​തി​രോ​ധ ശേ​ഷി​യു​ള്ള​വ​രാ​ക്കി മാ​റ്റു​ന്ന​ത്.

മ​രു​ന്നു​ക​ൾ തോ​ല്ക്കു​ന്നു

ആ​ധു​നി​ക വൈ​ദ്യ​ശാ​സ്ത്രം ഇ​ന്നു നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​യാ​യ ആ​ന്‍റി​മൈ​ക്രോ​ബി​യ​ല്‍ റെ​സി​സ്റ്റ​ന്‍​സ് അ​ഥ​വാ മ​രു​ന്നു​ക​ളെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ശേ​ഷി മ​നു​ഷ്യ​നി​ര്‍​മി​ത​മ​ല്ലെ​ന്ന് ഈ ​പ​ഠ​നം തെ​ളി​യി​ക്കു​ന്ന​താ​യി ഒ​രു​കൂ​ട്ടം ഗ​വേ​ഷ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​നു വ​ര്‍​ഷം മു​മ്പേ, ബാ​ക്ടീ​രി​യ​ക​ള്‍ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ജ​നി​ത​ക​ശേ​ഷി ആ​ര്‍​ജി​ച്ചി​രു​ന്നു. ഗു​ഹ​യി​ല്‍​നി​ന്നു ക​ണ്ടെ​ത്തി​യ പേ​നി​ബാ​സി​ല​സ് എ​ന്ന​യി​നം ബാ​ക്‌​ടീ​രി​യ​ക​ൾ, നാ​ല്പ​ത് ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ളി​ല്‍ ഇ​രു​പ​ത്തി​യ​റ് എ​ണ്ണ​ത്തെ​യും പ്ര​തി​രോ​ധി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി. ഇ​തി​ല്‍ മാ​ര​ക​മാ​യ എം​ആ​ര്‍​എ​സ്എ ബാ​ക്ടീ​രി​യ​ക​ള്‍​ക്കെ​തി​രേ അ​വ​സാ​ന​വ​ട്ട മ​രു​ന്നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഡാ​പ്‌​റ്റോ​മൈ​സി​ന്‍ പോ​ലെ​യു​ള്ള ശ​ക്ത​മാ​യ മ​രു​ന്നു​ക​ളും ഉ​ള്‍​പ്പെ​ടു​ന്ന​താ​യി ഗ​വേ​ഷ​ക​ർ പ​റ​ഞ്ഞു.

പു​തി​യ മ​രു​ന്നു​ക​ൾ

മ​നു​ഷ്യ​സ​മ്പ​ര്‍​ക്ക​മി​ല്ലാ​ത്ത ഗു​ഹ​ക​ളി​ല്‍ മ​രു​ന്നു​ക​ളെ പ്ര​തി​രോ​ധി​ക്കു​ന്ന ജീ​നു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത് ശാ​സ്ത്ര​ലോ​ക​ത്തെ അ​മ്പ​ര​പ്പി​ച്ചി​ട്ടു​ണ്ട്. ബാ​ക്‌​ടീ​രി​യ​ക​ള്‍ ആ​ര്‍​ജി​ച്ച പ്ര​തി​രോ​ധ ത​ന്ത്ര​ങ്ങ​ളെ​ക്കു​റി​ച്ചു പ​ഠി​ക്കു​ന്ന​തു​വ​ഴി, ഭാ​വി​യി​ല്‍ സൂ​പ്പ​ര്‍ ബ​ഗു​ക​ളെ നേ​രി​ടാ​ന്‍ പു​തി​യ ത​രം ഔ​ഷ​ധ​ങ്ങ​ള്‍ നി​ര്‍​മി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണു ഗ​വേ​ഷ​ക​ര്‍.

Tags :

Recent News

Corehub Up