ഇസ്താംബുള്‍ (തുര്‍ക്കി): യുവേഫ യൂറോപ്പ ലീഗ് ഫുട്ബോള്‍ 2025-26 സീസണ് കിരീടം ഇംഗ്ലീഷ് ക്ലബ് ആസ്റ്റണ്‍ വില്ലയ്ക്ക്.
ജര്‍മന്‍ ക്ലബ്ബായ എസ്സി ഫ്രൈബര്‍ഗിനെ മറുപടിയില്ലാത്ത മൂന്നു ഗോളിനു കീഴടക്കിയാണ് ആസ്റ്റണ്‍ വില്ലക്കാര്‍ യൂറോപ്പിലെ രണ്ടാം ഡിവിഷന് പോരാട്ടമായ യൂറോപ്പയിലെ വില്ലാളി വീരന്മാരായത്. യൂറോപ്പ കിരീടം ആസ്റ്റണ്‍ വില്ല സ്വന്തമാക്കുന്നത് ചരിത്രത്തില്‍ ആദ്യം.
യുവി ടൈലിമാന്‍സ് (41), എമിലിയാനൊ ബ്യൂണ്ടിയ (45+3), മോര്ഗന് റോജേഴ്സ് (58) എന്നിവരുടെ വകയായിരുന്നു ആസ്റ്റണ്‍ വില്ലയുടെ ഗോളുകള്‍.
44 വര്‍ഷത്തെ കാത്തിരിപ്പ്
നീണ്ട 30 വര്‍ഷത്തിനുശേഷമാണ് ആസ്റ്റണ്‍ വില്ല ഒരു സുപ്രധാന ട്രോഫിയില്‍ ചുംബിക്കുന്നത്. 1996ല്‍ ഇംഗ്ലീഷ് ലീഗ് കപ്പ് ചാമ്പ്യന്മാരായതായിരുന്നു ഇതിനു മുമ്പ് ദ ലയണ്‍സ് എന്നറിയപ്പെടുന്ന ആസ്റ്റണ്‍ വില്ലയുടെ അവസാന കിരീടനേട്ടം. അതേസമയം, 44 വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് വില്ല ഒരു യൂറോപ്യന്‍ ട്രോഫിയില്‍ ചുംബിക്കുന്നതെന്നതും ശ്രദ്ധേയം. 1982ല്‍ യൂറോപ്യന്‍ സൂപ്പര്‍ കപ്പും യൂറോപ്യന്‍ സൂപ്പര്‍ കപ്പും നേടിയശേഷം ക്ലബ്ബിന്റെ ആദ്യ യൂറോപ്യന്‍ ട്രോഫി.
യൂറോപ്പ കിംഗ് എമേരി
സ്പാനിഷ് മാനേജരായ ഉനയ് എമേരിയുടെ അഞ്ചാം യൂറോപ്പ കിരീടമാണ്. സ്പാനിഷ് ക്ലബ് സെവിയ്യയ്ക്ക് ഒപ്പം മൂന്നും ഇംഗ്ലീഷ് ടീം ആഴ്സണലിനൊപ്പം ഒരു പ്രാവശ്യവും എമേരി ഇതിനു മുമ്പ് യൂറോപ്പ കിരീടം സ്വന്തമാക്കിയിട്ടുണ്ട്.