തിരുവനന്തപുരം: ബാസ്കറ്റ്ബോൾ ലീഗ് കേരളയുടെ പ്രഥമ സീസണിനു മുന്നോടിയായി യുവ പ്രതിഭകളെ കണ്ടെത്താനുള്ള സംസ്ഥാനതല ടാലന്റ് ഹണ്ട് ’വണ്‍ മിനിറ്റ് ടു ഹൂപ്പ് ’ സ്കിൽ ചലഞ്ച് നാളെ തിരുവനന്തപുരത്ത് ആരംഭിക്കും.
തിരുവനന്തപുരം യൂണിവേഴ്സിറ്റി സെനറ്റ് ഹാൾ ഇൻഡോർ ബാസ്കറ്റ്ബോൾ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ സ് പോർട്സ് അഡീഷണൽ ഡയറക്ടർ ഡോ. സി.എസ്. പ്രദീപ് പദ്ധതി ഉദ്ഘാടനം ചെയ്യും.
അണ്ടർ14, അണ്ടർ19 വിഭാഗങ്ങളിലായി നിരവധി കുട്ടികളാണ് ഈ ടാലന്റ് ഹണ്ടിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബാസ്കറ്റ്ബോൾ ലീഗ് കേരളയുടെ ഭാഗമാകാനുള്ള യുവതാരങ്ങളെ തെരഞ്ഞെടുക്കുക എന്നതാണ് സ്കൗട്ടിംഗ് പ്രക്രിയയുടെ ലക്ഷ്യം.
സ്റ്റാർട്ടിംഗ് ഫൈവ് സ്പോർട്സ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡും കേരള ബാസ്കറ്റ്ബോൾ അസോസിയേഷനും എബിസി ബാസ്കറ്റ്ബോൾ ഡെവലപ്മെന്റ് ലീഗുമായി സഹകരിച്ചാണ് ’വണ്‍ മിനിറ്റ് ടു ഹൂപ്പ് ’ നടത്തുന്നത്. ഷൂട്ടിംഗ്, ഡ്രിബ്ലിംഗ്, ഡിഫൻസ് എന്നീ മൂന്നു പ്രധാന ബാസ്കറ്റ്ബോൾ കഴിവുകളാണ് ഇവിടെ പരിശോധിക്കപ്പെടുന്നത്.
ഓരോ വിഭാഗത്തിലും ഒരു മിനിറ്റ് വീതം നീണ്ടുനിൽക്കുന്ന പരീക്ഷണങ്ങളിലൂടെ താരങ്ങളുടെ വേഗവും കൃത്യതയും വിലയിരുത്തും.
തിരുവനന്തപുരത്തെ ഉദ്ഘാടനത്തിനു ശേഷം 12 മുതൽ 14 വരെ കേരളത്തിലെ മറ്റ് ആറു കേന്ദ്രങ്ങളിൽ ചലഞ്ച് നടക്കും. 12ന് ആലപ്പുഴയിൽ ജ്യോതിനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ, കോട്ടയത്ത് സെന്റ് എഫ്രേംസ് എച്ച്എസ്എസ് മാന്നാനം, 13ന് എറണാകുളത്ത് റീജണൽ സ് പോർട്സ് സെന്റർ, കൊച്ചി, തൃശൂരിൽ മുനിസിപ്പൽ സ്റ്റേഡിയം, ചാലക്കുടി, 14നു കണ്ണൂരിൽ മുനിസിപ്പൽ സ്റ്റേഡിയം, തലശേരി, കോഴിക്കോട്ട് സിൽവർ ഹിൽസ് എച്ച്എസ്എസ്.