മ്യൂണിക്: കാല്‍പ്പന്ത് ക്ലബ് ലോകത്തിലെ ഏറ്റവും വലിയ പോരാട്ടത്തിന് കളമൊരുങ്ങി. യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ സെമിയില്‍ ജര്‍മന്‍ വമ്പന്മാരായ എഫ്സി ബയേണ്‍ മ്യൂണിക്കും നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെന്റ് ജെര്‍മെയ്നും തമ്മിലാണ് ഇന്നത്തെ ക്ലാസിക് ക്ലാഷ്.
ബയേണിന്റെ തട്ടകത്തിലാണ് ഇന്നത്തെ മത്സരം. ഇന്ത്യന്‍ സമയം അര്‍ധരാത്രി 12.30നാണ് കിക്കോഫ്. പാരീസില്‍ നടന്ന ആദ്യപാദത്തില്‍ 5-4ന് പിഎസ്ജി ജയിച്ചിരുന്നു. യുവേഫ ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിഫൈനല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ പിറക്കുന്ന റിക്കാര്‍ഡ് കുറിച്ച മത്സരമായിരുന്നു അത്.
തട്ടകത്തില്‍ കേമന്‍
പാരീസ് സെന്റ് ജെര്മെയ്ന് എതിരേ ഹോം മത്സരങ്ങളില്‍ ബയേണ്‍ മ്യൂണിക്കിനാണ് ആധിപത്യം. സ്വന്തം തട്ടകമായ അലിയന്‍സ് അരീനയില്‍ പിഎസ്ജിക്ക് എതിരേ ഏഴ് മത്സരങ്ങള്‍ കളിച്ചതില്‍ അഞ്ചിലും ബയേണ്‍ മ്യൂണിക് ജയിച്ച ചരിത്രമാണ്. അതില്‍ നാല് എണ്ണത്തില്‍ രണ്ടോ അതില്‍ കൂടുതലോ ഗോളിന്റെ വ്യത്യാസത്തിലായിരുന്നു ജയം. ചാമ്പ്യന്‍സ് ലീഗില്‍ അവസാനം കളിച്ച 29 ഹോം മത്സരങ്ങളില്‍ ഒരെണ്ണം മാത്രമാണ് ബയേണ്‍ പരാജയപ്പെട്ടതെന്നതും ശ്രദ്ധേയം.
ഏതായാലും ഹാരി കെയ്ന്‍, മൈക്കല്‍ ഒലിസ്, ലൂയിസ് ഡിയസ് തുടങ്ങിയവര്‍ നയിക്കുന്ന എഫ്സി ബയേണ്‍ മ്യൂണിക്കിന്റെ ആക്രമണവും ഉസ്മാന് ഡെംബെലെ, ഖ്വിച ക്വാരത്സഖേലിയ തുടങ്ങിയവര്‍ നയിക്കുന്ന പിഎസ്ജിയുടെ മുന്നേറ്റ നിരയും തമ്മിലുള്ള കൊമ്പുകോര്‍ക്കലായിരിക്കും ഈ രാത്രി അരങ്ങേറുക.
Tags : Bayern PSG Football UEFA Champions League