ഹൈദരാബാദ്: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളാ ബ്ലാസ്റ്റേഴ്സിന് തോൽവി. ഞായറാഴ്ച നടന്ന മത്സരത്തിൽ സ്പോർട്ടിംഗ് ഡൽഹിക്കെതിരെ ഏകപക്ഷീയമായ രണ്ട് ഗോളിനാണ് ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങിയത്. ടൂർണമെന്റിലെ ടീമിന്റെ ആറാം തോൽവിയാണിത്.
പുതിയ പരിശീലകനായ വെസ്റ്റ്വുഡിന്റെ കീഴിൽ ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവ് ആരാധകർ പ്രതീക്ഷിച്ചെങ്കിലും തോൽവി നേരിടുന്നത് തുടരുകയാണ്. ആദ്യപകുതിയിലും രണ്ടാം പകുതിയിലും ഡൽഹി കേരളത്തിന്റെ വലകുലുക്കി. 36-ാം മിനിറ്റിൽ മുഹമ്മദ് അയ്മനാണ് ആദ്യം ലക്ഷ്യം കണ്ടത്.
ഗോൾ വഴങ്ങിയതോടെ തിരിച്ചടിക്കാൻ ബ്ലാസ്റ്റേഴ്സ് ചില നീക്കങ്ങൾ നടത്തിയെങ്കിലും ഗോളുമാത്രം പിറന്നില്ല. ഇതോടെ ആദ്യ പകുതി 1-0 ന് അവസാനിച്ചു. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ മതിജ ബാബോവിയാണ് രണ്ടാമത് വലകുലുക്കിയത്.
ഐഎസ്എല്ലിൽ ആദ്യ ഏഴുകളിൽ ആറിലും മഞ്ഞപ്പട തോറ്റു. ഒരു മത്സരം സമനിലയിൽ കലാശിച്ചു. ഇതുവരെ ഒരു ജയം പോലും സ്വന്തമാക്കാൻ ടീമിനായിട്ടില്ല. ഒരു പോയിന്റുമായി 13-ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ ദിവസം കൊച്ചിയിൽനടന്ന ഹോം മത്സരത്തിൽ പഞ്ചാബ് സിയുടെ മുന്നിൽ 3-1നാണ് ടീം തകർന്നടിഞ്ഞത്.
തുടർ തോൽവികളുടെ പശ്ചാത്തലത്തിലാണ് ബ്ലാസ്റ്റേഴ്സ് പരിശീലകസ്ഥാനത്തുനിന്ന് ഡേവിഡ് കാറ്റാലയെ നീക്കിയത്. കാറ്റാലയ്ക്ക് കീഴിൽ ടൂർണമെന്റിൽ ഒരു ജയം പോലും ടീമിന് സ്വന്തമാക്കാനായിരുന്നില്ല. മിഖായൽ സ്റ്റാറേയ്ക്കു പകരക്കാരനായി കഴിഞ്ഞവർഷം മാർച്ചിലാണ് കാറ്റാല ബ്ലാസ്റ്റേഴ്സ് കോച്ചായെത്തിയത്.
Tags : Indian Super League Kerala Blasters sporting delhi delhi win