തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ സൗരാഷ്ട്രയ്ക്കെതിരെ കേരളത്തിന് 73 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. കേരളത്തിന്റെ ആദ്യ ഇന്നിംഗ്സ് 233ൽ അവസാനിച്ചു.
രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിച്ച സൗരാഷ്ട്ര രണ്ടാം ദിവസം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 47 റൺസെന്ന നിലയിലാണ്. ഗജ്ജര്‍ സാമ്മര്‍ (20) ജയ് ഗോഹില്‍ (22) എന്നിവരാണ് ക്രീസില്‍. ആദ്യ ഇന്നിംഗ്സിൽ സൗരാഷ്ട്ര 160 റൺസിന് പുറത്തായിരുന്നു.
രണ്ട് വിക്കറ്റിന് 82 റണ്‍സെന്ന നിലയിലാണ് ഒന്നാം ഇന്നിംഗ്സിൽ കേരളം ബാറ്റിംഗ് ആരംഭിച്ചത്. തുടക്കത്തില്‍ തന്നെ അഹമ്മദ് ഇമ്രാന്റെ (10) വിക്കറ്റ് നഷ്ടമായി. സ്കോര്‍ 128ല്‍ നില്‍ക്കെ രോഹന് കുന്നുമ്മലും മടങ്ങി. 80 റണ്‍സെടുത്ത രോഹനാണ് ടോപ് സ്കോറർ.
ബാബ അപരാജിത് (69), അങ്കിത് ശര്‍മ്മ (38) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. സൗരാഷ്ട്രയ്ക്ക് വേണ്ടി ജയ്ദേവ് ഉനദ്ഘട്ട് നാലും ഹിതെന്‍ കാംബി രണ്ട് വിക്കറ്റും വീഴ്ത്തി.