ലക്നോ: ഐപിഎൽ രംഗപ്രവേശം നടത്താതെ ലക്നോ സൂപ്പർ ജയന്റ്സിന് തലവേദനയായി ശ്രീലങ്കൻ ലെഗ് സ്പിന്നർ വനിന്ധു ഹസരെങ്ക. സീസണ് തുടങ്ങി ഇത്രയും മത്സരങ്ങൾ പിന്നിട്ടിട്ടും ഹസരെങ്ക ലക്നോ ടീമിനൊപ്പം ചേർന്നിട്ടില്ല.
ഐപിഎൽ കളിക്കാർക്ക് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) നൽകുന്നതിനായി ശ്രീലങ്ക ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെടുന്ന ഫിറ്റ്നസ് പരിശോധനയ്ക്ക് താരം വിധേയനായിട്ടില്ല.
ഇടതു കൈത്തണ്ടയിലെ പരിക്കിനെ തുടർന്ന് രണ്ട് മാസമായി താരം കളിക്കളത്തിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഫെബ്രുവരി എട്ടിന് അയർലൻഡിനെതിരായ ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിലെ ശ്രീലങ്കയുടെ ഉദ്ഘാടന മത്സരത്തിലാണ് ഹസരെങ്ക അവസാനം കളിച്ചത്.
ശ്രീലങ്കൻ സ്പിന്നർക്ക് പകരക്കാരനെ കണ്ടെത്താനുള്ള സാധ്യത ലക്നോ പരിഗണിക്കുന്നുണ്ട്. രണ്ട് കോടി രൂപയ്ക്കാണ് 28കാരനായ ഹസരെങ്കയെ ലക്നോ ടീമിലെത്തിച്ചത്.
Tags : IPL T20 Cricket Wanindhu Hazarenga Sri Lankan leg spinner Lucknow Super Giants