ഒരേയൊരു കിംഗ്; കോഹ്ലി. മിഡ്-വിക്കറ്റിലൂടെയുള്ള പുള്‍ ഷോട്ടിലൂടെ എതിര് ബൗളര്‍മാരുടെ അന്തകനായ വിരാട് കോഹ്ലി. ഡ്രൈവ്, ഫ്ളിക്ക്/ലെഗ് ഗ്ലാന്‍സ് തുടങ്ങിയ മിഡ്-വിക്കറ്റ് ഷോട്ടുകളിലൂടെ ഐപിഎല്‍ ചരിത്രത്തിലേക്ക് റണ്ണൊഴുക്കി റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ഈ ഐക്കണ്‍.
മഴ തടസം നിന്ന കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരായ ഐപിഎല്‍ ചേസിംഗിലൂടെ, ട്വന്റി-20 ക്രിക്കറ്റ് കരിയറില്‍ 10 സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്നതടക്കമുള്ള ഒരുപിടി റിക്കാര്‍ഡുകളാണ് സൂപ്പര്‍ സ്റ്റാര്‍ വിരാട് കോഹ്ലി സ്വന്തമാക്കിയത്.
റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനായി 60 പന്തില്‍ 11 ഫോറും മൂന്നു സിക്സും അടക്കം 105 റണ്‍സുമായി കോഹ്ലി പുറത്താകാതെ നിന്നു. അതോടെ 193 റണ്‍സ് എന്ന ലക്ഷ്യം 20-ാം ഓവറിന്റെ ആദ്യ പന്തില്‍ ആര്‍സിബി സ്വന്തമാക്കി. ചേസിംഗ് കിംഗിന്റെ തോളിലേറി ജയത്തിലേക്കുള്ള യാത്രയ്ക്കിടെ നഷ്ടപ്പെട്ടത് നാലു വിക്കറ്റ് മാത്രം. സ്കോര്‍: കോല്‍ക്കത്ത 20 ഓവറില്‍ 192/4. ബംഗളൂരു 19.1 ഓവറില്‍ 194/4.
ഐപിഎല്‍ ചരിത്രത്തില്‍ ചേസിംഗില്‍ കോഹ്ലിയുടെ മൂന്നാം സെഞ്ചുറിയാണ് റായ്പുരിലെ ഷഹീര്‍ വീര്‍ നാരായണ്‍ സിംഗ് സ്റ്റേഡിയത്തില്‍ പിറന്നത്. ഐപിഎല്‍ ചേസിംഗില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറിയില്‍ ഇംഗ്ലീഷ് താരം ജോബ് ബട്ലറിന്റെ (3) ഒപ്പവും കോഹ്ലി എത്തി. ഐപിഎല്ലില്‍ കോഹ്ലിയുടെ ഒമ്പതാം സെഞ്ചുറിയാണ്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി എന്ന റിക്കാര്‍ഡും കോഹ്ലിക്കു സ്വന്തം. ട്വന്റി-20 കരിയറില്‍ 10-ാമത്തേതും. ട്വന്റി-20 കരിയറില്‍ 10 സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് വിരാട് കോഹ്ലി എന്നതും ചരിത്രം.
◄പുള്‍ ഷോട്ട് പവര്‍
105 നോട്ടൗട്ട് എന്ന ഇന്നിംഗ്സില്‍ കോഹ്ലി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് പുള്‍ ഷോട്ടിലൂടെ. അടിച്ച 11 ഫോറില്‍ നാല് ഫോറും പുള്‍ ഷോട്ട് വഴി, ഒരു സിക്സും കൂടി ചേര്‍ത്ത് ആകെ 32 റണ്‍സ് പുള്‍ ഷോട്ടിലൂടെ കോഹ്ലി നേടി. മിഡ്-വിക്കറ്റ് ഏരിയ ആയിരുന്നു കോഹ്ലിയുടെ ഇഷ്ട ഇടം. ഇന്നിംഗ്സിലെ 46 റണ്‍സ് മിഡ്-വിക്കറ്റിലൂടെ കോഹ്ലി സ്വന്തമാക്കി. ട്വന്റി-20 കരിയറില്‍ ഒരു ഇന്നിംഗ്സില്‍ മിഡ്-വിക്കറ്റിലൂടെ ഇത്രയും റണ്‍സ് കോഹ്ലി ഇതുവരെ സ്വന്തമാക്കിയിട്ടില്ലെന്നതും ചരിത്രം.
തുടരെ രണ്ട് ഇന്നിംഗ്സില്‍ പൂജ്യത്തിനു പുറത്തായശേഷമായിരുന്നു കോഹ്ലിയുടെ സെഞ്ചുറി. ഐപിഎല്‍ ചരിത്രത്തില്‍ തുടരെ രണ്ടു തവണ ഡക്ക് ആയശേഷം സെഞ്ചുറി നേടുന്ന ആദ്യതാരമാണ് കോഹ്ലി.
◄അതിവേഗം 14,000
ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തില്‍ അതിവേഗം 14,000 റണ്‍സ് എന്ന റിക്കാര്‍ഡ് സെഞ്ചുറി ഇന്നിംഗ്സിനിടെ വിരാട് കോഹ്ലി സ്വന്തമാക്കി. 409-ാം ഇന്നിംഗ്സിലാണ് കോഹ്ലി 14,000 ട്വന്റി-20 റണ്‍സ് പിന്നിട്ടത്. 423 ഇന്നിംഗ്സില്‍നിന്ന് 14,000 സ്വന്തമാക്കിയ വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം ക്രിസ് ഗെയ്ലിന്റെ റിക്കാര്‍ഡ് ഇതോടെ പിന്തള്ളപ്പെട്ടു.
ട്വന്റി-20 ക്രിക്കറ്റില്‍ 14,000 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് കോഹ്ലി. ലോക ക്രിക്കറ്റില്‍ ഈ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമനും. ട്വന്റി-20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്ലിന്റെ പേരിലാണ്. 463 മത്സരങ്ങളിലായി 455 ഇന്നിംഗ്സില്‍നിന്ന് 14,562 റണ്‍സാണ് ഗെയ്ലിന്റെ സമ്പാദ്യം. ഗെയ്ലിന്റെ ഈ റിക്കാര്‍ഡിലേക്ക് 535 റണ്‍സിന്റെ അകലം മാത്രമാണ് കോഹ്ലിക്കുള്ളത്.
◄കോഹ്ലി @ ഐപിഎല്‍
ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ചതിന്റെ റിക്കാര്‍ഡും കോഹ്ലി (279) സ്വന്തമാക്കി. 278 മത്സരങ്ങള്‍ കളിച്ച എം.എസ്. ധോണി, രോഹിത് ശര്‍മ എന്നിവരെയാണ് കോഹ്ലി പിന്തള്ളിയത്. കോല്‍ക്കത്തയ്ക്ക് എതിരായ സെഞ്ചുറിയിലൂടെ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്കാരവും കോഹ്ലിക്കു സ്വന്തം.
ഇതോടെ ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കുന്ന ഇന്ത്യന്‍ താരം എന്ന രോഹിത് ശര്‍മയുടെ (21) റിക്കാര്‍ഡിന്റെ ഒപ്പവും കിംഗ് കോഹ്ലി എത്തി. എബി ഡിവില്യേഴ്സ് (25), ക്രിസ് ഗെയ്ല് (22) എന്നിവരാണ് ഇക്കാര്യത്തില്‍ കോഹ്ലിക്കു മുന്നിലുള്ളത്.
Tags : Virat Kohli Twenty20 cricket history IPL