പ്രപഞ്ചത്തിന്റെ അവസാനം എന്നായിരിക്കും..? നക്ഷത്രങ്ങൾ പൊലിയാറാകുന്ന പ്രപഞ്ചത്തിന്റെ അവസാനഘട്ടം സങ്കൽപ്പിക്കാൻ കഴിയുന്നുണ്ടോ? ഇതുമായി ബന്ധപ്പെട്ട ശാസ്ത്രീയ അറിവുകൾ നമ്മളെ ചിലപ്പോൾ അദ്ഭുതപ്പെടുത്തിയേക്കാം. പ്രഞ്ചത്തിന്റെ ആയുസുമായി ബന്ധപ്പെട്ട മുന്‍കാല കണക്കുകൂട്ടലുകള്‍ തിരുത്തിക്കുറിക്കുന്ന പുതിയ പഠന റിപ്പോര്‍ട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പ്രപഞ്ചം നിലനില്‍ക്കുമെന്നു കരുതിയിരുന്ന കാലയളവു മുമ്പു കണക്കാക്കിയിരുന്നതിനേക്കാള്‍ വളരെ കുറവാണെന്നു പുതിയ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. "ജേണല്‍ ഓഫ് കോസ്മോളജി ആന്‍ഡ് ആസ്ട്രോപാര്‍ട്ടിക്കിള്‍ ഫിസിക്സ്'ആണ് നിര്‍ണായക പഠനം പ്രസിദ്ധീകരിച്ചത്.
പ്രപഞ്ചം ഏതാണ്ട് 10^{1100} വര്‍ഷങ്ങളോളം നിലനില്‍ക്കുമെന്നാണ് ദശകങ്ങളായി ശാസ്ത്രലോകത്തിനുണ്ടായിരുന്ന വിശ്വാസം. എന്നാല്‍ പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഇത് 10^{78} വര്‍ഷങ്ങളായി കുറഞ്ഞിരിക്കുന്നു! രണ്ട് സംഖ്യകളും മനുഷ്യന്റെ ചിന്താശക്തിക്കും അപ്പുറത്തുള്ള വലിയ കാലയളവുകളാണെങ്കിലും, ശാസ്ത്രീയമായി നോക്കുമ്പോള്‍ ഇവ തമ്മിലുള്ള വ്യത്യാസം ഭീമമാണ്. ഇതു പ്രപഞ്ചത്തിന്റെ ദീര്‍ഘകാല ഭാവിയെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ മാറ്റിമറിക്കുന്നതാണെന്ന് ഗവേഷകലോകം സൂചിപ്പിക്കുന്നു.
ഭൗതികശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിംഗ് 1975-ല്‍ അവതരിപ്പിച്ച "ഹോക്കിംഗ് റേഡിയേഷന്' എന്ന ആശയമാണ് ഈ പഠനത്തിന് ആധാരം. ബ്ലാക്ക് ഹോളുകള്‍ ക്രമേണ കണികകളെ പുറത്തുവിടുകയും പിണ്ഡം കുറഞ്ഞു കാലക്രമേണ ബാഷ്പീകരിച്ച് ഇല്ലാതാവുകയും ചെയ്യും എന്നതായിരുന്നു ആ സിദ്ധാന്തം.
റാഡ്ബൗഡ് (നെതര്‍ലാന്‍ഡ്സ്) സര്‍വകലാശാലയിലെ ഹെയ്നോ ഫാല്‍ക്കെ, മൈക്കല്‍ വോണ്ട്രാക്, വാള്‍ട്ടര്‍ വാന്‍ സൂയലെകോം എന്നിവരടങ്ങിയ സംഘം ഹോക്കിംഗ് സിദ്ധാന്തത്തെ അടിസ്ഥാനമാക്കി കൂടുതല്‍ പഠനങ്ങള്‍നടത്തി. ബ്ലാക്ക് ഹോളുകള്‍ക്കു മാത്രമല്ല, ഗുരുത്വാകര്‍ഷണ ബലമുള്ള എല്ലാ വസ്തുക്കള്‍ക്കും ഇത്തരത്തില്‍ റേഡിയേഷന് പുറത്തുവിടാനും നശിക്കാനും സാധ്യതയുണ്ടെന്നുമായിരുന്നു ഗവേഷകരുടെ പ്രധാന കണ്ടെത്തല്‍.
പ്രപഞ്ചത്തിലെ വിവിധ വസ്തുക്കള്‍ നശിക്കാന്‍ എടുക്കുന്ന സമയം ഗവേഷക സംഘം വിശകലനം ചെയ്തു. ഇതില്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത് "വൈറ്റ് ഡ്വാര്‍ഫ്' നക്ഷത്രങ്ങളിലാണ്. സൂര്യനെപ്പോലെയുള്ള നക്ഷത്രങ്ങള്‍, അതിന്റെ ഊർജം തീര്‍ന്നു നശിക്കുമ്പോള്‍ അവശേഷിക്കുന്ന സാന്ദ്രതയേറിയ ഭാഗമാണിത്. ആകാശഗംഗയിലെ 97 ശതമാനം നക്ഷത്രങ്ങളും ഭാവിയില്‍ വൈറ്റ് ഡ്വാര്ഫുകളായി മാറും. പുതിയ പഠനമനുസരിച്ച്, ഈ നക്ഷത്ര അവശിഷ്ടങ്ങള്‍ ഏതാണ്ട് 10^{78} വര്‍ഷങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷമാകുമെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.
നിലവില്‍ പ്രപഞ്ചത്തിന് ഏകദേശം 1,380 കോടി വര്‍ഷം മാത്രമാണു പ്രായം. അതുകൊണ്ടുതന്നെ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. "പ്രപഞ്ചത്തിന്റെ ആത്യന്തികമായ അന്ത്യം നാം പ്രതീക്ഷിച്ചതിലും നേരത്തെ സംഭവിക്കാം, എങ്കിലും അതിന് ഇനിയും വളരെ വലിയൊരു കാലയളവ് ആവശ്യമാണ്...' പഠനത്തിനു നേതൃത്വം നല്കിയ ഹെയ്നോ ഫാല്‍ക്കെ പറഞ്ഞു.
Tags : scientific study.