Kerala
കൊച്ചി: പെരുമ്പാവൂരിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ചനിലയിൽ. അമിതമായ ലഹരി ഉപയോഗത്തെ തുടർന്നാണ് മരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നഗരത്തിലെ ഒരു ഗേൾസ് സ്കൂളിന് എതിർവശത്തുള്ള ഉപയോഗശൂന്യമായ ഷെഡിലാണ് മൃതദേഹം കണ്ടെത്തിയത്.
മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷം മാത്രമേ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കൂ.
ഈ പ്രദേശം കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽപ്പനയും ഉപയോഗവും സജീവമാണെന്ന വിവരത്തെ തുടർന്ന് നേരത്തെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പരിശോധനകൾ നടന്നിരുന്നു. ചിലരെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഇവിടെ ലഹരി ഉപയോഗം തുടരുന്നതായി വിവരം ലഭിച്ചിരുന്നു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കൊച്ചി: പെരുമ്പാവൂരില്‍ 18 കോടി രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ അന്വേഷണം പുരോഗമിക്കുന്നു. തായ്ലന്ഡ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നാണ് കഞ്ചാവ് എത്തിയത് എന്നാണ് പോലീസ് സംശയിക്കുന്നത്.
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ വൈപ്പിന്‍ ഞാറക്കല്‍ മാനാട്ടുപറമ്പ് സ്വദേശി ആയുഷ് (39), ഭാര്യ അനിക (30) എന്നിവരാണ് വ്യാഴാഴ്ച പെരുമ്പാവൂര്‍ പോലീസിന്റെ കസ്റ്റഡിയിലായത്. ഹോള്‍സെയില്‍ ഡീലര്‍മാരായ പ്രതികള്‍ക്ക് ലഹരി എത്തിച്ചു നല്‍കിയയാളെ അടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
അടുത്ത കാലത്ത് നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. പെരുമ്പാവൂര്‍ മാറമ്പള്ളിയില്‍ വച്ച് ആയുഷ് സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ തടഞ്ഞ് നടത്തിയ പരിശോധനയില്‍ ഒന്നേകാല്‍ കിലോ കഞ്ചാവ് കണ്ടെത്തുകയും തുടര്‍ന്ന് ഇയാളുടെ ഫ്ലാറ്റില്‍ നടത്തിയ പരിശോധനയില്‍ 16 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടുകയുമായിരുന്നു.
Kerala
കൊച്ചി: പെരുമ്പാവൂരില്‍ വന്‍ കഞ്ചാവ് വേട്ട. 18 കോടി വില വരുന്ന 16 കിലോയോളം ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. വൈപ്പിന്‍ സ്വദേശിയായ അറുകാട് വീട്ടില്‍ ആയുഷ് (39) ഇയാളുടെ ഭാര്യ അനില എന്നിവരാണ് പെരുമ്പാവൂര്‍ പോലീസിന്റെ പിടിയിലായത്. ആയുഷ് സഞ്ചരിച്ച സ്കൂട്ടറില്‍ നിന്നും താമസിക്കുന്ന ഫ്ളാറ്റില്‍ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്.
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എറണാകുളം റൂറല്‍ ഡാന്‍സാഫ് ടീമിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരുമ്പാവൂര്‍ പോലീസുമായി ചേര്‍ന്ന് പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ മാറമ്പിള്ളി വില്ലേജില്‍ പള്ളിപ്രം കരയില്‍ കുന്നുവഴി ഭാഗത്ത് നടത്തിയ പരിശോധനയില്‍, ഇന്നലെ രാവിലെ 6.30 ഓടെയാണ് സ്കൂട്ടറില്‍ കഞ്ചാവ് എത്തിച്ച് വില്‍പ്പനയ്ക്ക് പോവുന്നതിനിടെ ആയുഷിനെ പിടികൂടിയത്.
പ്രതിയുടെ പക്കല്‍ നിന്നും 1.166 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടികൂടി. തുടര്‍ന്ന് പ്രതിയെ ചോദ്യം ചെയ്തതോടെയാണ് ഇയാള്‍ താമസിച്ചു വരുന്ന കുന്നുവഴി ഭാഗത്തുള്ള നന്മ ഫ്ളാറ്റില്‍ 16 കിലോയോളം കഞ്ചാവ് സൂക്ഷിച്ചു വച്ചതായി പോലീസിന് വിവരം ലഭിച്ചത്.
ഫ്ളാറ്റ് പരിശോധിച്ചപ്പോള്‍ ഏകദേശം 16 കിലോ ഹൈബ്രിഡ് ഇനത്തില്‍ പെട്ട കഞ്ചാവ് കണ്ടെടുത്തു. ഇവിടെ നിന്നും പ്രതിയുടെ ഭാര്യ അനിലയെ അറസ്റ്റ് ചെയ്തു. ജൂണ്‍ എട്ടിന് വാടകയ്ക്കെടുത്ത ഫ്ലാറ്റില്‍ ഇക്കഴിഞ്ഞ 12ന് ആണ് പ്രതി കുടുംബസമേതം താമസമാക്കിയത്.
പ്രതിക്ക് കഞ്ചാവ് എത്തിച്ചു കൊടുത്ത ആളുകളെ കുറിച്ച് അന്വേഷണം നടക്കുകയാണ്. പിടിച്ചെടുത്ത കഞ്ചാവിന് അന്താരാഷ്ട്ര വിപണിയില്‍ 18 കോടി രൂപയോളമാണ് വില. അന്വേഷണ സംഘത്തില്‍ എഎസ്പി ഹാര്‍ദിക് മീണ, പെരുമ്പാവൂര്‍ ഐപി അനില്‍ കുമാര്‍, എസ്ഐമാരായ അശരിഫ്, വിഷ്ണു, ജോജോ, സുഭാഷ് തങ്കപ്പന്, അബ്ദുള്‍ ജലീല്‍, എഎസ്ഐ റെനി, സിപിഒമാരായ ജയന്തി, നിഷാദ്, ഷാന്‍ എന്നിവരാണ് ഉണ്ടായത്.
Kerala
കൊച്ചി: പെരുമ്പാവൂരില്‍ വീണ്ടും പരസ്യ ലഹരി ഉപയോഗം. ഹെറോയിന്‍ പോലുള്ള ലഹരി വസ്തുക്കള്‍ പരസ്യമായി ഉപയോഗിച്ച ഇതരസംസ്ഥാനക്കാരെ പെരുമ്പാവൂര്‍ പോലീസ് പിടികൂടി. അഞ്ചംഗ സംഘത്തില്‍ മൂന്നു പേരെയാണ് പിടികൂടിയത്.
അസം സ്വദേശികളായ സലാവുദീന്, റഫീഖുല്‍ ഇസ്ലാം, തമിഴ്നാട് മധുര സ്വദേശിയായ മണികണ്ഠന് എന്നിവരാണ് പിടിയിലായത്. ഹെറോയിനും ഇവര്‍ ഉപയോഗിച്ച സിറിഞ്ചും പോലീസ് പിടികൂടി. അഞ്ചംഗ സംഘം പരസ്യമായി ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ പ്രചരിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് പോലീസ് നടപടി എടുത്തത്. ഓപ്പറേഷന് തൂഫാന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ ലഹരി വില്‍പ്പനക്കാരെയും ഉപയോഗിക്കുന്നവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Kerala
കൊച്ചി: പെരുമ്പാവൂരിൽ ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് ഒളിവിൽ. കിഴക്കെ ഐമുറി സ്വദേശി ജാൻസിയെയാണ് ഭർത്താവ് ബിജു വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ ജാൻസിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിജുവിനായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുടുംബപ്രശ്നമാണ് ആക്രമണത്തിന്റെ കാരണം. പ്ലേവുഡ് കമ്പനിയിൽ ജോലി ചെയ്യുന്ന ജാൻസി ഉച്ചക്ക് ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് വരുന്ന വഴിയാണ് ഒളിഞ്ഞു നിന്ന് ബിജു ആക്രമിച്ചത്.
തുടയിലും മുതുകിലും രണ്ട് കൈകളിലും ഗുരുതരമായി പരിക്കേറ്റ ജാൻസിയെ കളമശേരി മെഡിക്കൽ കോളജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
Kerala
കൊച്ചി: പെരുമ്പാവൂരില്‍ പരസ്യമായി ലഹരി വില്‍പ്പന നടത്തിയ യുവതി പിടിയില്‍. ആസാം സ്വദേശി നജ്മ ബീഗത്തെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. ആളുകള്‍ കൂടി നില്ക്കുന്ന പരിസരത്ത് എത്തി പരസ്യമായി ലഹരി വില്‍പ്പന നടത്തുന്ന ഇവരുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് പെരുമ്പാവൂര്‍ പോലീസ് എത്തി യുവതിയെ പിടികൂടിയത്. യുവതിയുടെ കൈവശമുണ്ടായിരുന്ന ഹെറോയിനും പോലീസ് പിടികൂടി. ഓപ്പറേഷന് തൂഫാന്റെ ഭാഗമായി പെരുമ്പാവൂര്‍ എഎസ്പി ഹാര്‍ദിക് മീണയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെരുമ്പാവൂരില്‍ വലിയ രീതിയിലുള്ള പരിശോധനകള്‍ നടന്നിരുന്നു.
വ്യാഴാഴ്ചയും പത്ത് അന്യസംസ്ഥാന തൊഴിലാളികളെ പോലീസ് പിടികൂടിയിരുന്നു. യുപി സ്വദേശികളായ നാലു പേരെ നിരോധിത പുകയില ഉത്പന്നങ്ങളുമായാണ് പോലീസ് പിടികൂടിയത്. വിദ്യാര്‍ഥികള്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കുമാണ് ഇവര്‍ വില്‍പ്പന നടത്തിക്കൊണ്ടിരുന്നത്.
വില്‍പ്പനക്കായി കൊണ്ടു വന്ന ഹെറോയിനുമായി ആറ് ആസാം സ്വദേശികളെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അതേസമയം, ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പെരുമ്പാവൂരില്‍ ജൂണ്‍ 15ന് നേരിട്ടെത്തും.
Kerala
കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ പെരുമ്പാവൂരിൽ നിന്നും നാല് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ഇതുമായി ബന്ധപ്പെട്ട് യുപി സ്വദേശികളായ കരൺ സരോജ് (20),വികാസ് സരോജ് (28), രാംനാഥ് ( 20), സദാം ഹുസൈൻ (25) എന്നിവരെ പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടി.
ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പെരുമ്പാവൂർ പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപമുള്ള ബിൽഡിംഗിന്റെ ഒന്നാം നിലയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്.
ബംഗളൂരുവിൽ നിന്നാണ് ഇവർ കൊണ്ടുവന്നതെന്ന് പോലീസിനോട് പറഞ്ഞു. വിദ്യാർഥികൾക്കും അതിഥി തൊഴിലാളികൾക്കും ആണ് ഇവർ വില്പന നടത്തിക്കൊണ്ടിരുന്നത്. കൂടാതെ വിൽപ്പനക്കായി കൊണ്ടുവന്ന ഹെറോയിനുമായി ആറ് ആസാം സ്വദേശികളെയും കസ്റ്റഡിയിലെടുത്തു.
പെരുമ്പാവൂർ എഎസ്പി ഹാർദ്ദിക് മീണ, ഇൻസ്പെക്ടർ എൽ. അനിൽകുമാർ,എസ്ഐ ജോജോ ജോർജ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Kerala
തിരുവനന്തപുരം: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പെരുമ്പാവൂരില്‍ നേരിട്ടെത്തും. ബോധവത്കരണത്തിന്റെ ഭാഗമായി ജൂൺ 15നാണ് മന്ത്രി പെരുന്പാവൂരെത്തുക.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പെരുമ്പാവൂരിൽ പൊലീസ് നടത്തിയ വ്യാപക പരിശോധനയിൽ കഞ്ചാവ് ഉൾപ്പെടെയുള്ള മാരക ലഹരിവസ്തുക്കളുമായി പതിനൊന്ന് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിലായിരുന്നു. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക സ്ക്വാഡാണ് പെരുമ്പാവൂരിലെ വിവിധ കേന്ദ്രങ്ങളിൽ മിന്നൽ റെയ്ഡ് നടത്തിയത്.
പരിശോധനകൾക്കായി പ്രത്യേകം പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡിന്റെ സേവനവും പോലീസ് പ്രയോജനപ്പെടുത്തി. പെരുമ്പാവൂർ എഎസ്പി ഹാർദ്ദിക് മീണയാണ് റെയ്ഡിന് നേരിട്ട് നേതൃത്വം നൽകിയത്. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ ലഹരിവസ്തുക്കളുടെ ഉപയോഗവും വിപണനവും വർദ്ധിച്ചുവരുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
Kerala
പെരുമ്പാവൂര്‍: ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ പോയ പ്രതി പിടിയില്‍. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി രാഹുലിനെ (28) ആണ് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഫെബ്രുവരിയില്‍ വെസ്റ്റ് ബംഗാള്‍ ഹൗറ ഡോംജൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം നടന്നത്.
കൊലപാതകത്തിന് ശേഷം പെരുമ്പാവൂരില്‍ ഹെല്‍പ്പര്‍ ജോലി ചെയ്ത് ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. പെരുമ്പാവൂര്‍ ടൗണില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. നേരത്തെയും ഇയാള്‍ പെരുമ്പാവൂരില്‍ ജോലി ചെയ്തിട്ടുണ്ട്.
പെരുമ്പാവൂര്‍ എഎസ്പി ഹാര്‍ദിക് മീണ, ഇന്‍സ്പെക്ടര്‍ എല്‍. അനില്‍കുമാര്‍, എഎസ്ഐ പി.എ. അബ്ദുല്‍ മനാഫ്, സീനിയര്‍ സിപിഒ ബെന്നി ഐസക്ക് തുടങ്ങിയവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതിയെ ഹൗറ ഡോംജൂര്‍ പോലീസിന് കൈമാറി.
Kerala
പെരുമ്പാവൂര്‍: ഗൃഹോപകരണ, മൊബൈല്‍ വിപണനരംഗത്തെ മുന്‍നിരക്കാരായ പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ അത്യാധുനിക ട്രെയിനിംഗ് സെന്റര്‍ പെരുമ്പാവൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു.
യുവാക്കള്‍ക്കു മികച്ച തൊഴിലവസരങ്ങളും കരിയര്‍ വളര്‍ച്ചയും ലക്ഷ്യമിട്ട് ഒരുക്കിയ ട്രെയിനിംഗ് സെന്ററിന്റെ ഉദ്ഘാടനം നഗരസഭാധ്യക്ഷ കെ.എന്‍. സംഗീത നിര്‍വഹിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ മേഴ്സി ജോണ്സണ്, മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് ജോസ് നെറ്റിക്കാടന്, പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് മാനേജിംഗ് ഡയറക്ടര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍, സിഇഒ കിരണ്‍ വര്‍ഗീസ്, ഡയറക്ടര്‍മാരായ ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍, മരിയ പോള്‍, അജോ തോമസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളി വികാരി ഫാ. സണ്ണി കളപ്പുരയ്ക്കല്‍ ആശീര്‍വാദം നിര്‍വഹിച്ചു.
പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്കും വിദേശത്തുനിന്നടക്കം മടങ്ങിയെത്തുന്ന യുവാക്കള്‍ക്കും റീട്ടെയില്‍ മേഖലയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള കരിയര്‍ കെട്ടിപ്പടുക്കാന്‍ ആവശ്യമായ തൊഴില്‍ നൈപുണ്യവും പ്രായോഗിക പരിചയവും നല്‍കുകയാണ് കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യം.
മാനേജീരിയല്‍ ട്രെയിനിംഗ്, സെയില്‍സ് ആന്‍ഡ് കസ്റ്റമര്‍ ഇന്ററാക്ഷന്, സോഫ്റ്റ് സ്കില്‍സ് ട്രെയിനിംഗ് എന്നിവയ്ക്കൊപ്പം ആത്മവിശ്വാസം വര്‍ധിപ്പിക്കാനുള്ള പ്രത്യേക പരിശീലനവും ഇവിടെ നല്‍കുന്നുണ്ട്.
ഭാവിയില്‍ സര്‍വകലാശാലകളുമായി സഹകരിച്ച് റീട്ടെയില്‍ രംഗത്തെ സര്‍ട്ടിഫൈഡ് കോഴ്സുകള്‍ ആരംഭിക്കാനും പിട്ടാപ്പിള്ളില്‍ ലക്ഷ്യമിടുന്നു. സംസ്ഥാനത്താകെ 86 ഷോറൂമുകളുള്ള പിട്ടാപ്പിള്ളില്‍ ഗ്രൂപ്പ് റീട്ടെയില്‍ മേഖലയില്‍ പുതിയ തൊഴില്‍സാധ്യതകള്‍ സൃഷ്ടിക്കുന്നതിലും യുവജനങ്ങളെ പ്രാപ്തരാക്കുന്നതിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 70340 88999.
Kerala
കൊച്ചി: നാലു കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി ഇൻതാജ് ഷെയ്ഖിനെ (36)ആണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും പെരുമ്പാവൂർ പോലീസും ചേർന്ന് പിടികൂടിയത്.
പെരുമ്പാവൂർ തണ്ടേക്കാട് ഭാഗത്തുള്ള ഇയാൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നാണ് കഞ്ചാവ് കസ്റ്റഡിയിലെടുത്തത്. പ്രത്യേക പാക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
മൂർഷിദാബാദിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. റൂറൽ ജില്ലയിൽ ഈ വർഷം ഇതുവരെ പോലീസ് 380 കിലോയിലേറെ കഞ്ചാവാണ് പിടികൂടിയത്.
Kerala
കൊച്ചി: സെക്യൂരിറ്റി ജീവനക്കാരനിൽ നിന്ന് നിയമസഭയിലേക്ക് എത്തുകയാണ് പെരുമ്പാവൂരില്‍ നിന്ന് വിജയിച്ച മനോജ് മൂത്തേടൻ. ശക്തമായ ത്രികോണ മത്സരത്തിൽ ഇടതുമുന്നണിയുടെ ബേസില്‍ പോളിനെ 28,434 വോട്ടിന് പിന്തള്ളിയാണ് മനോജ് മൂത്തേടൻ വിജയക്കൊടി പാറിച്ചത്.
താഴേക്കിടയില്‍ നിന്നും ഉയര്‍ന്നു വന്ന് വലിയ നേട്ടം കൊയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഒരാളാണ് മനോജും. രാഷ്ട്രീയത്തില്‍ മാത്രമല്ല ജീവിതത്തിലും ഒരുപാട് കനല് വഴികള്‍ മനോജിന് താണ്ടേണ്ടി വന്നിട്ടുണ്ട്. സെക്യൂരിറ്റി ജീവനക്കാരനായും ബേക്കറി തൊഴിലാളിയായും റിസപ്ഷനിസ്റ്റ് ജോലി ചെയ്താണ് മനോജ് പഠനം പൂര്‍ത്തിയാക്കിയത്.
കാലടി സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായിരിക്കെയാണ് മനോജ് ബേക്കറിയിലും ലോഡ്ജിലും പാര്‍ട്ട് ടൈം ജോലി ചെയ്തത്. പഠനത്തിനൊപ്പം എല്‍ഐസി ഏജന്റായും വര്‍ക്ക് ചെയ്തിരുന്നു. പഠനകാലത്ത് വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ മനോജ് സജീവമായി. കെഎസ്യു യൂണിറ്റ് പ്രസിഡന്റായിട്ടാണ് തുടക്കം.
പിന്നീട് യൂത്ത് കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും ബ്ലോക്ക്, ജില്ല, സംസ്ഥാന നേതൃപദവികളിലും എത്തി. പഠനത്തിന് ശേഷം കൂവപ്പടി സഹകരണ ബാങ്കില്‍ സെക്യൂരിറ്റി ജോലിക്കാരനായി. പിന്നീട് ഈ ബാങ്കിന്റ് പ്രസിഡന്റായും കൂവപ്പടി ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡന്റായും ജില്ലാപഞ്ചായത്ത് പ്രസിഡന്റായും തിളങ്ങി.
തുടർന്ന് നിയമസഭയിലേക്ക് പാർട്ടി ടിക്കറ്റ് നൽകി. 2021ലെ തെരഞ്ഞെടുപ്പില്‍ എല്‍ദോസ് കുന്നപ്പിള്ളിക്ക് ലഭിച്ച ഭൂരിപക്ഷം പത്തു മടങ്ങായി ഉയര്‍ത്തിയാണ് മനോജിന്റെ ചരിത്ര വിജയം. 2899 വോട്ടിന്റെ ഭൂരിപക്ഷമാണ് 2021ല്‍ എല്‍ദോസിന് ലഭിച്ചത്.
Kerala
കൊച്ചി: പെരുമ്പാവൂരില്‍ ചരിത്ര ഭൂരിപക്ഷം നേടി യുഡിഎഫ് സ്ഥാനാര്‍ഥി മനോജ് മൂത്തേടന്. 22001 വോട്ടുകള്‍ക്കാണ് മനോജ് മൂത്തേടന് ലീഡ് ചെയ്യുന്നത്. തനിക്ക് ലഭിച്ച വലിയ ഭൂരിപക്ഷം ഭയപ്പെടുത്തുകയാണെന്നും ഇനി മുഴുവന്‍ സമയവും പെരുമ്പാവൂരിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും മനോജ് മൂത്തേടന് മാധ്യമങ്ങളോട് പ്രതികരിച്ചു.
വിജയം ഉറപ്പിച്ചു. ഏഴു റൗണ്ട് പൂര്‍ത്തിയായപ്പോള്‍ തന്നെ ലീഡ് കൂടി. പെരുമ്പാവൂരില്‍ ഏറ്റവും വലിയ ചരിത്ര ഭൂരിപക്ഷത്തിലേക്കാണ് പോകുന്നത്. ജനങ്ങള്‍ മുഴുവന്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങിയാണ് സ്വീകരിച്ചത്. ഞാന്‍ ജനിച്ചു വളര്‍ന്ന മണ്ണില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരമുണ്ടായപ്പോള്‍ വലിയ വിജയം സമ്മാനിച്ച ജനങ്ങളോട് നന്ദി പറയുകയാണ്.
എനിക്ക് സീറ്റ് നല്കിയ പാര്‍ട്ടിയോടും ഹൃദയത്തില്‍ ഏറ്റുവാങ്ങിയ എല്ലാവരോടും ദൈവത്തോടും നന്ദി പറയുകയാണ്. എല്‍ദോസ് കുന്നപ്പിള്ളിയെ മാറ്റി നിര്‍ത്തിയപ്പോള്‍ ആദ്യത്തെ ഒരു ദിവസത്തെ ആശങ്ക മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് എല്ലാവരും ഒറ്റ കെട്ടായി ഇറങ്ങി.
ആദ്യ ദിവസത്തെ റോഡ് ഷോയോട് കൂടി കളം നമുക്ക് അനുകൂലമായി മാറി. എല്ലായിടത്തും വലിയ സ്വീകാര്യതയുണ്ടായി. അതുകൊണ്ടാണ് ഇത്ര വലിയ ഭൂരിപക്ഷം ലഭിച്ചത്. വലിയ അംഗീകാരമാണത്. ഇത് എന്നെ ഭയപ്പെടുത്തുകയാണ്. കാരണം ഇത്രയും സ്വീകാര്യത ജനങ്ങള്‍ നല്കിയപ്പോള് മുഴുവന്‍ സമയവും പെരുമ്പാവൂരിന് വേണ്ടി നില്‍ക്കണം എന്ന തീരുമാനത്തിലേക്ക് വരികയാണ്.
മുഴുവന്‍ സമയവും ഇനി പെരുമ്പാവൂരില്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ക്കും വികസനത്തിനും വേണ്ടി നില്ക്കാന് തീരുമാനിച്ച് ഇന്നു മുതല്‍ ഇറങ്ങുകയാണ് എന്ന് മനോജ് മൂത്തേടന് പറഞ്ഞു. അതേസമയം, സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് എല്‍ദോസ് കുന്നപ്പിള്ളിയുടെ പരിഭവം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായില്ല എന്നാണ് വ്യക്തമാകുന്നത്. ബേസില്‍ പോള്‍ ആണ് പെരുമ്പാവൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ജിബി പാത്തിക്കലാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.
Kerala
കൊച്ചി: പെരുമ്പാവൂര്‍ ഒക്കലില്‍ യുവാവ് മുങ്ങി മരിച്ചു. പെരിയാറിന്റെ തീരത്ത് താന്നിപ്പുഴ റെയില്‍വേ പാലത്തിന് സമീപം പറമ്പത്ത് കടവില്‍ ചൂണ്ടയിടാന്‍ പോയ യുവാവിനെ പുഴയില്‍ മുങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. താന്നിപ്പുഴ കിഴക്കാപുറത്തുകൂടി ജയന്റെ മകന് വിഷ്ണു (23) ആണ് മരിച്ചത്.
രാവിലെ സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ ചൂണ്ടയിട്ട് മീന്‍ പിടിക്കാന്‍ പോയതായിരുന്നു. നിരവധി പേര് ചൂണ്ടയിട്ട് മീന്‍ പിടിക്കുന്ന സ്ഥലമാണിത്. ഇവര്‍ക്കടുത്ത് നിന്നും അല്‍പ്പം മാറിയാണ് വിഷ്ണു ചൂണ്ടയിടാന്‍ നിന്നത്. രാവിലെ പതിനൊന്നോടെ വിഷ്ണുവിനെ പുഴയില്‍ പൊങ്ങി കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു.
ഉടന്‍ കാലടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. മീന്‍ പിടിക്കുന്നതിനിടെ അബദ്ധത്തില്‍ പുഴയിലേക്ക് വീണു മരിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. സംസ്കാരം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം.
Kerala
കൊച്ചി: പെരുമ്പാവൂര്‍ മണ്ണൂരിന് സമീപം ഇരുപത് മുട്ടകളുമായി മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. കുഴൂർ ജോസിന്റെ പുരയിടത്തിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്.
പറമ്പില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടികളാണ് പാമ്പ് മാളത്തിലേക്ക് ഇഴഞ്ഞു കയറി പോകുന്നത് കണ്ടത്. തുടർന്ന് കോതമംഗംലം റേഞ്ച് ഓഫീസിൽ വിവരം അറിയിക്കുകയായിരുന്നു.
പാമ്പ്പിടുത്ത വിദഗ്ധന്‍ സേവി തോമസ് എത്തി പാമ്പിനെ പിടികൂടി. പാമ്പിനെയും മുട്ടകളും വനംവകുപ്പിന് കൈമാറുമെന്ന് സേവി തോമസ് വ്യക്തമാക്കി.
Kerala
കൊച്ചി: പെരുമ്പാവൂര്‍ മുടിക്കലില്‍ ആസാം സ്വദേശിയായ യുവാവിനെ തല്ലിക്കൊന്ന ആറു പ്രതികളും റിമാന്‍ഡില്‍. മറ്റൊരു തൊഴിലാളി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായക തെളിവായത്. നൂറുല്‍ ഹുസൈന് ക്രിമിനല്‍ പശ്ചാത്തലമുള്ള ആളാണ് എന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ക്കെതിരെ ആസാമില്‍ നിരവധി കേസുകളുണ്ട്.
പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ആസാം സ്വദേശികളായ അലാവുദ്ദീന്‍, സാക്കിര്‍ ഹുസൈന്, ഹബീബുദ്ദീന്‍, മുസമ്മില്‍ ഹഖ്, ഹസന് അലി, മിനാറുല്‍ എന്നിവരാണ് പ്രതികള്‍. കഴിഞ്ഞ ദിവസം മുടിക്കല്‍ വഞ്ചിനാട് എഎം വിനീര്‍ എന്ന സ്ഥാപനത്തിലാണ് സംഭവം നടന്നത്. തൊഴിലാളികള്‍ താമസിക്കുന്ന മുറിയില്‍ നൂറുല്‍ ഹുസൈനെ സംശയാസ്പദമായ രീതിയില്‍ കണ്ടു.
ഇവിടെ നിന്ന് ഇറങ്ങിയോടിയ ഇയാളെ പിടികൂടി മറ്റൊരു മുറിയില്‍ കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. ഉരുളന്‍ തടികള്‍ ഉപയോഗിച്ചു പുറത്തും മുഖത്തും മാരകമായി അടിച്ചു പരിക്കേൽപ്പിച്ചു. നെഞ്ചിനും വയറിനും കൈകാലുകള്‍ക്കും ഗുരുതര പരുക്കേറ്റിരുന്നു. പല്ലുകള്‍ തകര്‍ന്ന നിലയിലാണ്.
Kerala
കൊച്ചി: പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ മോഷണം ആരോപിച്ച് യുവാവിനെ സംഘം ചേർന്ന് തല്ലിക്കൊന്നു. സംഭവത്തില്‍ ആറ് ഇതരസംസ്ഥാന തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
ആസാം സ്വദേശികളായ അലാവുദ്ദീൻ, മിനാരുൾ, സാക്കിർ ഹുസൈൻ, ഹബീസുദീൻ, ഹസൻ അലി, മുസമ്മിൽ എന്നിവരാണ് പെരുമ്പാവൂർ പോലീസിന്റെ കസ്റ്റഡിയിലുള്ളത്. മരിച്ചയാളും ഇതരസംസ്ഥാന തൊഴിലാളിയാണ്.
പെരുമ്പാവൂർ മുടിക്കലിലെ എഎം വിനീർ എന്ന സ്ഥാപനത്തിൽ ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. തൊഴിലാളികൾ താമസിക്കുന്ന മുറിയിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമം നടത്തിയെന്ന് പറഞ്ഞ് മൂന്ന് സഹോദരന്മാർ ഉൾപ്പെടെയുള്ള ആറ് പേർ ചേർന്ന് യുവാവിനെ മർദ്ദിക്കുകയായിരുന്നു.
പ്ലൈവുഡ് കമ്പനിയിലെ കോർ ഉപയോഗിച്ച് അടിച്ചതിനെ തുടർന്ന് ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രതികളെ കമ്പനിയിൽ നിന്നുതന്നെ പെരുമ്പാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്. മരണമടഞ്ഞ ആളുടെ മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Kerala
പെരുമ്പാവൂർ: ബിരുദ, ബിരുദാനന്തര പഠനത്തിനൊപ്പം ബേക്കറി തൊഴിലാളിയും ലോഡ്ജിൽ റിസപ്ഷനിസ്റ്റുമൊക്കെയായിരുന്ന ചെറുപ്പക്കാരൻ, ജീവിതത്തിന്റെ കനൽവഴികളും ഉയരങ്ങളും താണ്ടി ഒടുവിൽ നിയമസഭാ സ്ഥാനാർഥിയായി. പെരുമ്പാവൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി മനോജ് മൂത്തേടന്റെ ജീവിതം സിനിമാക്കഥയല്ല; അതുക്കും മേലെയാണ്.
1996-2001 കാലഘട്ടത്തിൽ കാലടി സംസ്കൃത സർവകലാശാലയിൽ വിദ്യാർഥിയായിരിക്കുമ്പോഴാണ് മനോജ് ടൗണിലെ ബേക്കറിയിലും ലോഡ്ജിലുമായി വൈകുന്നേരങ്ങളിലും രാത്രിയിലും ജോലി ചെയ്തത്.
സാമ്പത്തിക പരാധീനതയുണ്ടായിരുന്ന കുടുംബപശ്ചാത്തലമാണു പഠനത്തോടൊപ്പം വരുമാനമാർഗവും തേടാൻ മനോജിനെ അന്നു പ്രേരിപ്പിച്ചത്. പഠനകാലത്ത് വിദ്യാർഥിരാഷ്ട്രീയത്തിലും സജീവമായി. കെഎസ്യു യൂണിറ്റ് പ്രസിഡന്റായിരുന്നു. സർവകലാശാലയിലെ പ്രഥമ വിദ്യാർഥി യൂണിയനിൽ കൗൺസിലറായി. പിന്നീട് ചെയർമാനും.
പഠനത്തിനൊപ്പം എൽഐസി ഏജന്റായിരുന്നു. കാറ്ററിംഗ് സ്ഥാപനത്തിലും നിർമാണ മേഖലയിലും തൊഴിൽ ചെയ്തു. പഠനച്ചെലവിനൊപ്പം കുടുംബത്തിലെ ചെറിയ ചെലവുകൾക്കുള്ള വകയും ഇത്തരം ജോലികളിലൂടെ അന്നു കണ്ടെത്താനായെന്ന് മനോജ് ഓർക്കുന്നു. ജീവിതത്തിന്റെ പ്രതിസന്ധികളറിഞ്ഞുള്ള അതിജീവനത്തിന്റെ യൗവനം പൊതുപ്രവർത്തനത്തിനു പ്രചോദനമായെന്നും അദ്ദേഹം പറഞ്ഞു.
പഠനം, തൊഴിൽ, രാഷ്ട്രീയം, പൊതുപ്രവർത്തനം എന്നിവയിലൂടെയെല്ലാം രാഷ്ട്രീയത്തിനതീതമായ വിശാല വ്യക്തിബന്ധങ്ങൾ വളർത്താനും മനോജിനായെന്ന് നാട്ടുകാർ പറയുന്നു. കെഎസ്യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും ബ്ലോക്ക്, ജില്ലാ, സംസ്ഥാന നേതൃപദവികളിലേക്കുവരെ മനോജെത്തി.
പഠനശേഷം സജീവ രാഷ്ട്രീയത്തിനൊപ്പം കൂവപ്പടി സർവീസ് സഹകരണ ബാങ്കിൽ സെക്യൂരിറ്റി ജോലിക്കാരനായി. പിന്നീട് ഇതേ ബാങ്കിന്റെ പ്രസിഡന്റുപദവിയിൽ രണ്ടുവട്ടം അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടതും നിയോഗം.
കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും തിളങ്ങിയശേഷമാണ് ഇക്കുറി പെരുമ്പാവൂർ നിയമസഭാ സീറ്റ് മനോജ് മൂത്തേടനെ തേടിയെത്തിയത്.
Kerala
കൊച്ചി: എല്‍ദോസ് കുന്നപ്പിള്ളിക്ക് തന്നോട് അതൃപ്തിയില്ലെന്നും തങ്ങള്‍ സുഹൃത്തുക്കളാണെന്നും മനോജ് മൂത്തേടന്. എല്‍ദോസും അദ്ദേഹത്തിനായി പ്രകടനത്തിന് ഇറങ്ങിയ മറ്റു ജനപ്രതിനിധികളും ഇന്നു മുതല്‍ തനിക്കൊപ്പം പ്രചാരണത്തിന് ഇറങ്ങും എന്നാണ് മനോജ് മൂത്തേടന് മാധ്യമങ്ങളോട് പ്രതികരിച്ചത്.
സ്ഥാനാര്‍ഥിത്വം അറിഞ്ഞപ്പോള്‍ തന്നെ എല്‍ദോസ് കുന്നപ്പിള്ളിയെ വിളിച്ചിരുന്നു. ഫോണില്‍ കിട്ടാത്തതു കൊണ്ട് വീട്ടില്‍ കാണാന്‍ പോയിരുന്നു. എന്നാല്‍ ഞാന്‍ ചെല്ലുന്നത് അറിയാത്തത് കൊണ്ട് എല്‍ദോസ് ഭക്ഷണം കഴിക്കാനായി പോയിരുന്നു. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ഒന്നിച്ചാണ് കെഎസ്യു പ്രവര്‍ത്തനം ഒക്കെ ആരംഭിച്ചത്. 1996 മുതലുള്ള ബന്ധമാണ്.
സ്ഥാനാര്‍ഥിയായി ഞങ്ങളുടെ പേരുകള്‍ വന്നപ്പോള്‍ തന്നെ സംസാരിച്ചിരുന്നു. എല്‍ദോസിന് എന്നോടുള്ള അതൃപ്തിയല്ല. സീറ്റിനെ കുറിച്ച് വ്യക്തമായി സംസാരിച്ചിട്ടില്ല എന്നുള്ളതാണ് ഞാനും ചാനലില്‍ കണ്ടത്. പക്ഷെ അത് പരിഹരിക്കപ്പെടും. എല്‍ദോസിന്റെ കൂടെ ഉണ്ടായിരുന്നവരെല്ലാം കൂടെയുണ്ടാകും ഇന്നു മുതല്‍ സജീവമായി രംഗത്തിറങ്ങുമെന്ന് പറഞ്ഞു.
ഔദ്യോഗിക സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തതു കൊണ്ട് പിന്തുണയര്‍പ്പിച്ചത് മാത്രമാണ്. അല്ലാതെ നേതൃത്വത്തിനെതിരായുള്ള പ്രതിഷേധമല്ല എന്ന് മനോജ് മൂത്തേടന് പറഞ്ഞു. എല്‍ദോസ് കുന്നപ്പിള്ളി സ്വതന്ത്രനായി മത്സരിക്കില്ലെന്നും മനോജ് മൂത്തേടന് വ്യക്തമാക്കി.
അതേസമയം, വ്യാഴാഴ്ച രാത്രിയാണ് മനോജ് മൂത്തേടനെ പെരുമ്പാവൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. പെരുമ്പാവൂരിലെ സിറ്റിംഗ് എംഎല്‍എയായ എല്‍ദോസ് കുന്നപ്പിള്ളിയെ തഴഞ്ഞാണ് മനോജിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയത്. തന്റെ സീറ്റ് ഉറപ്പിക്കാനായി എല്‍ദോസ് കുന്നപ്പിള്ളി ഡല്‍ഹിയിലെത്തി കേന്ദ്ര നേതാക്കളെ കണ്ടിരുന്നു. എന്നാല്‍ എല്‍ദോസിനെതിരെയുള്ള ലൈംഗികാതിക്രമ കേസ് ഈ മാസം കോടതി പരിഗണിക്കാനിരിക്കുന്നതാണ് വിനയായത്.
Kerala
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽദോസ് കുന്നപ്പള്ളി പെരുമ്പാവൂരിൽ സ്വതന്ത്രനായി മത്സരിച്ചേക്കും. തന്നെ അനുകൂലിക്കുന്നവരുടെ യോഗം ഇന്ന് അദ്ദേഹം വിളിച്ചിട്ടുണ്ട്. എൽദോസ് കുന്നപ്പള്ളി ഒഴിവായപ്പോൾ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് മനോജ് മൂത്തേടത്തിനാണ് നറുക്ക് വീണത്.
സീറ്റ് നിഷേധിച്ചതിനു പിന്നാലെ എൽദോസിന്റെ അനുയായികൾ പെരുമ്പാവൂരിൽ പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു. സീറ്റ് ലഭിക്കാത്തതിലുള്ള നിരാശ പരസ്യമായി പ്രകടിപ്പിച്ച എൽദോസ് കുന്നപ്പള്ളിൽ ഇനി എന്ത് നീക്കമാണ് നടത്തുക എന്നതാണ് നിർണായകം.
തീരുമാനം ഇന്നുതന്നെ അറിയിക്കുമെന്ന് കുന്നപ്പള്ളിൽ മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ മനോജ് മൂത്തേടം കുന്നപ്പള്ളിയുടെ വീട്ടിലെത്തിയെങ്കിലും മുഖം നൽകാതെ നാടകീയമായ രംഗങ്ങൾക്കും സാക്ഷിയായി. മനോജ് മൂത്തേടനെതിരെ എൽദോസിന്റെ അനുയായികൾ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
Kerala
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ പെരുമ്പാവൂർ സീറ്റ് നിഷേധിച്ചതിന് പിന്നാലെ നേതൃത്വത്തിന് മുന്നിൽ പുതിയ ഉപാധിയുമായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ. സീറ്റ് നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ എറണാകുളം ഡിസിസി അധ്യക്ഷസ്ഥാനമാണ് എൽദോസ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഡിസിസി അധ്യക്ഷ പദവി ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തെ സമീപിച്ചെങ്കിലും കെപിസിസി ഇതുവരെ അനുകൂലമായ പ്രതികരണങ്ങളൊന്നും നൽകിയിട്ടില്ല. എൽദോസിനെതിരെയുള്ള നിയമനടപടികളെ തുടർന്നാണ് സീറ്റ് നിഷേധിച്ചത്.
പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് പകരം മനോജ് മൂത്തേടൻ സ്ഥാനാർഥിയാകുമെന്നാണ് സൂചന. ഹൈക്കമാൻഡ് അംഗീകരിച്ച പാനലിൽ നിന്നാണ് മനോജിനെ തെരഞ്ഞെടുത്തത്. എന്നാൽ എൽദോസിനെ ഒരു വിഭാഗം പ്രാദേശിക കോൺഗ്രസ് നേതാക്കൾ കടുത്ത പ്രതിഷേധത്തിലാണ്.
Kerala
കൊച്ചി: പെരുമ്പാവൂര്‍ കുറുപ്പുംപടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി പി.എസ്. രാജന് ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസില്‍ നടക്കുന്നത് നേതാക്കളുടെ ഗ്രൂപ്പ് കളി മാത്രമാണെന്നും ഏതെങ്കിലും ഒരു ഗ്രൂപ്പിനോട് ചേര്‍ന്നു നിന്നില്ലെങ്കില്‍ കോണ്‍ഗ്രസില്‍ പിടിച്ചു നില്‍ക്കാനാവില്ലെന്നുമാണ് പാർട്ടി വിട്ട ശേഷം രാജന് പ്രതികരിച്ചത്.
നേതാക്കള്‍ക്കൊപ്പം നില്ക്കുന്ന പലരും ഏതു സമയത്തും രാജി വച്ച് പുറത്തേക്ക് പോയേക്കുമെന്നും രാജന് പറഞ്ഞു. അതേസമയം, പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പിള്ളിക്ക് പകരം മനോജ് മൂത്തേടന് ആകും സ്ഥാനാര്‍ഥി ആവുക. പെരുമ്പാവൂര്‍ തനിക്ക് അനുകൂലമാണെന്നും സീറ്റ് ലഭിച്ചാല്‍ 15000 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിക്കുമെന്നും എല്‍ദോസ് പറയുന്നുണ്ടെങ്കിലും ഹൈക്കമാന്‍ഡ് എംഎല്‍എയെ തഴയുകയാണ്.
എല്‍ദോസ് കുന്നപ്പിള്ളിക്കായി പെരുമ്പാവൂരില്‍ പോസ്റ്ററുകളും എത്തിയിട്ടുണ്ട്. എന്നാല്‍ എല്‍ദോസ് കുന്നപ്പിള്ളിയുടെ കേസ് ഈ മാസം 26ന് കോടതിയില്‍ പരിഗണിക്കുന്നുണ്ട്. എല്‍ദോസിനെതിരെ കോടതിയില്‍ എന്തെങ്കിലും പരാമര്‍ശമുണ്ടാകുമോ എന്ന ആശങ്കയെ തുടര്‍ന്നാണ് ഹൈക്കമാന്‍ഡ് സീറ്റ് നിഷേധിച്ചത്. ഇന്നു തന്നെ പെരുമ്പാവൂരിലെ സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് പ്രഖ്യാപിക്കും.
Kerala
കൊച്ചി: സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാകാതെ കോണ്‍ഗ്രസ്. എറണാകുളത്തെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇതുവരെ തീരുമാനമായില്ല. കൊച്ചി, വൈപ്പിന്‍, പെരുമ്പാവൂര്‍, തൃപ്പൂണിത്തുറ സീറ്റുകളില്‍ കൃത്യമായ നിലപാടിലേക്ക് പാര്‍ട്ടിക്ക് എത്താനായില്ല.
പെരുമ്പാവൂരില്‍ സിറ്റിംഗ് എംഎല്‍എയായ എല്‍ദോസ് കുന്നപ്പിള്ളിക്ക് പകരം മനോജ് മൂത്തേടന് സ്ഥാനാര്‍ഥിയാകും. സീറ്റ് ഉറപ്പിക്കാനായി കഴിഞ്ഞ ദിവസം എല്‍ദോസ് കുന്നപ്പിള്ളി ഡല്‍ഹിയില്‍ എത്തിയിരുന്നു. മത്സരിച്ചാല്‍ 10000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും കോണ്‍ഗ്രസ് തന്നെ കൈവിടില്ലെന്നും എല്‍ദോസ് കുന്നപ്പിള്ളി പ്രതികരിച്ചിരുന്നു. തനിക്കെതിരെയുള്ള ലൈംഗികാതിക്രമ കേസ് കെട്ടിച്ചമച്ചതാണെന്നും എല്‍ദോസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
എല്‍ദോസിനായി പെരുമ്പാവൂരില്‍ പോസ്റ്ററുകളും എത്തിയിട്ടുണ്ട്. എന്നാല്‍ എല്‍ദോസ് കുന്നപ്പിള്ളിയുടെ കേസ് ഈ മാസം 26ന് കോടതിയില്‍ പരിഗണിക്കുന്നുണ്ട്. എല്‍ദോസിനെതിരെ കോടതിയില്‍ എന്തെങ്കിലും പരാമര്‍ശമുണ്ടാകുമോ എന്ന ആശങ്കയെ തുടര്‍ന്നാണ് ഹൈക്കമാന്‍ഡ് സീറ്റ് നിഷേധിച്ചത്. ഇന്നു തന്നെ പെരുമ്പാവൂരിലെ സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് പ്രഖ്യാപിക്കും.
കൊച്ചിയില്‍ ദീപ്തി മേരി വര്‍ഗീസിന് പകരം മുഹമ്മദ് ഷിയാസ് ആകും സ്ഥാനാര്‍ഥിയാവുക. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പേ സ്ഥാനാര്‍ഥിയെന്ന് പ്രഖ്യാപിച്ച് ദീപ്തിയുടെ പോസ്റ്ററുകള്‍ കൊച്ചിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇനി കൊച്ചിയില്‍ സര്‍വം ദീപ്തം എന്ന പോസ്റ്ററുകളാണ് എത്തിയത്. എന്നാല്‍ ദീപ്തിക്ക് പാര്‍ട്ടിയില്‍ കൂടുതല്‍ പദവികള്‍ നല്കി മാറ്റാനാണ് ശ്രമം.
നേരത്തെ കൊച്ചി മേയര്‍ സ്ഥാനത്തില്‍ നിന്ന് തഴയപ്പെട്ടതില്‍ ഡിസിസി നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ദീപ്തിക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.
എന്നാല്‍ ഷിയാസിന് വേണ്ടി ബുധനാഴ്ച പ്രവര്‍ത്തകര്‍ റോഡ് ഷോ നടത്താന്‍ തയാറായിരുന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകാത്തതിനാല്‍ റോഡ് ഷോ മാറ്റിവച്ചു. ഷിയാസിനായി പോസ്റ്ററുകളും ഫ്ളെക്സ് ബോര്‍ഡുകളും പനമ്പിള്ളി നഗറില്‍ അടക്കം സ്ഥാപിച്ചിട്ടുണ്ട്.
തൃപ്പൂണിത്തുറയില്‍ കെ. ബാബുവിന്റെ താത്പര്യത്തിന് അനുസരിച്ചാകും സ്ഥാനാര്‍ഥി നിര്‍ണയം. കൊച്ചി കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ ആയ ദീപക് ജോയ് ആകും തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ഥിയാവുക. വൈപ്പിനില്‍ കോണ്‍ഗ്രസ് സസ്പെന്‍സ് തുടരുകയാണ്.
Kerala
തിരുവനന്തപുരം: പെരുമ്പാവൂർ സീറ്റിൽ എൽദോസ് കുന്നപ്പിള്ളിയെ മത്സരിപ്പിക്കുന്നതിൽ കോൺഗ്രസിൽ ആശയക്കുഴപ്പം തുടരുന്നു. കുന്നപ്പള്ളിക്കെതിരായ പീഡനക്കേസ് 26ന് കോടതി പരിഗണിക്കുന്നുണ്ട്. കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടായാൽ അത് പാർട്ടിയുടെ വിജയ സാധ്യതയെ ബാധിക്കുമെന്ന് ഒരു വിഭാഗം പറയുന്നു.
അതിനിടെ എൽദോസ് ഇന്ന് ഡൽഹിയിൽ എത്തും. കേസിൽ തന്റെ നിരപരാധിത്വം നേതാക്കളെ ഒരിക്കൽ കൂടി നേരിട്ട് കണ്ട് ബോധിപ്പിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. സംസ്ഥാന നേതൃത്വം എൽദോസിന് മത്സരിക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ പാർട്ടിയുടെ അന്തിമ പട്ടികയിൽ ഇടം പിടിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
എൽദോസിന് സീറ്റ് നൽകണമെന്ന് രമേശ് ചെന്നിത്തല ഉറച്ചു നിൽക്കുകയാണ്. പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ താൻ വിജയിക്കുമെന്നും സീറ്റ് നിഷേധിച്ചാലും താൻ കോൺഗ്രസുകാരനായി തുടരുമെന്നും എൽദോസ് പറഞ്ഞു.
സീറ്റില്ലെന്ന വിവരം പുറത്തുവന്നതോടെ പെരുമ്പാവൂരിലെ പ്രാദേശിക കോൺഗ്രസ് നേതാക്കൾ എൽദോസ് കുന്നപ്പിള്ളിയുടെ വീട്ടിലെത്തി യോഗം ചേർന്നു. അതേസമയം ദീപ്തി മേരി വർഗീസിനെ പെരുമ്പാവൂരിൽ മത്സരിപ്പിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
Kerala
കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർഥിനി ജിഷയുടെ മാതാവ് രാജേശ്വരി അന്തരിച്ചു. കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്കാരം നാളെ പെരുമ്പാവൂർ മലമുറി ശ്മശാനത്തിൽ വച്ച് നടക്കും.
2016 ഏപ്രില്‍ 28ന് ആയിരുന്നു ജിഷയെ പെരുമ്പാവൂരിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി അമീർ ഉൾ ഇസ്ലാമിനെ പിടികൂടുകയായിരുന്നു.
Kerala
പെരുമ്പാവൂര്‍: എറണാകുളം പെരുമ്പാവൂരില്‍ വന്‍ കഞ്ചാവ് വേട്ട. 32 കിലോഗ്രാം കഞ്ചാവുമായി മൂന്നു പശ്ചിമ ബംഗാള്‍ സ്വദേശികളെ ഡാന്‍സാഫ് സംഘം പിടികൂടി. ബംഗാള്‍ സ്വദേശികളായ മിന്‍ഹാജ് (47), ടുട്ടുള്‍ ഷെയ്ക്ക് (36), മാസും ഷേക്ക് (36) എന്നിവരാണ് അറസ്റ്റിലായത്.
പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇന്ന് രാവിലെ ഏഴോടെയാണ് പ്രതികളെ വലയിലാക്കിയത്. പശ്ചിമ ബംഗാളില്‍ നിന്നും ട്രെയിന്‍ മാര്‍ഗം ആലുവ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച കഞ്ചാവ് പെരുമ്പാവൂരിലെ വിവിധ ഇടങ്ങളില്‍ വിതരണം ചെയ്യാനായിരുന്നു പ്രതികളുടെ ലക്ഷ്യം.
റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഓട്ടോറിക്ഷയില്‍ പെരുമ്പാവൂരിലേക്ക് വരുമ്പോഴാണ് മാറമ്പിള്ളിയില്‍ വച്ച് പോലീസ് സംഘം ഇവരെ തടഞ്ഞത്. തുടര്‍ന്ന് പൊതികളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെടുത്തു. പെരുമ്പാവൂര്‍ മേഖലയിലേക്ക് ലഹരിമരുന്നുകള്‍ വന്‍തോതില്‍ എത്തുന്നതായി പോലീസിന് നേരത്തെ സൂചന ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. പ്രതികള്‍ മുമ്പും ലഹരി കടത്തിയിട്ടുണ്ടോ എന്നും ഇവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ഏജന്റുമാരെ കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.
Kerala
കൊച്ചി: പെരുമ്പാവൂരില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി. കീഴില്ലം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥി നെല്‍വിനെയാണ് കാണാതായത്. മണ്ണൂരിലെ ആര്‍ദ്രം ബാലഭവനില്‍ താമസിച്ചാണ് നെല്‍വിന്‍ പഠിച്ചിരുന്നത്. ഇന്നലെ ഉച്ചയോടെയാണ് കുട്ടിയെ കാണാതാവുന്നത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നേ കാലോടെ കുട്ടി ക്ലാസില്‍നിന്ന് ഇറങ്ങി പോവുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. ആ സമയത്ത് അധ്യാപകരാരും ക്യാസില്‍ ഉണ്ടായിരുന്നില്ല. അതിനു ശേഷം കുട്ടിയെ കുറിച്ചു വിവരങ്ങള്‍ ഒന്നുമില്ല. സംഭവത്തില്‍ കുറുപ്പുംപടി പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കൊച്ചി: ദേശീയ പണിമുടക്കിനെ തുടർന്ന് പെരുമ്പാവൂരില്‍ ബാങ്ക് അടപ്പിച്ച് സമരാനമുകൂലികള്. ഇന്ത്യന്‍ ബാങ്കിന്റെ ശാഖയാണ് പ്രതിഷേധക്കാര്‍ അടപ്പിച്ചത്. മൂന്ന് ജീവനക്കാരാണ് ബാങ്കില്‍ എത്തിയിരുന്നത്. തൊഴിലാളികള്‍ക്ക് വേണ്ടി തങ്ങള്‍ സമരം ചെയ്യുമ്പോള്‍ എന്തിനാണ് ബാങ്ക് തുറന്നുവച്ചത് എന്നു ചോദിച്ചുകൊണ്ടാണ് സമരാനുകൂലികള്‍ എത്തിയത്.
യൂണിയന് ബാങ്കും ഫെഡറല്‍ ബാങ്കും വരെ അടച്ചു. നിങ്ങള്‍ക്ക് എന്താണ് പ്രത്യേക എന്നും സമരാനുകൂലികള്‍ ചോദിച്ചു. ഡയസ്നോണ്‍ പ്രഖ്യാപിച്ചതുകൊണ്ടാണ് ജോലിക്ക് എത്തിയത് എന്നായിരുന്നു ബാങ്ക് ജീവനക്കാരുടെ മറുപടി. ലേബര്‍ കോഡ് നടപ്പിലാക്കുന്നത് തൊഴിലാളികളെ ഒന്നടങ്കം ബാധിക്കുന്ന വിഷയമാണ്, സഹകരിക്കണം എന്നാവശ്യപ്പെട്ടാണ് സമരകാനുകൂലികള് ബാങ്ക് അടപ്പിച്ചത്.
അതേസമയം, കൊച്ചിയില്‍ വിവിധയിടങ്ങളില്‍ വണ്ടി തടയലും ബലപ്രയോഗങ്ങളും നടന്നു. അങ്കമാലിയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ് സമരാനമുകൂലികള് തടഞ്ഞതോടെ ഡിപ്പോയിലേക്ക് തന്നെ മാറ്റി. കാക്കനാട് ടാക്സി കാര്‍ സമരാനമുകൂലികള് തടഞ്ഞു. പോലീസ് ഇടപെട്ടാണ് കാര്‍ തുടര്‍ന്ന് യാത്ര നടത്തിയത്.
Kerala
കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ ടൂറിസ്റ്റ് ബസിടിച്ച് യുവാവ് മരിച്ചു. മൂക്കന്നൂർ കോക്കുന്ന് കാഞ്ഞുക്കാരൻ വീട്ടിൽ നോബിൾ തോമസ് (35) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ ആയിരുന്നു അപകടം നടന്നത്.
ആലുവ- മൂന്നാർ റോഡിൽ ആശ്രമം ഹയർ സെക്കൻഡറി സ്കൂളിന് സമീപമായിരുന്നു സംഭവം. കോതമംഗലത്തേക്ക് പോകുകയായിരുന്ന നോബിളിന്റെ സ്കൂട്ടറിൽ പെരുമ്പാവൂരിലേക്ക് വന്ന ടൂറിസ്റ്റ് ബസിടിച്ചാണ് അപകടം നടന്നത്.
അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ അഗ്നിശമന സേന നോബിളിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പെയിന്റിംഗ് തൊഴിലാളി ആയിരുന്നു നോബിൾ.
District News
പെരുമ്പടവ്: പെരുമ്പടവ് സെന്റ് ജോസഫ് ഇംഗ്ലീഷ് സ്കൂൾ 22-ാം വാർഷികാഘോഷം തലശേരി അതിരൂപത ചാൻസലർ റവ. ഡോ. ജോസഫ് മുട്ടത്തുകുന്നേൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജോർജ് തൈക്കുന്നുംപുറം അധ്യക്ഷത വഹിച്ചു. വേൾഡ് റിക്കാർഡ് വിന്നർ പി.കെ. മുഹമ്മദ് സാബിത്ത് മുഖ്യാതിഥിയായിരുന്നു.
സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ബില്‍സി റാഫേൽ, പിടിഎ പ്രസിഡന്റ് ഷെൽമോൻ പൈനാടത്ത്, പെരുമ്പടവ് ബിവിജെഎം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഇ.പി. ജോസുകുട്ടി, മദർ പിടിഎ പ്രസിഡന്റ് ജിഷ ലിൻസ്, സിസ്റ്റർ ഡെറ്റി റോസ് എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
Kerala
കൊച്ചി: പെരുമ്പാവൂര്‍ ഭായ് കോളനിയില്‍ നടക്കുന്ന ലഹരി കച്ചവടത്തിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധത്തില്‍ 20 പേര്‍ക്കെതിരെ കേസ്. അന്യസംസ്ഥാനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചുവെന്ന പരാതിയിലാണ് കേസ്.
കഴിഞ്ഞ ദിവസം ഭായ് കോളനിയില്‍ നാട്ടുകാര്‍ നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്ന് പൊതുപ്രവര്‍ത്തകനും വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് ഷമിത ഷരീഫിന്റെ ഭര്‍ത്താവുമായ ഷരീഫിനെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ബംഗാള്‍ സ്വദേശികളായ അനോവര്‍, മോനിറുല്‍ എന്നിവരുടെ പരാതിയിലാണ് കേസ് എടുത്തത്. ഇവര്‍ നടത്തിയിരുന്ന കടയില്‍ നിന്നും ഷരീഫ് പേടിഎം സ്കാനര്‍ തട്ടിയെടുക്കുകയും അതിലൂടെ ലഭിച്ച 9,000 രൂപ മയക്കുമരുന്ന് വിറ്റു കിട്ടിയ തുകയാണെന്ന് പറഞ്ഞ് മര്‍ദ്ദിക്കുകയും ചെയ്തു എന്നാണ് പരാതി.
ലഹരി ഇടപാടു നടത്തുന്നവര്‍ക്കെതിരെ പോലീസ് കേസ് എടുക്കുന്നുവെന്ന് ആരോപിച്ച് വെങ്ങോല പഞ്ചായത്തംഗം ബേസില്‍ കുര്യാക്കോസ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഭായ് കോളനിയിലെ മയക്കുമരുന്ന് ഇടപാടുകള്‍ തടയാനായി എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു.
സ്ഥലത്ത് പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നതിനായി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്ന് എംഎല്‍എ ദീപിക ഡോട്ട്കോമിനോട് പ്രതികരിച്ചിരുന്നു. ഭായ് കോളനിയിലും പെരുമ്പാവൂരിലും അന്യസംസ്ഥാന തൊഴിലാളികളടക്കം പരസ്യമായി മയക്കുമരുന്ന് കുത്തിവയ്ക്കുന്നതിന്റെയും ലഹരി കച്ചവടം നടത്തുന്നതിന്റെയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
Kerala
കൊച്ചി: പെരുമ്പാവൂര്‍ വെങ്ങോലയിലെ പ്ലൈവുഡ് സ്ഥാപനത്തിലെ തീയണച്ചു. പുളിയാംമ്പിള്ളിയില് മക്കാര്‍ സണ്‍സ് പ്ലൈവുഡ് കമ്പനിയില്‍ ഇന്ന് രാവിലെ പത്തോടെയാണ് തീപിടിച്ചത്. പട്ടിമറ്റം, പെരുമ്പാവൂര്‍, ആലുവ, തൃക്കാക്കര, കോതമംഗലം മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ നിന്നുള്ള എട്ട് യൂണിറ്റ് അഗ്നിരക്ഷാസേന എത്തിയാണ് അഞ്ചു മണിക്കൂര്‍ നീണ്ട പ്രയത്നത്തിനൊടുവില്‍ തീയണച്ചത്.
സ്റ്റേഷന് ഓഫീസര്‍മാരായ എന്‍.എച്ച്. അസൈനാര്‍ (പട്ടിമറ്റം), ടി.കെ സുരേഷ് (പെരുമ്പാവൂര്‍), ബി ബൈജു (തൃക്കാക്കര), കെ.എന്‍ സതീഷ് (മൂവാറ്റുപുഴ) എന്നിവരുടെ നേതൃതത്തില്‍ 60 സേനാംഗങ്ങളാണ് തീയണക്കാന്‍ എത്തിയത്. പെരിയാര്‍ വാലി കനാലില്‍ നിന്ന് വെളളം ലഭിച്ചതിനാല്‍ തീ അണക്കല്‍ എളുപ്പമായി.
അതേസമയം, പ്ലൈവുഡ് കമ്പനിയില്‍ വലിയ നാശനഷ്ടമാണ് ഉണ്ടായത്. വിനിയര്‍, പ്ലൈവുഡ്, പാനല്‍ ബോര്‍ഡ്, ഡ്രയര്‍ മോട്ടോര്‍ എന്നിവ കത്തി നശിച്ചു. കമ്പനിയുടെ അടുത്ത് മറ്റ് സ്ഥാപനങ്ങളോ വീടുകളോ ഇല്ലാത്തതിനാല്‍ വലിയ ദുരന്തം ഒഴിവായി.
Kerala
കൊച്ചി: പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ തീപിടിത്തം. പെരുമ്പാവൂരിലെ വെങ്ങോലയിലെ പുളിയാമ്പിള്ളി നെസ്കോ പ്ലൈവുഡ്സിലാണ് തീപിടിത്തമുണ്ടായത്. രാവിലെ പത്തരയോടെയാണ് കമ്പനിയില്‍ തീപിടിച്ചത്. ഡ്രൈയറിന്റെ ഭാഗത്തു നിന്നാണ് തീപടര്‍ന്നത്. ഇത് ശ്രദ്ധയില്‍ പെട്ടതോടെ തൊഴിലാളികള്‍ കമ്പനിക്ക് പുറത്തേക്ക് ഓടി മാറി.
പെരുമ്പാവൂരില്‍ നിന്നുള്ള മൂന്നു യൂണിറ്റ് ഫയര്‍ഫോഴ്സ് തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ഒരുപാട് പ്ലൈവുഡ് ഉല്‍പ്പന്നങ്ങളും മെഷീനുകളും ഉള്ളതിനാല്‍ തീ ആളിപ്പടരുകയായിരുന്നു. കമ്പനിയുടെ അടുത്ത് മറ്റ് സ്ഥാപനങ്ങളോ വീടുകളോ ഇല്ലാത്തതിനാല്‍ വലിയ ദുരന്തം ഒഴിവായി.
Kerala
കൊച്ചി: പെരുമ്പാവൂരില്‍ ആര്‍ടിഒ ഓഫീസിന് സമീപമുള്ള ഇ-സേവാ കേന്ദ്രത്തില്‍ തീപിടിത്തം. ഇന്നു പുലര്‍ച്ചെ ആറിനാണ് സംഭവം. പുലര്‍ച്ചെ തീ പുകയുന്നത് കണ്ട് സമീപത്തെ ഹോട്ടല്‍ ജീവനക്കാരാണ് ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചത്. ഉടന്‍ ഫയര്‍ഫോഴ്സ് സംഘം എത്തി തീ അണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.
ഇ-സേവാ കേന്ദ്രത്തിലെ കമ്പ്യൂട്ടറുകളും മറ്റ് ഫയലുകളും കത്തിനശിച്ചു. എംസി റോഡില്‍ പട്ടാലില്‍ നഗരസഭ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ആര്‍ടിഒ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഇതിനോട് ചേര്‍ന്നാണ് ഇ-സേവാ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
ആര്‍ടിഒ ഓഫീസിലെ റെക്കോര്‍ഡ് മുറിയിലേക്ക് ജനലിലൂടെ തീ പടര്‍ന്നെങ്കിലും ഉടന്‍ ഫയര്‍ഫോഴ്സ് തീയണച്ചതിനാല്‍ കാര്യമായ നഷ്ടം ഉണ്ടായില്ല. പഴയ ലൈസന്‍സും ആര്‍സി ബുക്കും ഇരിക്കുന്ന മുറി ആയിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സൂചന.
Kerala
കൊച്ചി: പെരുമ്പാവൂരിലെ അടച്ചിട്ട വീടുകളിൽ മോഷണം നടത്തുന്നയാൾ പിടിയിൽ. കുറുപ്പംപടി, പുല്ലുവഴി പ്രദേശത്ത് നടത്തിയ മോഷണങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
പെരുമ്പാവൂർ തണ്ടേക്കാട് താമസിക്കുന്ന മൂവാറ്റുപുഴ തട്ടുപറമ്പ് ചക്കുങ്ങൽ വീട്ടിൽ നൗഷാദ്(45)നെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ജനുവരി പത്തിന് കുറുപ്പംപടി കർത്താവുംപടി, പുല്ലുവഴി ഭാഗങ്ങളിലാണ് മോഷണം നടന്നത്.
പുല്ലുവഴി കർത്താവുംപടിയിലെ വീടിന്റെ വാതിൽ പൊളിച്ച് അകത്ത് കയറിയെങ്കിലും വീട്ടിൽ വില പിടിപ്പുള്ള ഒന്നും ഉണ്ടായിരുന്നില്ല. അതോടെ വെറും കൈയോടെ മടങ്ങാൻ തയ്യാറാകാതെ മോഷ്ടാവ് സിസിടിവി ക്യാമറ മോഷ്ടിച്ചു.
Kerala
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. എറണാകുളം പെരുമ്പാവൂരിലാണ് സംഭവം. ആസാം സ്വദേശി മുസിബുർ റഹ്മാൻ ആണ് പിടിയിലായത്.
ആസാമിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതി പോലീസിന്റെ പിടിയിലായത്. അന്യസംസ്ഥാന തൊഴിലാളിയുടെ 15 വയസുള്ള മകളെയാണ് പ്രതി പീഡനത്തിനിരയാക്കിയത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ പോലീസ് കേസെടുക്കുകയായിരുന്നു.
പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് മനസിലാക്കി നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിൽ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Kerala
കൊച്ചി: പെരുമ്പാവൂര്‍ ഒക്കലില്‍ പച്ചക്കറി കട സാമൂഹ്യവിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചതായി പരാതി. ഒക്കല്‍ ആലിന്‍ചുവട്ടിലുള്ള അരീക്കല്‍ പൗലോസിന്റെ കടയാണ് കത്തി നശിച്ചത്. രാത്രിയാണ് കടയ്ക്ക് തീപിടിച്ചത്. കട പൂര്‍ണമായും കത്തി നശിച്ചു.
കടയോട് ചേര്‍ന്ന് ഹരിതകര്‍മ്മസേനയുടെ ചാക്കുകെട്ടുകള്‍ക്കും തീ പിടിച്ചു. സംഭവത്തില്‍ പൗലോസ് പെരുമ്പാവൂര്‍ പോലീസില്‍ പരാതി നല്കി. തന്നോട് ആര്‍ക്കും ശത്രുതയില്ലെന്നും തന്റെ ജീവിതമാര്‍ഗമാണ് കത്തി നശിച്ചതെന്നുമാണ് പൗലോസ് പറയുന്നത്.
Kerala
കൊച്ചി: പെരുമ്പാവൂർ വെങ്ങോലയിൽ വോട്ട് ചെയ്യാൻ എത്തിയ ആൾ കുഴഞ്ഞുവീണ് മരിച്ചു. വെസ്റ്റ് വെങ്ങോല അമ്പലപ്പറമ്പിൽ വീട്ടിൽ രാഘവൻ നായർ (80) ആണ് മരിച്ചത്.
വെങ്ങോലയിലെ ഇസ്ലാമിക് കൾച്ചറൽ സെന്ററിലെ ഒന്നാം നമ്പർ ബുത്തിലാണ് സംഭവം. ക്യൂവിൽ നിൽക്കുന്നതിനിടെ രാഘവൻ നായര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ തൊട്ടടുത്തുള്ള ക്ലിനിക്കിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
District News
പെരുമ്പാവൂർ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി നാളെ വൈകിട്ട് ആറിന് സുഭാഷ് മൈതാനിയിൽ എഐസിസി സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി പൊതുസമ്മേളനത്തിൽ പ്രസംഗിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു.
പൊതുസമ്മേളനത്തിന് മുന്നോടിയായി വൈകിട്ട് അഞ്ചിന് കോൺഗ്രസ് ഓഫീസ് പരിസരത്തുനിന്ന് മണ്ഡലങ്ങൾ തിരിഞ്ഞുള്ള റോഡ് ഷോ നടക്കും.
District News
പെരുമ്പാവൂർ: നഗരസഭയുടെ പുതിയ ഷോപ്പിംഗ് മാൾ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. നിർമാണ പ്രവർത്തനങ്ങൾക്ക് നഗരസഭാ ചെയർമാൻ പോൾ പാത്തിക്കൽ തുടക്കം കുറിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ റഷീദ ലത്തീഫ്, സി.കെ. രാമകൃഷ്ണൻ, മിനി ജോഷി, അഭിലാഷ് പുതിയേടത്ത്, മുൻ ചെയർമാൻമാരായ സക്കീർ ഹുസൈൻ, ബിജു ജോൺ ജേക്കബ്, കൗൺസിൽ അംഗങ്ങളായ കെ.സി. അരുൺ കുമാർ, എസ്.ആർ. അനിതാദേവി, ഷീബ ബേബി, നഗരസഭ സെക്രട്ടറി കവിത എസ്. കുമാർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഗ്രേസി ജോസഫ്, എക്സിക്യൂട്ടീവ് എൻജിനീയർ എം.ആർ. മഞ്ജു, ഓവർസിയർ സി.കെ. ജെസി മോൾ എന്നിവർ പങ്കെടുത്തു.
പഴയ ലോറി സ്റ്റാൻഡ് സ്ഥിതിചെയ്തിരുന്ന സ്ഥലത്താണ് ഈ വിപുലമായ ഷോപ്പിംഗ് മാൾ ഉയരുന്നത്. നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രദേശങ്ങളിലൊന്നായ എഎം റോഡിൽ, യൂണിയൻ ബാങ്കിന്റെ എതിർവശത്തായി സ്ഥിതി ചെയ്യുന്ന 60 സെന്റ് സ്ഥലത്താണ് നിർമാണം നടക്കുന്നത്.
പ്രദേശത്തിന്റെ ഒരു ഭാഗം ലോറി സ്റ്റാൻഡ് ആയി നിലനിർത്തും. ഇതിലൂടെ 15 ഓളം ലോറികൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമാകും. ആകെ 54,000 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണത്തിൽ മൂന്ന് നിലകളിലായി കെട്ടിടം പണിയുന്ന പദ്ധതിയാണ് ഇത്. വാഹന പാർക്കിംഗിനായി മതിയായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
വ്യാപാരവും സാമ്പത്തിക വളർച്ചയും ലക്ഷ്യമാക്കി നഗരസഭ രൂപകൽപന ചെയ്ത ഈ വ്യാപാര സമുച്ചയം, പെരുമ്പാവൂരിന്റെ നഗരവികസനത്തിൽ വൻ മാറ്റം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വാടക ഇനത്തിൽ പ്രതിമാസം ഏകദേശം 18 ലക്ഷം രൂപയുടെ അധിക വരുമാനം ഈ പദ്ധതിയിലൂടെ നഗരസഭ പ്രതീക്ഷിക്കുന്നു. മത്സ്യ മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സ് മാതൃകയിൽപോലെ, വ്യാപാരികളിൽ നിന്നുള്ള മുൻകൂർ ഡെപ്പോസിറ്റ് തുകയും നഗരസഭയുടെ ഫണ്ടും ഉപയോഗിച്ചാണ് ഈ നിർമാണം നടത്തുന്നത്. ഈ പദ്ധതിക്കായി നഗരസഭ ലോൺ എടുക്കുന്നില്ല എന്നതാണ് പ്രത്യേകത.