പെരുമ്പാവൂർ: ബിരുദ, ബിരുദാനന്തര പഠനത്തിനൊപ്പം ബേക്കറി തൊഴിലാളിയും ലോഡ്ജിൽ റിസപ്ഷനിസ്റ്റുമൊക്കെയായിരുന്ന ചെറുപ്പക്കാരൻ, ജീവിതത്തിന്റെ കനൽവഴികളും ഉയരങ്ങളും താണ്ടി ഒടുവിൽ നിയമസഭാ സ്ഥാനാർഥിയായി. പെരുമ്പാവൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി മനോജ് മൂത്തേടന്റെ ജീവിതം സിനിമാക്കഥയല്ല; അതുക്കും മേലെയാണ്.
1996-2001 കാലഘട്ടത്തിൽ കാലടി സംസ്കൃത സർവകലാശാലയിൽ വിദ്യാർഥിയായിരിക്കുമ്പോഴാണ് മനോജ് ടൗണിലെ ബേക്കറിയിലും ലോഡ്ജിലുമായി വൈകുന്നേരങ്ങളിലും രാത്രിയിലും ജോലി ചെയ്തത്.
സാമ്പത്തിക പരാധീനതയുണ്ടായിരുന്ന കുടുംബപശ്ചാത്തലമാണു പഠനത്തോടൊപ്പം വരുമാനമാർഗവും തേടാൻ മനോജിനെ അന്നു പ്രേരിപ്പിച്ചത്. പഠനകാലത്ത് വിദ്യാർഥിരാഷ്ട്രീയത്തിലും സജീവമായി. കെഎസ്യു യൂണിറ്റ് പ്രസിഡന്റായിരുന്നു. സർവകലാശാലയിലെ പ്രഥമ വിദ്യാർഥി യൂണിയനിൽ കൗൺസിലറായി. പിന്നീട് ചെയർമാനും.
പഠനത്തിനൊപ്പം എൽഐസി ഏജന്റായിരുന്നു. കാറ്ററിംഗ് സ്ഥാപനത്തിലും നിർമാണ മേഖലയിലും തൊഴിൽ ചെയ്തു. പഠനച്ചെലവിനൊപ്പം കുടുംബത്തിലെ ചെറിയ ചെലവുകൾക്കുള്ള വകയും ഇത്തരം ജോലികളിലൂടെ അന്നു കണ്ടെത്താനായെന്ന് മനോജ് ഓർക്കുന്നു. ജീവിതത്തിന്റെ പ്രതിസന്ധികളറിഞ്ഞുള്ള അതിജീവനത്തിന്റെ യൗവനം പൊതുപ്രവർത്തനത്തിനു പ്രചോദനമായെന്നും അദ്ദേഹം പറഞ്ഞു.
പഠനം, തൊഴിൽ, രാഷ്ട്രീയം, പൊതുപ്രവർത്തനം എന്നിവയിലൂടെയെല്ലാം രാഷ്ട്രീയത്തിനതീതമായ വിശാല വ്യക്തിബന്ധങ്ങൾ വളർത്താനും മനോജിനായെന്ന് നാട്ടുകാർ പറയുന്നു. കെഎസ്യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും ബ്ലോക്ക്, ജില്ലാ, സംസ്ഥാന നേതൃപദവികളിലേക്കുവരെ മനോജെത്തി.
പഠനശേഷം സജീവ രാഷ്ട്രീയത്തിനൊപ്പം കൂവപ്പടി സർവീസ് സഹകരണ ബാങ്കിൽ സെക്യൂരിറ്റി ജോലിക്കാരനായി. പിന്നീട് ഇതേ ബാങ്കിന്റെ പ്രസിഡന്റുപദവിയിൽ രണ്ടുവട്ടം അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടതും നിയോഗം.
കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും തിളങ്ങിയശേഷമാണ് ഇക്കുറി പെരുമ്പാവൂർ നിയമസഭാ സീറ്റ് മനോജ് മൂത്തേടനെ തേടിയെത്തിയത്.
Tags : Bakery worker Assembly candidate Kerala Assembly Election Niyama Sabha Election perumbavoor Manoj Moothedan