സിം കാർഡ്
ന്യൂഡൽഹി: വ്യക്തികൾക്ക് സ്വന്തം പേരിൽ എടുക്കാവുന്ന മൊബൈൽ സിം കാർഡുകളുടെ എണ്ണത്തിൽ കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര ടെലികോം മന്ത്രാലയം . അനുവദനീയമായ പരിധി കഴിഞ്ഞവർക്ക് ഓഗസ്റ്റ് 24 മുതൽ പുതിയ സിം കാർഡുകൾ നൽകുന്നത് നിർത്തിവെക്കാൻ ടെലികോം കമ്പനികൾക്ക് മന്ത്രാലയം നിർദ്ദേശം നൽകി.
ഒരു വ്യക്തിക്ക് പരമാവധി ഒൻപത് സിം കാർഡുകൾ വരെയാണ് സ്വന്തം പേരിൽ എടുക്കാൻ സാധിക്കുക. എന്നാൽ ജമ്മു കശ്മീർ, അസം, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലുള്ളവർക്ക് പരമാവധി ആറ് സിം കാർഡുകൾ മാത്രമേ കൈവശം വെക്കാൻ അനുവാദമുള്ളൂ.
പുതിയ സിം എടുക്കുമ്പോൾ നിലവിലുള്ള മറ്റ് കണക്ഷനുകളുടെ വിവരങ്ങൾ അപേക്ഷാ ഫോമിൽ വ്യക്തമാക്കണം. ഉപഭോക്താക്കളുടെ വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്താൻ സർക്കാരിന്റെ ഡിജിറ്റൽ ഇന്റലിജൻസ് പ്ലാറ്റ്ഫോം, ടെലികോം കമ്പനികൾ ഉപയോഗിക്കും. ഓഗസ്റ്റ് 23 മുതൽ ഈ പ്ലാറ്റ്ഫോമിൽ ഫോട്ടോ അടിസ്ഥാനമാക്കിയുള്ള തിരിച്ചറിയൽ സംവിധാനവും ലഭ്യമാകും.
അബദ്ധവശാൽ പരിധിയിൽ കൂടുതൽ സിം കാർഡുകൾ അനുവദിക്കപ്പെട്ടാൽ അവ താത്ക്കാലികമായി റദ്ദാക്കുമെന്നും ടെലികോം മന്ത്രാലയം അറിയിച്ചു. സിം കാർഡുകൾ ദുരുപയോഗം ചെയ്യുന്നതിൽനിന്ന് തടയുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.
Tags : technology simcard limits newrules centralgovernment