ആപ്പിൾ മ്യൂസിക്
ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമിക്കുന്ന പാട്ടുകൾ തിരിച്ചറിയാൻ പ്രത്യേക ലേബലുകൾ നൽകാനൊരുങ്ങി മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ആപ്പിൾ മ്യൂസിക്. എഐ നിർമിത ഗാനങ്ങളുടെ എണ്ണം കുത്തനെ ഉയർന്ന പശ്ചാത്തലത്തിലാണ് ഈ വർഷം അവസാനത്തോടെ പുതിയ മാറ്റം കൊണ്ടുവരാൻ ആപ്പിൾ തീരുമാനിച്ചത്.
സംഗീത വിതരണക്കാരും റിക്കാർഡ് ലേബലുകളും നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പാട്ടുകളിൽ എഐ ലേബലുകൾ ചേർക്കുക. ഒരു പാട്ടിന്റെ നിർമാണത്തിൽ എഐ സാങ്കേതികവിദ്യ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെങ്കിൽ അത് വ്യക്തമാക്കുന്ന ടാഗുകൾ നൽകണമെന്ന് കമ്പനികൾക്ക് ആപ്പിൾ മ്യൂസിക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ മാർച്ചിൽ തന്നെ റിക്കോർഡ് ലേബലുകൾക്കായി ഇത്തരം ടാഗുകൾ അവതരിപ്പിച്ചിരുന്നെങ്കിലും, പുതിയ മാറ്റത്തോടെ ഇത് കേൾവിക്കാർക്കും നേരിട്ട് കാണാൻ സാധിക്കും. പ്രതിമാസം അപ്ലോഡ് ചെയ്യപ്പെടുന്ന പുതിയ ഗാനങ്ങളിൽ മൂന്നിലൊന്നും എഐ നിർമിതമാണെന്ന് ആപ്പിൾ മ്യൂസിക് മേധാവി ഒലിവർ ഷൂസർ വ്യക്തമാക്കി.
മറ്റൊരു സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ സ്പോട്ടിഫൈയും അടുത്തിടെ എഐ കലാകാരന്മാരെ തിരിച്ചറിയാൻ എഐ പേർസോണ, എന്ന ബാഡ്ജ് അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആപ്പിൾ മ്യൂസിക്കും സുതാര്യത ഉറപ്പാക്കാൻ പുതിയ നടപടിയുമായി രംഗത്തെത്തിയത്.
Tags : technology applemusic artificialintelligence technews ailabels