മൈക്രോസോഫ്റ്റ് ഇന്ത്യ ആൻഡ് സൗത്ത് ഏഷ്യ പ്രസിഡന്റ് പുനീത് ചന്ദോക്
ന്യൂഡൽഹി: ഇന്ത്യയിലെ ക്ലൗഡ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലകൾ ശക്തിപ്പെടുത്തുന്നതിനായി പ്രഖ്യാപിച്ച 20.5 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപ പദ്ധതിയുടെ ഭാഗമായി ഹൈദരാബാദിൽ പുതിയ 'ഇന്ത്യ സൗത്ത് സെൻട്രൽ' ക്ലൗഡ് റീജിയൻ പ്രവർത്തനം ആരംഭിച്ചതായി മൈക്രോസോഫ്റ്റ് അറിയിച്ചു.
ന്യൂഡൽഹിയിൽ നടന്ന 'മൈക്രോസോഫ്റ്റ് എഐ ഇൻഫ്രാസ്ട്രക്ചർ സമ്മിറ്റിലാണ്' കമ്പനി ഈ വമ്പൻ പ്രഖ്യാപനം നടത്തിയത്. പൂനെ, ചെന്നൈ, മുംബൈ എന്നിവയ്ക്ക് ശേഷം ഇന്ത്യയിൽ മൈക്രോസോഫ്റ്റ് ആരംഭിക്കുന്ന നാലാമത്തെ ക്ലൗഡ് റീജിയനാണിത്.
ഏഷ്യയ്ക്കും ഗ്ലോബൽ സൗത്ത് രാജ്യങ്ങൾക്കും തന്ത്രപ്രധാനമായ കേന്ദ്രമായി പ്രവർത്തിക്കുന്ന ഈ ഡാറ്റാ സെന്റർ വൻകിട എഐ പ്രോസസിംഗുകൾക്ക് അനുയോജ്യമായ രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.
അദാനി ഗ്രൂപ്പ്, ബജാജ് ഫിൻസെർവ്, എച്ച്ഡിഎഫ്സി ബാങ്ക്, പിബി പേ തുടങ്ങിയ ഇന്ത്യൻ സ്ഥാപനങ്ങൾ ഇതിനകം തന്നെ ഈ പുതിയ ക്ലൗഡ് റീജിയനിലേക്ക് മാറിത്തുടങ്ങി.
സ്വതന്ത്രമായ പവർ, കൂളിംഗ്, നെറ്റ്വർക്കിംഗ് സംവിധാനങ്ങളുള്ള മൂന്ന് പ്രത്യേക സോണുകൾ ഇതിലുണ്ട്. ഒരു സോണിൽ തടസ്സം നേരിട്ടാലും സർവീസുകൾ തടസമില്ലാതെ ലഭ്യമാകും.
ഡാറ്റാ സെന്ററുകളുടെ കൂളിംഗ് ആവശ്യങ്ങൾക്കായി ജലം വൻതോതിൽ ഉപയോഗിക്കാതെ പൂർണമായും പരിസ്ഥിതി സൗഹൃദമായ രീതിയിലാണ് ഇത് പ്രവർത്തിക്കുന്നത്.
ലോകത്തിലെ ആകെ ഡാറ്റയുടെ 20 ശതമാനവും ഇന്ത്യയിലാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. എന്നാൽ നിലവിൽ ആഗോള ഡാറ്റാ സെന്റർ ശേഷിയുടെ 3 ശതമാനം മാത്രമാണ് ഇന്ത്യയിലുള്ളതെന്ന് മൈക്രോസോഫ്റ്റ് ഇന്ത്യ ആൻഡ് സൗത്ത് ഏഷ്യ പ്രസിഡന്റ് പുനീത് ചന്ദോക് പറഞ്ഞു.
Tags : technology microsoft datacentre hyderabad india indiaandsouthasia president puneetchandok