തായ്‌ലൻഡിലെ ഒരു ചെറിയ കടയിലേക്ക് അതിഥിയായി എത്തിയ കാട്ടാന സോഷ്യൽ മീഡിയയിൽ ചിരി പടർത്തുകയാണ്. പതിവ് ഷോപ്പിംഗിന് എത്തിയ ഒരു ഉപഭോക്താവിനെപ്പോലെ അതീവ ശാന്തനായി കടയ്ക്കുള്ളിലേക്ക് കയറിയ ആന, തന്‍റെ തുമ്പിക്കൈ ഉപയോഗിച്ച് ഷെൽഫുകളിൽ നിന്ന് ഇഷ്ടപ്പെട്ട പലഹാരങ്ങൾ ഓരോന്നായി എടുത്തു കഴിച്ചു.
സാൻഡ്‌വിച്ചുകളും പഴങ്ങളും അടക്കം തിരഞ്ഞുപിടിച്ച് കഴിച്ച ശേഷം, കടയുടമയ്ക്ക് വലിയ ബുദ്ധിമുട്ടുകളൊന്നും ഉണ്ടാക്കാതെ അതേ വഴിക്ക് തന്നെ കാട്ടിലേക്ക് തിരികെ നടന്നു.
പ്ലൈ ബിയാങ് ടെക് എന്ന് പേരുള്ള ഈ ആന പ്രദേശവാസികൾക്ക് സുപരിചിതനാണ്. പലപ്പോഴും മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് ഭക്ഷണത്തിനായി എത്താറുള്ള ഈ ആന ഇത്തവണ കടയിൽ കയറിയതിലൂടെ ഏകദേശം 25 ഡോളറിന്‍റെ നഷ്ടമാണ് കടയുടമയ്ക്കുണ്ടായത്.
എന്നാൽ സംഭവമറിഞ്ഞെത്തിയ വന്യജീവി സംരക്ഷണ സംഘടന ഉടമയ്ക്ക് നഷ്ടപരിഹാരം നൽകിയതോടെ പ്രശ്നം സ്നേഹത്തോടെ അവസാനിച്ചു.
വീഡിയോ വൈറലായതോടെ ഇൻഷുറൻസ് കമ്പനിയോട് ഈ സംഭവം എങ്ങനെ വിശദീകരിക്കും എന്നതിനെച്ചൊല്ലിയും, ആനയെ സംബന്ധിച്ചുള്ള രസകരമായ തമാശകൾ ഉപയോഗിച്ചുമുള്ള ട്രോളുകളും കമന്‍റുകളും കൊണ്ടും നിറയുകയാണ് സോഷ്യൽ മീഡിയ.
മനുഷ്യൻ കയ്യേറിയ വനഭൂമിയിൽ നിന്ന് കടന്നുവരുന്ന ഈ ആനകൾക്ക് ലഭിക്കുന്ന ഇത്തരം സ്നേഹപൂർണമായ സമീപനം കാണുമ്പോൾ, ഒരേസമയം കൗതുകവും ആശ്വാസവും നൽകുന്നുണ്ട്.
Tags : ElephantShopping ViralVideo Thailand Elephant FunnyAnimals