കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിലും മണ്ണടിച്ചിലിലും തകർന്നുതരിപ്പണമായ നേപ്പാളിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ കഠിനപ്രയത്നമാണ് നടക്കുന്നത്.
നേപ്പാൾ-ടിബറ്റ് അതിർത്തി ഗ്രാമങ്ങളെ സാരമായി ബാധിച്ച പ്രകൃതിദുരന്തത്തിൽ നിരവധി മനുഷ്യരാണ് ഒറ്റപ്പെട്ടുപോയത്. ഇവരെ കരമാർഗവും ആകാശമാർഗവും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള തീവ്രശ്രമത്തിലാണ് സുരക്ഷാ സേന.
രസുവ ജില്ലയിലെ അപ്പർ തൃശൂലി ഹൈഡ്രോ പവർ പദ്ധതിയുടെ തുരങ്കത്തിനുള്ളിൽ കുടുങ്ങിപ്പോയ തൊഴിലാളികളെയും വിനോദസഞ്ചാരികളെയും പുറത്തെത്തിക്കാൻ സൈനികർ ചെളിയിലൂടെ ഇഴഞ്ഞുനീങ്ങുന്ന ദൃശ്യങ്ങൾ പ്രദേശത്തെ ഭീകരാവസ്ഥ വ്യക്തമാക്കുന്നു.
പ്രളയത്തിൽ ഒഴുകിയെത്തിയ കട്ടി ചെളിയും അവശിഷ്ടങ്ങളും തുരങ്കത്തിന്റെ കവാടം മൂടിയത് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. റോഡ് മാർഗം എത്താൻ കഴിയാത്ത ഇടങ്ങളിൽ ഹെലികോപ്റ്ററുകൾ ഉപയോഗിച്ചാണ് ദൗത്യം പുരോഗമിക്കുന്നത്.
തകർന്ന കെട്ടിടങ്ങളുടെ മേൽക്കൂരയിൽ സഹായം കാത്തുനിന്നവരെ അപകടകരമായ സാഹചര്യത്തിലും ജീവൻ പണയം വെച്ച് ഹെലികോപ്റ്ററുകളിൽ കരകയറ്റുന്നുണ്ട്.
ദുരന്തത്തിൽ ഇതുവരെ നേപ്പാളിലും ടിബറ്റിലുമായി അഞ്ഞൂറിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും ആയിരക്കണക്കിന് ആളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
നേപ്പാൾ ദുരന്തനിവാരണ അതോറിറ്റിയുടെ മേൽനോട്ടത്തിൽ പതിനായിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരാണ് നിലവിൽ ദുരന്തഭൂമിയിൽ സേവനമനുഷ്ഠിക്കുന്നത്.
ഇതിനോടകം ആയിരക്കണക്കിന് ആളുകളെ സുരക്ഷിതമായി പുറത്തെത്തിക്കാനായി. പ്രളയം ഇന്ത്യൻ പൗരന്മാരെയും ബാധിച്ചിട്ടുണ്ട്. നൂറിലധികം ഇന്ത്യക്കാരെ ഇതിനകം രക്ഷപ്പെടുത്തുകയും ചൈന അതിർത്തി വഴി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ടെങ്കിലും നിരവധി പേരെക്കുറിച്ച് ഇനിയും വിവരമൊന്നുമില്ല. കാണാതായവർക്കായുള്ള തെരച്ചിൽ പ്രദേശത്ത് ഇപ്പോഴും തുടരുകയാണ്.
NEPAL FLOOD: 350 RESCUED FROM HYDROPOWER TUNNEL
— Subodh Kumar (@kumarsubodh_) August 27, 2026
The Nepali Army has rescued 350 people who were trapped inside the Upper Trishuli Hydropower tunnel following the devastating Bhote Koshi flood in Rasuwa.
A total of 883 people have been rescued amid the ongoing flood crisis. pic.twitter.com/9EbJMmS3l3
Tags : NepalFloods NepalDisaster NepalRescue BreakingNews NepalEmergency