പരീക്ഷാഹാളിലെ ക്രമക്കേട് ചോദ്യം ചെയ്തതിന് അധ്യാപകരെ പോലീസ് ഉദ്യോഗസ്ഥനും സംഘവും ചേർന്ന് ക്യാമ്പസിനുള്ളിൽ കയറി മർദ്ദിച്ച സംഭവം ഡെറാഡൂണിൽ വലിയ ചർച്ചയാകുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ സബ് ഇൻസ്പെക്ടറെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പോലീസിന്റെ ഭാഗത്തുനിന്നും അടിയന്തര നടപടിയുണ്ടായത്.
ഡെറാഡൂണിലെ പിത്തുവാല ഗവൺമെന്റ് പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ടിലാണ് വിവാദങ്ങൾക്ക് ആസ്പദമായ സംഭവങ്ങൾ അരങ്ങേറിയത്. സിവിൽ എഞ്ചിനീയറിംഗ് അവസാന വർഷ വിദ്യാർഥിയായ കബീർ കന്ദ്വാൽ പരീക്ഷാഹാളിൽ വെച്ച് മറ്റ് കുട്ടികളോട് സംസാരിക്കാൻ ശ്രമിച്ചത് അധ്യാപകർ ചോദ്യം ചെയ്തിരുന്നു.
ഇതിൽ പ്രകോപിതനായ വിദ്യാർഥി തന്റെ പിതാവ് പോലീസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് അധ്യാപകരെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചതായാണ് കോളേജ് അധികൃതർ നൽകുന്ന വിവരം.
എന്നാൽ ഇതിന്റെ അടുത്ത ദിവസം വിദ്യാർഥിയുടെ പിതാവും സബ് ഇൻസ്പെക്ടറുമായ മഹേഷ് കന്ദ്വാൽ ഒരു സംഘം ആളുകളുമായി കോളേജിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു.
കോളേജിലെ പരീക്ഷാ കൺട്രോൾ റൂമിൽ അതിക്രമിച്ചുകയറിയ സംഘം ജീവനക്കാരെ അസഭ്യം പറയുകയും ഓഫീസിലെ കസേരകളും മറ്റ് സാധനങ്ങളും എറിഞ്ഞുതകർക്കുകയും ചെയ്തു.
തടയാൻ ശ്രമിച്ച അധ്യാപകരെ ഇവർ ക്രൂരമായി കൈയേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ ക്യാമ്പസിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള ജനരോഷമാണ് ഉയർന്നത്.
തുടർന്ന് ഡെറാഡൂൺ സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് പ്രമേന്ദ്ര സിംഗ് ഡോബാൽ വിഷയത്തിൽ ഇടപെടുകയും, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിന് സബ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്യാൻ ഉത്തരവിടുകയുമായിരുന്നു.
സംഭവത്തിൽ വിദ്യാർഥിക്കും പിതാവിനുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അക്രമത്തിൽ സ്പെഷ്യൽ ടാസ്ക് ഫോഴ്സിലെ മറ്റൊരു ഉദ്യോഗസ്ഥനും പങ്കുണ്ടെന്ന സംശയത്തെ തുടർന്ന് ഇയാളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
അതേസമയം, സംഭവത്തിന് പുതിയൊരു വഴിത്തിരിവ് നൽകിക്കൊണ്ട് വിദ്യാർഥിയുടെ ഭാഗത്തുനിന്നും പ്രതികരണവുമായി മറ്റൊരു വീഡിയോ പുറത്തുവന്നിട്ടുണ്ട്. താൻ പരീക്ഷയിൽ കോപ്പിയടിച്ചിട്ടില്ലെന്നും അധ്യാപകർ തന്നോട് പണം ആവശ്യപ്പെട്ടതായും വിദ്യാർഥി ആരോപിക്കുന്നു.
പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് തങ്ങളെ മർദ്ദിക്കുകയായിരുന്നുവെന്നാണ് വിദ്യാർഥിയുടെ വാദം. ഇതേത്തുടർന്ന് നാല് അധ്യാപകർക്കെതിരെ സസ്പെൻഷനിലായ പോലീസ് ഉദ്യോഗസ്ഥനും പരാതി നൽകിയിട്ടുണ്ട്.
ഇരുവിഭാഗത്തിന്റെയും പരാതികളിൽ ക്രോസ്-എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും, സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും പരിശോധിച്ച് കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
A teacher tried to stop cheating in an exam, what happened next has shocked
— Rakesh Kalotra (@Rakeshkalotra9) June 8, 2026
A viral video from Dehradun allegedly shows a student returning with family members, leading to chaos and confrontation inside the college
The full truth is still unverified, but the incident has… pic.twitter.com/564QG66iBM
Tags : UttarakhandPolice DehradunNews PolytechnicCollegeAssault ExamCheatingRow CrimeNewsIndia