നിതിൻ രാജ്
കൊച്ചി: നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം.സർക്കാരും ആഭ്യന്തര വകുപ്പും നാറിക്കോട്ടെ എന്ന ഉദ്ദേശം നിങ്ങൾക്കുണ്ടോയെന്ന് ചോദിച്ച കോടതി ആഭ്യന്തര വകുപ്പിന്റെ ശോഭ ഇല്ലാതാക്കാൻ ആരെങ്കിലും നിർദ്ദേശിച്ചിട്ടുണ്ടോയെന്നും ചോദിച്ചു.
പ്രതിക്ക് സുപ്രീംകോടതി വരെ പോകാനുള്ള അവസരം എന്തിനാണ് അന്വേഷണ സംഘം ഉണ്ടാക്കി നൽകിയത്. സാധാരണക്കാരുടെ കാര്യം നോക്കാൻ ഇവിടെ കോടതിയുണ്ടെന്ന് ഓർക്കണമെന്നും ഹൈക്കോടതി ഓർമ്മിപ്പിച്ചു. അന്വേഷണ മേൽനോട്ടമെന്താണെന്ന് അറിയാമോയെന്ന് ക്രൈംബ്രാഞ്ച് എസ്പിയോടും കോടതി ചോദിച്ചു.
എല്ലാ കാര്യങ്ങളിലും കോടതിക്ക് നിർദ്ദേശം നൽകേണ്ടി വരുന്ന സാഹചര്യം ഉണ്ടാക്കരുത്. പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ പരാജയമാണ് ഉണ്ടായിരിക്കുന്നതെന്നും വ്യക്തമാക്കി. തങ്ങൾക്കെതിരെ നടപടിയെടുക്കരുതെന്ന് ഡിവൈഎസ്പി അപേക്ഷിച്ചെങ്കിലും കേസിലെ വീഴ്ചയിൽ ഉറപ്പായും നടപടിയുണ്ടാകുമെന്ന് കോടതി മുന്നറിയിപ്പ് നൽകി.
സർക്കാർ നടപടിയെടുത്തില്ലെങ്കിൽ കോടതി നേരിട്ട് അന്വേഷണത്തിന് ഉത്തരവിടും. അന്വേഷണ ഉദ്യോഗസ്ഥനെതിരെ സ്വീകരിച്ച നടപടികൾ അറിയിക്കാൻ എഡിജിപിക്ക് നിർദ്ദേശം നൽകിയ ഹൈക്കോടതി ഹർജി കൂടുതൽ വാദത്തിനായി രണ്ടാഴ്ചത്തേക്ക് മാറ്റി.
അതേസമം കേസ് പരിഗണിക്കുന്നതിനിടെ കോടതി മുറിയിലെ ഓൺലൈൻ മൈക്ക് ഓഫ് ചെയ്യാൻ ശ്രമിച്ച അന്വേഷണ ഉദ്യോഗസ്ഥന്റെ നടപടിയെ ജഡ്ജി ചോദ്യം ചെയ്തു. സുപ്രധാന കേസ് പരിഗണിക്കുമ്പോൾ എന്തിനാണ് ഓൺലൈൻ മൈക്ക് ഓഫ് ചെയ്യുന്നതെന്ന് ചോദിച്ച കോടതി സ്വയം ഇടപെട്ട് മൈക്ക് ഓൺ ചെയ്യിപ്പിക്കുകയായിരുന്നു.
ചാനലുകൾ കോടതി നടപടികൾ റെക്കോർഡ് ചെയ്ത് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നുവെന്ന് പ്രോസിക്യൂട്ടർ വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും കോടതി അതിനെ ശക്തമായി എതിർത്തു. തുടർന്ന് ഹർജി മാറ്റിവയ്ക്കുകയായിരുന്നു.
Tags : NithinRajCase HighCourtSlamsPolice NithinRajDentalStudent CrimeBranch Deepika DeepikaNewspaper BreakingNews