പ്രതീകാത്മക ചിത്രം
ദുബായി: 2027 ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ വേദിയും തീയതിയും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പ്രഖ്യാപിച്ചു. ലണ്ടനിലെ ചരിത്രപ്രസിദ്ധമായ ദി ഓവൽ ഗ്രൗണ്ടാണ് കലാശപ്പോരാട്ടത്തിന് വേദിയാകുന്നത്.
2027 ജൂൺ ഒമ്പതു മുതൽ 13 വരെയാണ് ഫൈനൽ മത്സരം നിശ്ചയിച്ചിരിക്കുന്നത്. മഴയോ മറ്റ് തടസങ്ങളോ ഉണ്ടായാൽ ഉപയോഗിക്കാനായി 14 റിസർവ് ദിനമായും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് ദി ഓവൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ആതിഥേയത്വം വഹിക്കുന്നത്.
2023ലെ ഡബ്ല്യുടിസി ഫൈനലും ഇവിടെ വെച്ചാണ് നടന്നത്. അന്ന് കലാശപ്പോരാട്ടത്തിൽ ഇന്ത്യയെ 209 റൺസിന് പരാജയപ്പെടുത്തി ഓസ്ട്രേലിയ തങ്ങളുടെ കന്നി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കിയിരുന്നു. അടുത്ത മൂന്ന് ഡബ്ല്യുടിസി ഫൈനലുകളുടെയും (2027, 2029, 2031) ആതിഥേയത്വം ഇംഗ്ലണ്ടിന് നല്‍കിക്കൊണ്ട് കഴിഞ്ഞ വര്‍ഷം ഐസിസി തീരുമാനമെടുത്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് ഫൈനലിനായുള്ള വേദി തെരഞ്ഞെടുക്കുന്നത്. വേദി പ്രഖ്യാപനത്തിനൊപ്പം ഐസിസി നിലവിലെ പോയിന്റ് പട്ടികയും പുറത്തുവിട്ടിട്ടുണ്ട്. കളിച്ച എട്ട് മത്സരങ്ങളിൽ ഏഴിലും ജയിച്ച് 84 പോയിന്റോടെ (87.50%) ഓസ്ട്രേലിയയാണ് പട്ടികയിൽ ഒന്നാമതുള്ളത്.
നിലവിലെ ചാമ്പ്യന്മാരായ സൗത്ത് ആഫ്രിക്ക 36 പോയിന്റോടെ (75%) രണ്ടാം സ്ഥാനത്തും ന്യൂസിലാൻഡ്, ബംഗ്ലാദേശ് ടീമുകൾ യഥാക്രമം മൂന്നും നാളും സ്ഥാനങ്ങളിലുമുണ്ട്. അതേസമയം 48.15 ശതമാനം പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ.
Tags : WorldTestChampionshipFinal TheOval ICCWTCFinal TestCricket England