അനീഷ് മോഹൻ, അനീഷ് ഭാര്യ ഡോ. സംഗീതയ്ക്കും ഇളയകുട്ടി കാർത്ത്യായനിക്കുമൊപ്പം
കോട്ടയം: സിക്കിമിലെ തുരങ്ക ദുരന്തത്തിൽ മരണപ്പെട്ട മലയാളി ജിയോളജിസ്റ്റ് പാമ്പാടി പത്താഴക്കുഴി സ്വദേശി കൂരോത്തുപറമ്പിൽ അനീഷ് മോഹന്റെ (43) മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് കടുത്ത അനിശ്ചിതത്വം തുടരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പ്രതിസന്ധിയിലായതോടെ സിക്കിമിൽ തന്നെ സംസ്കാരം നടത്തേണ്ടി വരുമോ എന്ന ആശങ്കയിലാണ് കുടുംബം.
മൃതദേഹം നാട്ടിലെത്തിക്കാൻ സാധ്യമായ എല്ലാ വഴികളും അടയുകയാണെന്നും വേറെ വഴിയില്ലെങ്കിൽ അവിടെത്തന്നെ സംസ്കരിക്കേണ്ടി വരുമെന്ന വേദനയിലാണ് തങ്ങളെന്നും അനീഷിന്റെ ഭാര്യ സംഗീത പറഞ്ഞു. അനീഷിന്റെ സഹോദരൻ ബിനീഷ് മോഹനും ഭാര്യ സംഗീതയും ചേർന്നാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
സിക്കിം അധികൃതരുടെയും ആരോഗ്യവിഭാഗത്തിന്റെയും ഭാഗത്തുനിന്ന് വലിയ വീഴ്ചയും കാലതാമസവും ഉണ്ടായതായി കുടുംബം ആരോപിക്കുന്നു. അപകടത്തെ തുടർന്ന് ബിനീഷ് മോഹൻ, ഭാര്യസഹോദരൻ സനൽ, സുഹൃത്ത് സാബി ബേബി എന്നിവർ തിങ്കളാഴ്ച തന്നെ സ്ഥലത്തെത്തിയിരുന്നു. മൃതദേഹം കണ്ടെത്തിയെങ്കിലും, മരണം നടന്ന് 72 മണിക്കൂർ പിന്നിട്ടതിനാൽ വിമാനമാർഗം കൊണ്ടുപോകുന്നതിനുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാൻ ആരോഗ്യവിഭാഗം വിസമ്മതിക്കുകയായിരുന്നു.
കേരള മുഖ്യമന്ത്രിയുടെ ഓഫീസ്, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ഫ്രാൻസിസ് ജോർജ് എംപി, ചാണ്ടി ഉമ്മൻ എംഎൽഎ, നോർക്ക എന്നിവരുടെ ശക്തമായ ഇടപെടലിന് ശേഷമാണ് സിക്കിം അധികൃതർ തുടർനടപടികൾക്ക് തയാറായത്.
Tags : Sikkim Tunnel Tragedy Aneesh Mohan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash