എം.ആർ. അജിത് കുമാർ
തിരുവനന്തപുരം: രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ച സംഭവത്തിൽ സസ്പെൻഷനിലായ എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ കുരുക്ക് മുറുകുന്നു. കേസ് അട്ടിമറിച്ചതിൽ അജിത് കുമാറിന് നേരിട്ട് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന സസ്പെൻഷൻ ഉത്തരവിലെ നിർണായക വിവരങ്ങൾ പുറത്തുവന്നു.
അന്വേഷണ ഉദ്യോഗസ്ഥർ നൽകിയ മൊഴികളാണ് എഡിജിപിക്ക് തിരിച്ചടിയായത്. എഡിജിപിയുടെ ഓഫീസിലുണ്ടായിരുന്ന രണ്ട് ഗ്രേഡ് എസ്ഐമാർ കേസ് അന്വേഷണത്തിൽ നേരിട്ട് ഇടപെട്ടെന്നും സംഭവത്തിൽ അജിത്കുമാറിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം അജിത് കുമാറിനെതിരെ വകുപ്പുതല അന്വേഷണം നടത്താനും നീക്കമുണ്ട്. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണത്തിന് നേതൃത്വം നൽകും. വകുപ്പുതല അന്വേഷണവും സസ്പെൻഷൻ നടപടികളും അജിത് കുമാറിന്റെ കരിയറിനെത്തന്നെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
31ന് അദ്ദേഹത്തിന് ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിക്കേണ്ടതായിരുന്നു. എന്നാൽ സസ്പെൻഷൻ നിലനിൽക്കുന്നതിനാൽ തൽക്കാലം സ്ഥാനക്കയറ്റം നൽകേണ്ടതില്ലെന്നാണ് സർക്കാരിന്റെ തീരുമാനം. വകുപ്പുതല അന്വേഷണം പൂർത്തിയാകുന്നതുവരെ പകരം മറ്റാരെയും ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ലെന്നും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
Tags : MRAjithKumarIPS ADGPAjithKumar KeralaPoliceControversy KeralaPolice DepartmentalInquiry AjithKumarSuspended Deepika DeepikaNewspaper BreakingNews