പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പാർലമെന്റിൽ പ്രതിപക്ഷ ബഹളം. ശക്തമായ പ്രതിഷേധത്തെ തുടർന്ന് രാജ്യസഭ ഉച്ചയ്ക്ക് രണ്ടു വരെ നിർത്തിവെച്ചു. ലോക്സഭയിലും നടപടിക്രമങ്ങൾ തടസപ്പെട്ട് പ്രതിഷേധം തുടരുകയാണ്. നേരത്തെ ബഹളം കാരണം ഇരുസഭകളും 12 വരെ നിർത്തിവെച്ചിരുന്നു.
വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് ലക്ഷ്യമിട്ടാണ് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ രംഗത്തെത്തിയത്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ചോ രാജ്യവ്യാപകമായി നടക്കുന്ന വിദ്യാർഥി പ്രക്ഷോഭങ്ങളെക്കുറിച്ചോ പ്രധാനമന്ത്രിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ പാർലമെന്റിൽ പ്രസ്താവന നടത്തണം.
അല്ലാതെ അർദ്ധരാത്രി സോഷ്യൽ മീഡിയായിൽ വീഡിയോ പോസ്റ്റ് ചെയ്യുകയല്ലവേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റിൽ പ്രസ്താവന നടത്തിയാൽ മാത്രമേ അദ്ദേഹത്തിന്റെ വാക്കുകളെ ആധികാരികമായി കണക്കാക്കാനാകൂ. രാത്രി 12ന് എവിടെയെങ്കിലും ഇരുന്ന് സംസാരിക്കുന്നതിനേക്കാൾ അദ്ദേഹം രാജ്യത്തിന്റെ പരമോന്നത സഭയിൽ വന്ന് പ്രസ്താവന നടത്തട്ടെ ഞങ്ങൾ കേൾക്കാമെന്നും ഖാർഗെ പറഞ്ഞു.
അതേസമയം പ്രതിപക്ഷ ആരോപണങ്ങളെ പ്രതിരോധിക്കാൻ ഭരണപക്ഷവും രംഗത്തെത്തി. ചോദ്യപേപ്പർ ചോർച്ച തടയുന്നതിനായി പ്രധാനമന്ത്രി ശക്തമായ നിയമനിർമാണം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു സഭയിൽ വ്യക്തമാക്കി. എന്നാൽ വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിലും പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മറുപടിയിലും കുറഞ്ഞതൊന്നും സ്വീകാര്യമല്ലെന്ന നിലപാടിലാണ് പ്രതിപക്ഷം.
Tags : ParliamentSession RajyaSabhaAdjourned OppositionUproar MallikarjunKharge NEETPaperLeak Parliament LokSabhaProtest Deepika DeepikaNewspaper BreakingNews